ഹിമാചൽ പ്രദേശിന്റെ 45 ശതമാനം പ്രദേശത്തും മണ്ണിടിച്ചിലിന് സാധ്യത; ആശങ്ക ഉയർത്തി ഐ.ഐ.ടി റിപ്പോർട്ട്

ഷിംല: ഹിമാചൽ പ്രദേശിലെ 45 ശതമാനത്തിലധികം പ്രദേശങ്ങളും മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, ഹിമപാതങ്ങൾ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾക്ക് സാധ്യതയുള്ളതാണെന്ന ഐ.ഐ.ടി റിപ്പോർട്ട് ആശങ്കയേറ്റുന്നു. റോപ്പറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി)യിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഹിമാചലിലെ അപകട സാധ്യതാ പ്രദേശങ്ങളുടെ മാപ്പിങ് നടത്തിയ ശേഷമാണ് റിപ്പോർട്ട് പുറത്തു വിട്ടത്. ഒന്നിലധികം ഐ.ഐ.ടികളിലെ ഗവേഷകരും ശാസ്ത്രജ്ഞരും നടത്തിയ വിശദമായ പഠനത്തിലൂടെയാണ് റിപ്പോർട്ട് തയാറാക്കിയത്. ഒരേസമയം ഒന്നിലധികം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയുന്നതിലൂടെ അവയുടെ ആഘാതം കുറക്കാനുള്ള നടപടികൾ മുൻകൂട്ടി എടുക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. ഫെബ്രുവരി 14 മുതൽ 15 വരെ ഐ.ഐ.ടി ബോംബെയിൽ നടന്ന ഇന്ത്യൻ ക്രയോസ്ഫിയർ മീറ്റിൽ ഇവർ തങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിച്ചു.

ഐ.ഐ.ടി റോപ്പറിലെ അസോസിയേറ്റ് പ്രഫസറായ റീത് കമാൽ തിവാരിയുടെ മേൽനോട്ടത്തിൽ ജിയോസ്പേഷ്യൽ ഡാറ്റ ഉപയോഗിച്ച് ഗവേഷക സംഘം നടത്തിയ പഠനത്തിൽ 5.9 ഡിഗ്രിക്കും 16.4 ഡിഗ്രിക്കും ഇടയിലുള്ള ചരിവുകളിലും, 1,600 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി കണ്ടെത്തി. അതോടൊപ്പം 16.8 ഡിഗ്രിക്കും 41.5 ഡിഗ്രിക്കും ഇടയിൽ ചരിവുള്ള ഉയർന്ന പ്രദേശങ്ങളിൽ ഹിമപാതത്തിനും മണ്ണിടിച്ചിലിനും സാധ്യത കൂടുതലാണെന്നും തിവാരി പറഞ്ഞു. കുത്തനെയുള്ള പർവത ചരിവുകളും 3,000 മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങളുമാണ് ഏറ്റവും ഉയർന്ന അപകടസാധ്യതയെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകൾ സാധാരണയായി താഴ്ന്ന ഉയരത്തിലുള്ള നദീതടങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നും ഉയർന്ന പർവതങ്ങൾ ഹിമപാത ഭീഷണി നേരിടുന്നുണ്ടെന്നും പഠനം ചൂണ്ടികാണിക്കുന്നു.

ഒരു ദുരന്തം സംഭവിക്കുന്നപക്ഷം ഈ മേഖലയിൽ തുടർ ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഗവേഷകർ ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും സമാനമായ പഠനങ്ങൾ നടക്കുന്നുണ്ടെന്ന് തിവാരി പറഞ്ഞു. ഉത്തരാഖണ്ഡിനെ സംബന്ധിച്ചുള്ള പഠനത്തിന് ഐ.ഐ.ടി റൂർക്കിയുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Landslides likely in 45 percent of Himachal Pradesh; IIT report raised concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.