തിരുവനന്തപുരം: ദേശീയ കടുവ കണക്കെടുപ്പിന്റെ തയാറെടുപ്പുകൾ സംസ്ഥാനത്തും തുടങ്ങി. കടുവകളുടെ എണ്ണം തിട്ടപ്പെടുത്താൻ രാജ്യവ്യാപകമായി നടത്തുന്ന ആറാമത്തെ കണക്കെടുപ്പാണിത്. ഡിസംബർ ഒന്നുമുതൽ ഏപ്രിൽ വരെ മൂന്ന് ഘട്ടങ്ങളിലായാണ് സർവേ. ഇതിനായുള്ള പരിശീലനങ്ങളുടെ സമയക്രമവും ഉപകരണങ്ങൾ വാങ്ങുന്നതിലെ പുരോഗതിയും വനം ആസ്ഥാനത്ത് വനം മേധാവി രാജേഷ് രവീന്ദ്രന്റെയും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണന്റെയും നേതൃത്വത്തിൽ വിലയിരുത്തി.
ഡിസംബർ ഒന്നുമുതൽ എട്ട് ദിവസം നീളുന്ന ആദ്യഘട്ടത്തിൽ പെരിയാർ, പറമ്പിക്കുളം കടുവ സങ്കേതങ്ങളടക്കം സംസ്ഥാനത്തെ 37 ഫോറസ്റ്റ് ഡിവിഷനുകളിലെ 673 ബ്ലോക്കുകളിൽ സർവേ നടത്തും. ഒന്നാം ഘട്ടത്തിൽ ശേഖരിച്ച വിവരങ്ങളുടെ വിശകലനമാണ് രണ്ടാംഘട്ടം. മൂന്നാം ഘട്ടമായ കാമറ ട്രാപ്പിങ് പെരിയാർ, പറമ്പിക്കുളം കടുവ സങ്കേതങ്ങളിലാണ് നടപ്പാക്കുക. ലഭ്യമായ എല്ലാ ഡേറ്റകളും പെരിയാർ, പറമ്പിക്കുളം ഫൗണ്ടേഷനുകൾ ശേഖരിച്ച് വിശകലനവും സംയോജനവും പൂർത്തിയാക്കി ഏപ്രിലിനകം ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് കൈമാറും. 2022ലാണ് മുമ്പ് ദേശീയ തലത്തിൽ കടുവകളുടെ കണക്കെടുപ്പ് നടന്നത്. അന്ന് രാജ്യത്താകെ 3,682 ഉം കേരളത്തിൽ 213 കടുവകളുള്ളതായാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.