മഞ്ഞു തടാകം വീണ്ടും പൊട്ടിത്തെറിച്ചേക്കാം; മുന്നറിയിപ്പ് സംവിധാനങ്ങൾ അനിവാര്യമെന്ന് പഠനം

ഗാങ്ടോക്ക്: 16 മാസം മുമ്പ് 55 പേരുടെ ജീവനെടുത്ത സിക്കിമിലെ സൗത്ത് ലൊനാക് മഞ്ഞു തടാകത്തിന്റെ പൊട്ടിത്തെറിക്കുശേഷം വീണ്ടും സമാന ദുരന്തം ആവർത്തിക്കാനുള്ള മുന്നറിയിപ്പുമായി പഠന സംഘം. ടീസ്റ്റ നദീതടത്തിലേക്ക് 20,000 ഒളിമ്പിക് നീന്തൽക്കുളങ്ങളുടെ അ​ത്ര വെള്ളം ഒഴുകിയെത്തിയതിനെ തുടർന്നുള്ള പ്രളയമാണ് അന്ന് വൻ നാശം വിതച്ചത്.

എന്നാൽ, മറ്റൊരു ഹിമ തടാകം പൊട്ടിത്തെറിക്കുന്ന വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി അന്താരാഷ്‌ട്ര ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പഠനം സൂചിപ്പിക്കുന്നു. ഹിമാനി തടാകങ്ങൾക്കെതിരെയുള്ള അപകടസാധ്യത ലഘൂകരണ തന്ത്രങ്ങളുടെയും മുന്നറിയിപ്പ് സംവിധാനങ്ങളുടെയും ആവശ്യകതയും ഇവർ അടിവരയിടുന്നു. പ്രകൃതിദത്ത പാറകളുടെയും അവശിഷ്ടങ്ങളുടെയും ദ്രവീകരണം മൂലം ഹിമ തടാകങ്ങളിൽ നിന്ന് പെട്ടെന്ന് വെള്ളം പുറന്തള്ളുന്നു.

ഗവേഷകർ ഉപഗ്രഹ ഇമേജറി, ഭൂകമ്പ, കാലാവസ്ഥാ ഡേറ്റ, ഫീൽഡ് നിരീക്ഷണങ്ങൾ, കമ്പ്യൂട്ടർ സിമുലേഷനുകൾ എന്നിവ സംയോജിപ്പിച്ചു നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഹിമ തടാകം പൊട്ടിയതിനെ തുടർന്ന് ഒലിച്ചുപോയ ചുങ്‌താങ്ങിൽ ഒരു അണക്കെട്ട് പുനഃർനിർമിക്കാനുള്ള നിർദേശത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ പാനൽ ജനുവരി 10 ന് അംഗീകാരം നൽകിയതിന് മൂന്നാഴ്ചക്ക് ശേഷമാണ് പഠനം.

സിക്കിമിലെ ഏറ്റവും വലിയ ജലവൈദ്യുത യൂനിറ്റായ 1,200 മെഗാവാട്ട് ടീസ്റ്റ III പ്രോജക്ട് ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പുതിയ അണക്കെട്ടിന് തിടുക്കപ്പെട്ട് അനുമതി നൽകുന്നതിനെതിരെ സിക്കിം-ഡാർജിലിങ് മേഖലയിൽ പൊതുജന എതിർപ്പ് ഉയർന്നുവരികയാണ്.

2023 ഒക്ടോബറിലെ ഹിമ തടാക പൊട്ടിത്തെറിയുടെ ആഘാതം അതിന്റെ ഉറവിടത്തിൽ നിന്ന് 385 കിലോമീറ്റർ വരെ എത്തി. വെള്ളപ്പൊക്കത്തിൽ 55 പേർ മരിക്കുകയും 74 പേരെ കാണാതാവുകയും ചെയ്തു. താഴ്‌വരയിൽ 40ലധികം ചെറിയ മണ്ണിടിച്ചിലുകൾക്കും ഇത് കാരണമായി.

സിക്കിമിലെ ടീസ്റ്റ V, ടീസ്റ്റ VI, ബംഗാളിലെ ടീസ്റ്റ ലോ ഡാമുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ജലവൈദ്യുത പദ്ധതികളെ വെള്ളപ്പൊക്കം ബാധിച്ചു. കാലാവസ്ഥാ-താപന ഫലങ്ങളും അതിനുമുമ്പുള്ള മഴയും നാശത്തിന്റെ ആക്കം കൂട്ടിയെന്നും ഇത് കൂട്ടിച്ചേർക്കുന്നു.

തടാകത്തിന്റെ ഇടതുവശം അസ്ഥിരമായിരുന്നുവെന്നും 2016നും 2023നും ഇടയിൽ വർഷത്തിൽ 10 മീറ്റർ ഉയരത്തിൽ തടാകത്തിലേക്ക് നീങ്ങിയിരുന്നതായും പറയുന്നു. ഹിമാലയത്തിലെ മഞ്ഞു തടാകങ്ങളുടെ അപകടസാധ്യതകൾ കുറക്കുന്നതിന് മുന്നറിയിപ്പ് സംവിധാനങ്ങൾ, ശക്തിപ്പെടുത്തിയ നിയന്ത്രണ ചട്ടക്കൂടുകൾ, ഹിമാനി തടാകങ്ങളോടുള്ള സമീപനങ്ങളിലെ മാറ്റം, ശക്തമായ തയാറെടുപ്പുകൾ, കമ്യൂണിറ്റി വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെയുള്ള ഒരു ബഹുമുഖ സമീപനം ആവശ്യമാണെന്ന് ഐ.ഐ.ടി ഭുവനേശ്വറിലെ ഗ്ലേഷ്യോളജിസ്റ്റും പഠനത്തിന്റെ പ്രധാന രചയിതാവുമായ ആഷിം സത്താർ പറഞ്ഞു. യു.എസ് റിസർച്ച് ജേണൽ ‘സയൻസി’ൽ ആണ് പഠനം പ്രസിദ്ധീകരിച്ചത്.

Tags:    
News Summary - Spectre of Sikkim lake burst rerun: Study points to need for early warning systems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.