വരൾച്ചബാധിത കർഷകർക്ക് 2,500 രൂപ വീതം; കർണാടകയിൽ 1,250 കോടിയുടെ ദുരിതാശ്വാസം

ബെംഗളൂരു: കർണാടകയിലെ വരൾച്ചബാധിത കർഷകർക്ക് 2,500 രൂപ വീതം ഇൻപുട്ട് സബ്സിഡി നൽകുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര. 46 മുതൽ 50 ലക്ഷം വരെ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി സംസ്ഥാന സർക്കാരിന് 1,250 കോടി രൂപയുടെ ചെലവ് വരും.

സംസ്ഥാനത്തെ 177 താലൂക്കുകൾ ഇതുവരെ വരൾച്ചബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചതായും 50 താലൂക്കുകൾ കൂടി പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും റവന്യൂ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പരമേശ്വര നിയമസഭയിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് നടത്തുന്ന സ്ഥലതല പരിശോധനക്ക് ശേഷമായിരിക്കും കൂടുതൽ താലൂക്കുകളെ പട്ടികയിൽ ഉൾപ്പെടുത്തുക.

താലൂക്കുകൾ പട്ടികയിൽ ഉൾപ്പെടുത്തിയത് കോൺഗ്രസ് നേതാക്കളുടെ സമ്മർദത്തെ തുടർന്നാണെന്ന ആരോപണം പരമേശ്വര നിഷേധിച്ചു.വരൾച്ചയെക്കുറിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ 11 മണിക്കൂർ 45 മിനിറ്റ് ചർച്ച നടത്തിയിട്ടും സർക്കാർ പ്രഖ്യാപിച്ച സഹായം അപര്യാപ്തമാണെന്ന് ആരോപിച്ച് ബി.ജെ.പി പ്രതിഷേധിച്ച് സഭയിൽനിന്ന് ഇറങ്ങിപ്പോയി.

കാർഷിക വായ്പകൾക്ക് 12 മാസത്തെ മൊറട്ടോറിയം

വരൾച്ചബാധിത താലൂക്കുകളിൽ കിസാൻ ക്രെഡിറ്റ് കാർഡ്, കാർഷിക, അനുബന്ധ മേഖലകളിലെ വായ്പകൾക്ക് 12 മാസത്തെ തിരിച്ചടവ് മൊറട്ടോറിയം അനുവദിച്ചതായും പരമേശ്വര അറിയിച്ചു. മിതമായ രീതിയിൽ വരൾച്ച ബാധിച്ച താലൂക്കുകളിൽ തിരിച്ചടവ് കാലാവധി 36 മാസമായും ഗുരുതരമായി ബാധിച്ച താലൂക്കുകളിൽ 60 മാസമായും നീട്ടാൻ സാധിക്കും.

വിളവായ്പകൾ എഴുതിത്തള്ളണമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി ഡി.കെ. ശിവ.കുമാർ ആവശ്യം അംഗീകരിച്ചില്ല. പകരം കർഷകർക്ക് കൂടുതൽ കേന്ദ്രസഹായം ലഭ്യമാക്കുന്നതിനായി പ്രധാനമന്ത്രിയെ കാണുന്ന സർവകക്ഷി സംഘത്തിൽ ബി.ജെ.പി ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 101 താലൂക്കുകളിലെ വരൾച്ചമൂലമുള്ള നഷ്ടം 18,000 കോടി രൂപയാണെന്നാണ് സർക്കാരിന്റെ പ്രാഥമിക കണക്ക്. ഇതിന്റെ അടിസ്ഥാനത്തിൽ 3,500 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് മെമ്മോറാണ്ടം നൽകിയിട്ടുണ്ട്. കൂടുതൽ താലൂക്കുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി തുടർ മെമ്മോറാണ്ടങ്ങൾ നൽകുമെന്നും പരമേശ്വര പറഞ്ഞു.

Tags:    
News Summary - ₹2,500 each for drought-hit farmers: Karnataka provides ₹1,250 crore relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.