ഇന്ത്യൻ ചെന്നായ കടുത്ത വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണ്. ഐ.യു.സി.എൻ (IUCN) നടത്തിയ ഏറ്റവും പുതിയ പഠനമനുസരിച്ച് ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ഏകദേശം 2,877 മുതൽ 3,310 വരെ (ഏകദേശം 3,000) എണ്ണം പൂർണ്ണ വളർച്ചയെത്തിയ ഇന്ത്യൻ ചെന്നായകളാണ് അവശേഷിക്കുന്നത്. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍റെ റെഡ് ലിസ്റ്റിൽ ഇവയെ 'ദുർബലം' എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഇന്ത്യയിലെ കണക്കുകൾ പ്രകാരം ഇവയെ 'വംശനാശഭീഷണി നേരിടുന്നത്' എന്ന വിഭാഗത്തിലും ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമം (1972) അനുസരിച്ച് ഇവയെ ഷെഡ്യൂൾ I-ൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഏറ്റവും ഉയർന്ന സംരക്ഷണം നൽകുന്ന വിഭാഗമാണ്.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ അവരുടെ റെഡ് ലിസ്റ്റിൽ ആദ്യമായാണ് ഇന്ത്യൻ ചെന്നായയെ ഒരു പ്രത്യേക ഉപവർഗ്ഗമായി പ്രത്യേകമായി വിലയിരുത്തുന്നത്. കാനിസ് ജനുസ്സിലെ ഒരു പ്രത്യേക ഇനമായി ഇന്ത്യൻ ചെന്നായയെ തരംതിരിക്കാനുള്ള സാധ്യത ഐ.യു.സി.എൻ മുന്നോട്ട് വെച്ചിരിക്കുന്നു. ജനിതകപരമായ പഠനങ്ങളിൽ ഇന്ത്യൻ ചെന്നായ മറ്റ് ചെന്നായകളിൽ നിന്ന് വളരെ മുമ്പ് വേർതിരിഞ്ഞതും ഏറ്റവും പുരാതനമായ വംശാവലി നിലനിർത്തുന്നതുമാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യൻ ചെന്നായയെ പ്രത്യേക ഇനമായി അംഗീകരിക്കുന്നത് ഇവയുടെ സംരക്ഷണത്തിനായി കൂടുതൽ ലക്ഷ്യമിട്ടുള്ളതും പ്രത്യേകവുമായ ഫണ്ടുകളും പദ്ധതികളും ലഭിക്കാൻ സഹായിക്കുമെന്നും ഐ.യു.സി.എൻ വ്യക്തമാക്കി.
സാധാരണയായി ഗ്രേ ചെന്നായ എന്നറിയപ്പെടുന്ന സ്പീഷിസാണ് നിലവിലുള്ളത്. ഇവ ഉൾപ്പെടുന്ന കാനിസ് ജനുസ്സിൽ ആണ് ഐ.യു.സി.എൻ നിലവിൽ ഏഴ് ഇനങ്ങളെ അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യൻ ചെന്നായയെ ഒരു പ്രത്യേക ഇനമായി അംഗീകരിക്കുകയാണെങ്കിൽ, കാനിസ് ജനുസ്സിലെ അംഗീകൃത ഇനങ്ങളുടെ എണ്ണം എട്ടായി വർധിച്ചേക്കാം. ഗ്രേ ചെന്നായ, കൊയോട്ടി, ഗോൾഡൻ ജക്കാൾ, എത്യോപ്യൻ ചെന്നായ, വളർത്തുനായ, ചുവന്ന ചെന്നായ, ആഫ്രിക്കൻ ചെന്നായ എന്നിവയാണ് ഈ ജനുസ്സിൽ ഉൾപ്പെടുന്നത്.
ഇന്ത്യൻ ചെന്നായക്ക് മറ്റ് ചെന്നായകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. ഹിമാലയൻ ചെന്നായകളേക്കാൾ വലിപ്പം കുറവാണിവക്ക്. ലോകത്തിലെ ചെന്നായ വർഗങ്ങളിൽ വെച്ച് ഏറ്റവും പുരാതനമായ വംശാവലിയിൽ ഒന്നാണ് ഇന്ത്യൻ ചെന്നായയുടേത്. ഇന്ത്യയിലെ കുറ്റിക്കാടുകൾ, പുൽമേടുകൾ, അർദ്ധ-വരണ്ട കാർഷിക-ഇക്കോസിസ്റ്റങ്ങൾ എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ഇവ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ് മറ്റ് ചെന്നായകളിൽ നിന്ന് വേർപിരിഞ്ഞതെന്ന് കരുതപ്പെടുന്നു. ഈ പ്രാധാന്യം കാരണം ഇവയെ പ്രത്യേക ഇനമായി പരിഗണിക്കാനുള്ള ശിപാർശകൾ വരുന്നുണ്ട്. ഇന്ത്യൻ ചെന്നായകളുടെ 85% ശതമാനത്തിലധികവും ദേശീയോദ്യാനങ്ങൾ പോലുള്ള ഔദ്യോഗിക സംരക്ഷിത മേഖലകൾക്ക് പുറത്താണ് ജീവിക്കുന്നത്. അതിനാൽ, വനം വകുപ്പിന്‍റെ സാധാരണ സംരക്ഷണ രീതികൾ ഇവക്ക് പലപ്പോഴും സഹായകരമാകാറില്ല.
മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളാണ് ഇവയുടെ പ്രധാന കേന്ദ്രങ്ങൾ. ചൂടുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ മറ്റ് ചെന്നായകളെപ്പോലെ കട്ടിയുള്ളതോ നീളമുള്ളതോ ആയ രോമക്കുപ്പായം ഇല്ല. ഇവയുടെ രോമം കനം കുറഞ്ഞതും ചെറുതുമാണ്. ഇളം ചാരനിറം കലർന്ന മഞ്ഞയോ ചുവപ്പ് കലർന്നതോ ആയ നിറമാണ് സാധാരണയായി കാണപ്പെടുന്നത്. വലിയ ചെന്നായകളെപ്പോലെ വലിയ കൂട്ടങ്ങളായി ജീവിക്കാതെ, ചെറിയ ഗ്രൂപ്പുകളായി അല്ലെങ്കിൽ ജോഡികളായാണ് ഇന്ത്യൻ ചെന്നായകൾ ജീവിക്കുന്നത്. ഇവ പ്രധാനമായും സന്ധ്യ മുതൽ പുലർച്ചെ വരെയാണ് വേട്ടയാടുകയും കൂടുതൽ സജീവമായിരിക്കുകയും ചെയ്യുന്നത്.
ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്, ഇവയുടെ ഭൂരിഭാഗം എണ്ണവും ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ തുടങ്ങിയ സംരക്ഷിത മേഖലകൾക്ക് പുറത്ത് മനുഷ്യരുമായി അടുത്താണ് ജീവിക്കുന്നത് എന്നതാണ്. ഇത് ഇവക്ക് വലിയ ഭീഷണിയുയർത്തുന്നുണ്ട്. കൃഷ്ണമൃഗം, ചിങ്കാര, മുയൽ തുടങ്ങിയ സസ്യഭോജികളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു. ഇത് പുൽമേടുകളിലെ സസ്യജാലങ്ങൾ അമിതമായി നശിക്കുന്നത് തടയുകയും ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. ഇവയെ സംരക്ഷിക്കുന്നത് വഴി ഈർപ്പമുള്ളതും വരണ്ടതുമായ പുൽമേടുകളെയും സംരക്ഷിക്കാൻ സാധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.