കുന്താപുരത്ത് കണ്ടെത്തിയ ഇരുമ്പുയുഗ ശിലാഫലകങ്ങൾ 

കുന്താപുരത്ത് ഇരുമ്പുയുഗ ശിലാഫലകങ്ങൾ കണ്ടെത്തി

മംഗളൂരു: ദേശീയ സാംസ്കാരിക സംഘടനയായ ആദിമ കല ട്രസ്റ്റ് അടുത്തിടെ നടത്തിയ പുരാവസ്തു പര്യവേക്ഷണത്തിനിടെ ഉഡുപ്പി ജില്ലയിലെ കുന്താപുരം താലൂക്കിൽ അയേൺ ഏജ് (ഇരുമ്പുയുഗം) മുതലുള്ള രണ്ട് പുരാതന ശിലാഫലകങ്ങൾ കണ്ടെത്തിയതായി സ്ഥാപക ഡയറക്ടറും പുരാവസ്തു ഗവേഷകനുമായ പ്രഫ. ടി. മുരുഗേശി അവകാശപ്പെട്ടു. നേർലെക്കട്ടെയിൽനിന്ന് ആജ്രിയിലേക്കുള്ള സംസ്ഥാനപാതയുടെ ഇടതുവശത്തുള്ള ദൈവദ ഹാഡിയിലെ ഹിൽകോഡിലാണ് നിൽക്കുന്ന രൂപത്തിൽ കല്ല് സ്ഥിതി ചെയ്യുന്നത്.

നാട്ടുകാർ ഇതിനെ നീച്ച ദൈവ അല്ലെങ്കിൽ ബൊബ്ബര്യ കല്ല് എന്നാണ് വിളിക്കുന്നത്. രണ്ടാമത്തെ നിൽക്കുന്ന കല്ല് അതേ താലൂക്കിലെ കെഞ്ചനൂർ ഗ്രാമത്തിലെ മാവിനകെരെ ഹാഡിയിൽ റോഡരികിൽ കണ്ടെത്തി. ഈ കുത്തനെയുള്ള കല്ലിന്റെ പകുതിയിൽ നാട്ടുകാർ അടുത്തിടെ തുണികെട്ടി രക്തേശ്വരിയായി ആരാധിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് പ്രഫ. മുരുഗേശി വാർത്താക്കുറിപ്പിൽ പറഞ്ഞു. മാവിനകരെ നിൽക്കുന്ന കല്ലിന് 112 സെന്റീമീറ്റർ ഉയരമുണ്ട്, വടക്കുപടിഞ്ഞാറോട്ട് അൽപം ചരിഞ്ഞിരിക്കുന്നു. ഹിൽക്കോട് കല്ലിന് ഏകദേശം 135 സെന്റീമീറ്ററാണ് ഉയരം. ഹിൽക്കോട് കല്ലിനടിയിൽ നടത്തിയ പരീക്ഷണ ഖനനത്തിൽ ചുവപ്പും ഓച്ചർ നിറവുമുള്ള മൺപാത്രങ്ങൾ കണ്ടെത്തി.

ഇത് പഴക്കത്തെ സൂചിപ്പിക്കുന്നു. മഹാശിലായുഗത്തിലെ ആളുകൾ പരമ്പരാഗതമായി ശവസംസ്കാര ചടങ്ങുകൾക്കുശേഷം സ്മാരകങ്ങളായി ശ്മശാന സ്ഥലങ്ങളിലോ സമീപത്തോ വലിയ കുത്തനെയുള്ള കല്ലുകൾ സ്ഥാപിച്ചിരുന്നു. അത്തരം കല്ലുകൾക്ക് സാധാരണയായി മൂന്ന് അടി മുതൽ 16 അല്ലെങ്കിൽ 17 അടി വരെ ഉയരമുണ്ട്. ദക്ഷിണേന്ത്യയിലുടനീളം ഇവ രക്കാസഗല്ലു, നിൽസ്കൽ, നിന്റിക്കൽലു, ഗർഭിനിയാർ കല്ലു, ബസുരിക്കൽ, അനേക്കല്ലു എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. മാവിനകരെയിലെയും ഹിൽക്കോഡിലെയും നിൽക്കുന്ന കല്ലുകൾ മെഗാലിത്തിക്ക് കാലഘട്ടത്തിന്റെ അവസാന ഘട്ടത്തിലേതാണ്.

ഹിൽക്കോഡു കല്ലിനടിയിൽനിന്ന് കണ്ടെത്തിയ മൺപാത്ര ശകലങ്ങൾ ഈ വിലയിരുത്തലിനെ പിന്തുണക്കുന്നു. ശിവമൊഗ്ഗ ജില്ലയിലെ ഹൊസനഗർ താലൂക്കിലെ നിൽസ്കലിലെയും ഹെരാഗൽ ഗ്രൂപ്പിലെയും നിൽക്കുന്ന കല്ലുകൾ ഏകദേശം ബി.സി 800 പഴക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. കുന്താപുരത്തുനിന്ന് പുതുതായി കണ്ടെത്തിയ കല്ലുകൾ ബി.സി 300നും എ.സി ഒന്ന് അല്ലെങ്കിൽ രണ്ട് നൂറ്റാണ്ടിനും ഇടയിലുള്ളതാണെന്ന് കണക്കാക്കപ്പെടുന്നു.

മെഗാലിത്തിക്ക് കാലഘട്ടത്തിലെ അവശിഷ്ടങ്ങൾ തുളുനാടിന്റെ സാംസ്കാരിക ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രഫ. മുരുഗേശി അഭിപ്രായപ്പെട്ടു. അത്തരം പൈതൃക ഘടനകൾ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണത്തിൽ സഹായിച്ച വിശ്വനാഥ് ഗുൽവാഡി, സുധാകർ ഷെട്ടി, കൃഷി ഓഫിസർ സി. നാഗരാജ് ഷെട്ടി, ഹിൽക്കോട് മഞ്ജു പൂജാരി, അടിമകലാ റിസർച് ടീം അംഗങ്ങളായ മുരുളീധർ ഹെഗ്‌ഡെ (ഇടൂർ-കുഞ്ഞാടി), ശ്രേയസ് ബന്തക്കൽ, ഗൗതം ബെൽമാൻ എന്നിവരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Iron Age stone slabs discovered in Kunthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.