കടുവകളെ സ്വീകരിക്കാൻ കാടൊരുങ്ങിയില്ല; കംബോഡിയൻ പദ്ധതി മാറ്റിവെച്ച് ഇന്ത്യ

ന്യൂഡൽഹി: കംബോഡിയയിൽ ബംഗാൾ കടുവകളെ വീണ്ടും പുനരധിവസിപ്പിക്കാനുള്ള ഇന്ത്യ-കംബോഡിയ സംയുക്ത പദ്ധതി 2025ൽ നിന്ന് 2028ലേക്ക് മാറ്റിവെച്ചു. നിർദേശിച്ചിരിക്കുന്ന വനമേഖലയിൽ കടുവകളുടെ ദീർഘകാല നിലനിൽപ്പിന് ആവശ്യമായ ഇരമൃഗങ്ങളുടെ ലഭ്യത ഇപ്പോഴും പര്യാപ്തമല്ലെന്ന് വിലയിരുത്തലിൽ കണ്ടെത്തിയതോടെയാണ് തീരുമാനം.

തെക്കുപടിഞ്ഞാറൻ കംബോഡിയയിലെ കർഡമം മലനിരകളിലുള്ള 9.26 ലക്ഷം ഹെക്ടർ വിസ്തൃതിയുള്ള ക്രവാൻ ദേശീയോദ്യാനത്തിലാണ് കടുവകളെ വീണ്ടും എത്തിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. കംബോഡിയയിലെ അവസാനമായി സ്ഥിരീകരിക്കപ്പെട്ട കടുവ 2007ലാണ് കാമറ ട്രാപ്പിൽ പതിഞ്ഞത്. തുടർന്ന് 2016ൽ രാജ്യത്ത് കടുവകൾ വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

2020ൽ നടത്തിയ ഒരു പഠനത്തിൽ, കർഡമം മഴക്കാടുകളിൽ നിലവിലുള്ള ഇരമൃഗങ്ങളുടെ ലഭ്യത കടുവകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് പരിമിതിയാണെന്ന് കണ്ടെത്തി. . 25 ഒാളം പ്രായപൂർത്തിയായ കടുവകളെ  താങ്ങാനുള്ള ആവാസവ്യവസ്ഥയുടെ ശേഷി അവിടെ കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടി. അതേസമയം അഞ്ച് കടുവകളടങ്ങിയ ചെറിയൊരു കൂട്ടത്തെ നിലനിർത്താൻ ആവശ്യമായ ഇരകൾ ഉണ്ടാകാനുള്ള സാധ്യത 80 ശതമാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

മതിയായ ഇരമൃഗങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ കടുവകളെ വിട്ടയക്കുന്നത് വിജയകരമാകാൻ സാധ്യത കുറവാണെന്നും ജീവശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2028 വരെ  ഇരമൃഗങ്ങളുടെ എണ്ണം വർധിപ്പിക്കൽ, വേട്ടക്കണ്ണികൾ ഇല്ലാതാക്കൽ, വനസംരക്ഷണ പട്രോളിംഗ് ശക്തിപ്പെടുത്തൽ തുടങ്ങിയ നടപടികൾ കംബോഡിയൻ അധികൃതർ നടപ്പാക്കും. ഈ നടപടികൾ പൂർത്തിയായ ശേഷമായിരിക്കും ഇന്ത്യയിൽ നിന്ന് കടുവകളെ കംബോഡിയയിലേക്ക് മാറ്റാനുള്ള പദ്ധതി മുന്നോട്ടുപോകുക.

Tags:    
News Summary - Forests not ready to welcome tigers; India shelves Cambodia project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.