കടലിൽ ലയിക്കുന്ന പ്ലാസ്റ്റിക് കണ്ടെത്തി ജാപ്പനീസ് ശാസ്ത്രജ്ഞർ; മണ്ണിലെത്തിയാല്‍ ദിവസങ്ങൾക്കുള്ളിൽ നശിക്കും

പ്ലാസ്റ്റിക് ഭൂമിയിൽ അടിഞ്ഞു കൂടുന്നതിന്‍റെ പ്രത്യാഘാതങ്ങൾ കേവലം മനുഷ്യനെ മാത്രമല്ല സർവ ജീവജാലകങ്ങളെയും ബാധിക്കുന്നു. എന്നാൽ അവക്ക് പരിഹാരമായാണ് ജാപ്പനീസ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. സമുദ്രജലത്തിൽ വേഗത്തിൽ ലയിക്കുന്ന ബയോ ഡീഗ്രെയ്ഡബിള്‍ പ്ലാസ്റ്റിക്കുകള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ.

സമുദ്രത്തിൽ ക്രമാതീതമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞ് കൂടുന്നത് തടയുന്നതിന് ഈ കണ്ടുപിടിത്തം മുതൽകൂട്ടാണ്. ടോക്കിയോ സർവകലാശാലയിലെയും റൈക്കൻ സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസിലെയും ശാസ്ത്രജ്ഞരാണ് ഇത് വികസിപിച്ചെടുത്തത്.

പരമ്പരാഗത പെട്രോളിയം അധിഷ്ഠിത പ്ലാസ്റ്റിക്കുകൾക്ക് സമാനമായ ശക്തിയുള്ള ഇവ ഉപ്പുമായി സമ്പർക്കം പുലർത്തുമ്പോൾ വിഘടിക്കുന്നു. അവശിഷ്ടങ്ങൾ ഒന്നും അവശേഷിപ്പിക്കുകയുമില്ല. ടോക്കിയോക്കടുത്തുള്ള വാക്കോയിലെ ലാബിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്നും ഗവേഷകർ അറിയിച്ചു.

വിഷരഹിതവും തീയെ പ്രതിരോധിക്കാനുള്ള കഴിവും ഇതിനുണ്ട്. കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നില്ല എന്നതും മറ്റൊരു സവിശേഷതയാണ്. വീട്ടാവശ്യങ്ങൾക്കു മുതൽ എല്ലാ മേഖലയിലും ഇവ ഉപയോഗിക്കാവുന്നതാണ്. ഈ പ്ലാസ്റ്റിക് മണ്ണിലെത്തിയാല്‍ 10 ദിവസത്തിനുള്ളില്‍ നശിക്കുമെന്നും വിഘടന പ്രക്രിയയിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ടി മെച്ചപ്പെടുത്തുമെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.

സൂപ്പർമോളികുലാർ പോളിമറുകൾ എന്നറിയപ്പെടുന്ന വസ്തുക്കളിൽ പ്രഗത്ഭനായ തകുസോ ഐഡ മൂന്ന് പതിറ്റാണ്ടുകളായി നടത്തിയ പ്രവർത്തനങ്ങളുടെ പരിസമാപ്തിയാണ് പുതിയ പ്ലാസ്റ്റികുകളെന്ന് ഗവേഷകർ പറയുന്നു. ഈ കണ്ടുപിടിത്തം സർവ മേഖലക്കും മുതൽക്കൂട്ടായിരിക്കും. സുസ്ഥിര മാലിന്യ നിർമാർജനത്തിനും ഇത് ഉപകരിക്കും.

Tags:    
News Summary - Japanese Scientists Develop Plastic That Vanishes In Seawater

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.