ചിമ്പാൻസികൾക്കുമുണ്ട് ‘ഭാഷാഭേദം’

മനുഷ്യർ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത ഉച്ചാരണശൈലികളും ഭാഷാഭേദങ്ങളും വികസിപ്പിക്കുന്നതുപോലെ, ചിമ്പാൻസികളും അവ ജീവിക്കുന്ന സമൂഹത്തിനനുസരിച്ച് വ്യത്യസ്തമായ ശബ്ദരീതികൾ രൂപപ്പെടുത്തുന്നുണ്ടെന്ന് പുതിയ പഠനം. ചിരി, മുരളൽ, കരച്ചിലിന് സമാനമായ ശബ്ദങ്ങൾ തുടങ്ങിയവയുടെ ശബ്ദഘടന പരിശോധിച്ച ഗവേഷകർ, ചെറുപ്പം മുതൽ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ ചിമ്പാൻസികൾ പ്രത്യേക ‘ഡയലക്ടുകൾ’ വികസിപ്പിക്കുന്നതായി കണ്ടെത്തി.

കഴിഞ്ഞദിവസം ഒരു ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, ചിമ്പാൻസികളുടെ ആശയവിനിമയ ശബ്ദങ്ങൾ ജനിതകമായി മാത്രം നിശ്ചയിക്കപ്പെട്ടതും മാറ്റമില്ലാത്തതുമാണെന്ന മുൻധാരണയെ ചോദ്യം ചെയ്യുന്നതാണ്. വ്യത്യസ്ത ചിമ്പാൻസി സമൂഹങ്ങളിൽ കാണപ്പെടുന്ന ശബ്ദവ്യത്യാസങ്ങൾ എങ്ങനെ രൂപപ്പെടുകയും വികസിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് പുതിയ സൂചനകളും പഠനം നൽകുന്നു. സാംബിയയിലെ ചിംഫുൻഷി വൈൽഡ് ലൈഫ് ഓർഫനേജിലെയും താൻസനിയയിലെ ഗോംബെ നാഷനൽ പാർക്കിലെയും രണ്ട് ഭൂമിശാസ്ത്രപരമായി വേർതിരിഞ്ഞ ചിമ്പാൻസി സമൂഹങ്ങളിലെ കുഞ്ഞുങ്ങളുടെയും വളർച്ചയിലായ ചിമ്പാൻസികളുടെയും ശബ്ദങ്ങളാണ് ഗവേഷകർ താരതമ്യം ചെയ്തത്.

പരിശോധിച്ച എല്ലാ തരത്തിലുള്ള ശബ്ദങ്ങളിലും രണ്ട് കേന്ദ്രങ്ങളിലെയും ചിമ്പാൻസികളെ വേർതിരിച്ചറിയാൻ കഴിയുന്ന സവിശേഷതകൾ കണ്ടെത്തിയതായി ഗവേഷകർ പറഞ്ഞു. ചിമ്പാൻസികളുടെ വിവിധ ആശയവിനിമയ ശബ്ദങ്ങളിൽ സമൂഹാധിഷ്ഠിതമായ ‘ഡയലക്ടുകൾ’ നിലനിൽക്കുന്നുവെന്നതിനുള്ള സൂചനയാണിതെന്നും അവർ വ്യക്തമാക്കി. ചിമ്പാൻസികൾ പ്രായമാകുന്നതിനനുസരിച്ച് വിവിധ സമൂഹങ്ങൾ തമ്മിലുള്ള ശബ്ദവ്യത്യാസം കൂടുതൽ വ്യക്തമായതായും പഠനം കണ്ടെത്തി. അതായത്, ഇവയുടെ ശബ്ദപരമായ ആശയവിനിമയം ജനനസമയത്തുതന്നെ പൂർണമായി നിശ്ചയിക്കപ്പെടുന്നതല്ല; ചെറുപ്പകാലത്തെ സാമൂഹികവും പാരിസ്ഥിതികവുമായ അനുഭവങ്ങളിലൂടെ അത് തുടർന്നും രൂപപ്പെടുന്നു. മനുഷ്യരിൽ ചെറുപ്പകാലത്ത് വിവിധ സമൂഹങ്ങളിലെ ശബ്ദരീതികൾ ഏറക്കുറെ സമാനമായിരിക്കുമെങ്കിലും, വളർച്ചയോടെ പ്രദേശങ്ങളനുസരിച്ചുള്ള ഉച്ചാരണ വ്യത്യാസങ്ങൾ കൂടുതൽ പ്രകടമാകാറുണ്ട്. ഇതിന് സമാനമായി, വ്യത്യസ്ത ചിമ്പാൻസി സമൂഹങ്ങളിലെ കുഞ്ഞുങ്ങളും ചെറിയ തോതിലുള്ള വ്യത്യസ്ത ശബ്ദരീതികൾ പ്രകടിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തി.

ചില സമൂഹവിശേഷ ശബ്ദസവിശേഷതകൾ കുഞ്ഞുപ്രായത്തിൽ തന്നെ പ്രകടമായപ്പോൾ, മറ്റു ചിലത് വളർച്ചയുടെ പിന്നീടുള്ള ഘട്ടങ്ങളിലാണ് രൂപപ്പെട്ടത്. സാമൂഹിക ഇടപെടലുകൾ, ചുറ്റുപാടിലെ സാഹചര്യങ്ങൾ, ജനിതകമല്ലാത്ത മറ്റ് സ്വാധീനങ്ങൾ എന്നിവ ചിമ്പാൻസികളുടെ ആശയവിനിമയ രീതിയെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്നുണ്ടാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

Tags:    
News Summary - Chimpanzees also have 'language differences'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.