ബാലി: ഇന്തോനേഷ്യയിലെ സജീവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ആറ് മൈലിലധികം ഉയരത്തിൽ ആകാശത്തേക്ക് ഒരു വലിയ ചാര മേഘത്തെ തുപ്പി. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.35നാണ് മൗണ്ട് ലെവോട്ടോബി ലക്കി ലക്കി പർവതം പൊട്ടിത്തെറിച്ചത്. തെക്കൻ-മധ്യ ഇന്തോനേഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ഫ്ലോറസിന് മുകളിൽ 6.8 മൈൽ (11 കിലോമീറ്റർ) ചൂടുള്ള ചാരക്കൂമ്പാരം അഴിച്ചുവിട്ടതായി രാജ്യത്തെ ജിയോളജി ഏജൻസി പറഞ്ഞു.
ഓറഞ്ച് കൂൺ ആകൃതിയിലുള്ള മേഘം 93 മൈൽ (150 കിലോമീറ്റർ) അകലെ വരെയുള്ള മേഖലയെ വലയം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഉദ്യോഗസ്ഥർ രാജ്യത്തെ ഏറ്റവും വലിയ അപായ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും വിനോദസഞ്ചാരികളോട് അകന്നു നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇത് വിനോദസഞ്ചാര ദ്വീപായ ബാലിയിലേക്കും തിരിച്ചുമുള്ള ഡസൻ കണക്കിന് വിമാന സർവിസുകളെ തടസ്സപ്പെടുത്തുകയും റദ്ദാക്കുകയും ചെയ്തു. ഡെൻപസാർ അന്താരാഷ്ട്ര വിമാനത്താവള വെബ്‌സൈറ്റ് പ്രകാരം ബാലിയിൽ ഡസൻ കണക്കിന് വിമാനങ്ങൾ നിർത്തിവച്ചു. ജക്കാർത്തയിലേക്കും ലോംബോക്കിലേക്കും ആസ്‌ട്രേലിയ, ചൈന, ഇന്ത്യ, മലേഷ്യ, ന്യൂസിലാൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും അവയിൽ ഉൾപ്പെടുന്നു.
ചെറു സ്ഫോടനങ്ങൾക്കു പിന്നാലെയാണ് വൻ സ്ഫോടനം നടന്നത്. രണ്ട് മണിക്കൂറിനുള്ളിൽ 50 വരെ ചെറു സ്ഫോടനങ്ങൾ ഉണ്ടായി. തുടർന്ന് 1,584 മീറ്റർ ഉയരമുള്ള ഇരട്ട അഗ്നിപർവ്വതം ബുധനാഴ്ച രാവിലെ വീണ്ടും പൊട്ടിത്തെറിച്ചു.
സമീപത്തുള്ള രണ്ട് ഗ്രാമങ്ങളിലെ ഡസൻ കണക്കിന് താമസക്കാരെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ട്. സ്ഫോടനത്തെ തുടർന്നുണ്ടായ ഗർത്തത്തിൽ നിന്ന് അഞ്ച് മൈൽ (8 കിലോമീറ്റർ) ചുറ്റളവിൽ അപകടമേഖലായി പ്രഖ്യാപിച്ചു. കൂടാതെ അഗ്നിപർവ്വതത്തിൽ നിന്ന് ഒഴുകുന്ന ലാവാ പ്രവാഹത്തിന്റെ കാരണമായി കനത്ത മഴക്ക് സാധ്യതയുള്ളതായി താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആയിരത്തിലധികം വിനോദസഞ്ചാരികളെ ബാധിച്ചതായി ഒരു പ്രാദേശിക ടൂർ ഓപ്പറേറ്റർ പറഞ്ഞു. പ്രത്യേകിച്ച് ബാലിയിലേക്കും കൊമോഡോ ഡ്രാഗണുകൾക്ക് പേരുകേട്ട കൊമോഡോ ദേശീയോദ്യാനത്തിലേക്കും യാത്ര ചെയ്യുന്നവരെ.
മെയ് മാസത്തിലാണ് മൗണ്ട് ലെവോട്ടോബി ലക്കി ലക്കി അവസാനമായി പൊട്ടിത്തെറിച്ചത്. ഇതെത്തുടർന്ന് അധികാരികൾ അതീവ ജാഗ്രത പുലർത്തി. കഴിഞ്ഞ നവംബറിൽ അഗ്നിപർവ്വതം നിരവധി തവണ പൊട്ടിത്തെറിച്ച് ഒമ്പത് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് ആളുകളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തിരുന്നു.
270 ദശലക്ഷം ആളുകൾ താമസിക്കുന്ന ഇന്തോനേഷ്യയിൽ 120 സജീവ അഗ്നിപർവ്വതങ്ങളുണ്ട്. കൂടാതെ പതിവായി ഭൂകമ്പങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നു. പസഫിക് ബേസിനെ ചുറ്റിപ്പറ്റിയുള്ള കുതിരലാടത്തിന്റെ ആകൃതിയിലുള്ള ഭൂകമ്പ വിള്ളൽ രേഖകളുടെ ഒരു പരമ്പരയായ ‘റിംഗ് ഓഫ് ഫയർ’ എന്ന സ്ഥലത്തിനടുത്താണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.