'അവർക്ക് ആരോടും ഒരു ദയയുമില്ല'; വിളവെടുപ്പിന് തൊട്ടുമുമ്പ് ഫലസ്തീനിലെ ഒലിവ് തോട്ടങ്ങൾ വേരോടെ പിഴുതെറിയുന്ന ഇസ്രായേലിന്റെ 'ബുൾഡോസർ രാജ്'

റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ കർഷകർ ആവേശത്തോടെ കാത്തിരുന്ന വർഷാന്ത ഒലിവ് വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഫലസ്തീനികളുടെ ഏക്കറുകണക്കിന് ഒലിവ് തോട്ടങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തെറിഞ്ഞ് ഇസ്രായേൽ സൈന്യം. റാമല്ലയ്ക്ക് സമീപമുള്ള ദേർ നിധാം ഗ്രാമത്തിലാണ് ഫലസ്തീൻ കർഷകരുടെ പ്രധാന ഉപജീവനമാർഗ്ഗത്തിന് മേൽ ഇസ്രായേലി മിലിട്ടറി ബുൾഡോസറുകൾ റോളർ കയറ്റി നാശം വിതച്ചത്.

തലമുറകളായി പരിപാലിച്ചുപോന്ന ഒലിവ് മരങ്ങൾ കണ്ണുമുന്നിൽ വെച്ച് സൈന്യം പിഴുതെറിയുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ ഗ്രാമീണർക്ക് സാധിച്ചുള്ളൂ എന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ആരംഭിച്ച നടപടികൾ ചൊവ്വാഴ്ചയും തുടർന്നതായി ഫലസ്തീൻ വാർത്താ ഏജൻസിയായ 'വാഫ'യും വ്യക്തമാക്കി. തങ്ങളുടെ കുടുംബ ഭൂമിയിലെയും അയൽവാസികളുടെയും ഒലിവ് മരങ്ങൾ സൈന്യം പൂർണ്ണമായും നശിപ്പിച്ചതായി പ്രദേശവാസിയായ കർഷകൻ അബ്ദ് അൽ ഫത്താഹ് തമീമി പറഞ്ഞു.

"അവർക്ക് ആരോടും ഒരു ദയയുമില്ല. എന്നാൽ മുകളിൽ ദൈവമുണ്ട്, ഞങ്ങൾ ഞങ്ങളുടെ ആത്മാവുകൊണ്ട് ഈ മണ്ണിൽ ഉറച്ചുനിൽക്കും. അവർ എത്ര മരങ്ങൾ പിഴുതെറിഞ്ഞാലും, ദൈവത്തിന്റെ സഹായത്തോടെ ഞങ്ങൾ അത് വീണ്ടും ഈ മണ്ണിൽ നട്ടുപിടിപ്പിക്കും," അബ്ദ് അൽ ഫത്താഹ് തമീമി നിശ്ചയദാർഢ്യത്തോടെ പറഞ്ഞു.

സാധാരണയായി ഒക്ടോബർ മാസത്തോടെയാണ് വെസ്റ്റ് ബാങ്കിൽ ഒലിവ് വിളവെടുപ്പ് സീസൺ ആരംഭിക്കുന്നത്. കർഷകർക്ക് ഏറ്റവും വലിയ സാമ്പത്തിക നഷ്ടം വരുത്തിവെക്കുക എന്ന വഞ്ചനാപരമായ ലക്ഷ്യത്തോടെയാണ് വിളവെടുപ്പ് കാലത്തിന് തൊട്ടുതലേന്ന് ഇസ്രായേൽ സൈന്യം ഈ അതിക്രമം നടത്തിയത്. തങ്ങളുടെ തോട്ടത്തിൽ നിന്ന് മാത്രം പ്രതിവർഷം 120 ഡ്രമ്മോളം ഒലിവ് എണ്ണ ഉത്പാദിപ്പിച്ചിരുന്നതായി മറ്റൊരു കർഷകനായ നാഥർ തമീമി പറഞ്ഞു. ഗ്രാമത്തിലെ വീടുകൾക്കിടയിൽ നിർത്തിയിരുന്ന പലതരം മരങ്ങൾ പോലും ഇസ്രായേൽ സൈന്യം വെറുതെ വിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഇസ്രായേൽ സൈന്യം ഇതുവരെ തയ്യാറായിട്ടില്ല. സൈന്യത്തിന് നേർക്കുണ്ടാകുന്ന ആക്രമണങ്ങളും സുരക്ഷാ ഭീഷണികളും ഒഴിവാക്കാനാണ് ഒലിവ് മരങ്ങൾ നീക്കം ചെയ്യുന്നത് എന്നാണ് സാധാരണയായി ഇസ്രായേൽ മുന്നോട്ട് വെക്കാറുള്ള ന്യായീകരണം. എന്നാൽ ഈ വാദത്തെ പലസ്തീനിലെ മനുഷ്യാവകാശ സംഘടനകൾ പൂർണ്ണമായി തള്ളിക്കളയുന്നു. കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കാനും, സ്വന്തം മണ്ണുമായുള്ള ഫലസ്തീൻ ജനതയുടെ ചരിത്രപരവും വൈകാരികവുമായ ബന്ധത്തെ തകർക്കാനുമാണ് ഇത്തരം കടന്നാക്രമണങ്ങളെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

ഫലസ്തീൻ അതോറിറ്റിയുടെ 'കോളനൈസേഷൻ ആൻഡ് വാൾ റെസിസ്റ്റൻസ് കമ്മീഷൻ' പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം ഇസ്രായേലി ആക്രമണങ്ങളിൽ 21,508 മരങ്ങൾക്കാണ് നാശനഷ്ടമുണ്ടായത്. ഇതിൽ 19,375 എണ്ണവും ഒലിവ് മരങ്ങളായിരുന്നു. ഫലസ്തീനിലെ പ്രാദേശിക ആവശ്യത്തിന് പ്രതിവർഷം 15,000 ടൺ ഒലിവ് ആവശ്യമായിരിക്കെ, ഈ വർഷം 21,000 ടൺ ഉത്പാദനമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിളവെടുപ്പിന് തൊട്ടുമുമ്പ് ഇസ്രായേൽ ആരംഭിച്ച ഈ നശീകരണപ്രവർത്തനങ്ങൾ കർഷകരുടെ ജീവിതത്തെയും കാർഷിക മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.


Tags:    
News Summary - 'അവർക്ക് ആരോടും ഒരു ദയയുമില്ല'; വിളവെടുപ്പിന് തൊട്ടുമുമ്പ് ഫലസ്തീനിലെ ഒലിവ് തോട്ടങ്ങൾ വേരോടെ പിഴുതെറിയുന്ന ഇസ്രായേലിന്റെ 'ബുൾഡോസർ രാജ്'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.