അനന്ത് അംബാനിക്ക് ന്യൂകാസിൽ സർവകലാശാലയിൽ 'സുസ്ഥിരത' പ്രൊഫസർ പദവി; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ
ലണ്ടൻ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകനും വ്യവസായിയുമായ അനന്ത് അംബാനിക്ക് ബ്രിട്ടനിലെ ന്യൂകാസിൽ സർവകലാശാല സുസ്ഥിരത (Sustainability) വിഷയത്തിൽ ‘പ്രൊഫസർ ഓഫ് പ്രാക്ടീസ്’ പദവി നൽകിയതിനെതിരെ പരിസ്ഥിതി പ്രവർത്തകരുടെയും അക്കാദമിക് വിദഗ്ധരുടെയും വിമർശനം ശക്തമാകുന്നു.
വന്യജീവി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, മൃഗക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അനന്ത് അംബാനിക്ക് ബഹുമതി നൽകിയതെന്ന് സർവകലാശാല അറിയിച്ചു. സുസ്ഥിരമായ ഭാവി സൃഷ്ടിക്കുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകളെയും അംഗീകരിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തികളിലൊരാളായ മുകേഷ് അംബാനിയുടെ മകനായ 31 കാരൻ അനന്ത് അംബാനി, റിലയൻസ് ഗ്രൂപ്പിന്റെ ഹരിത ഊർജ പദ്ധതികൾക്ക് നേതൃത്വം നൽകുന്നവരിൽ ഒരാളാണ്. ഗുജറാത്തിലെ ജാംനഗറിനടുത്തുള്ള 1,400 ഹെക്ടർ വിസ്തൃതിയിലുള്ള ‘വന്താര’ വന്യജീവി സംരക്ഷണ-പുനരധിവാസ കേന്ദ്രത്തിന്റെ സ്ഥാപകനുമാണ്. ഭരണകക്ഷിയായ ബി.ജെ.പിയുമായും അംബാനി കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ വന്താരയിലേക്ക് എത്തിച്ച ചില വന്യജീവികളുടെ ഉറവിടത്തെക്കുറിച്ച് മുൻപ് തന്നെ സംരക്ഷണ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ നിയമവിരുദ്ധമായി കടത്തിയെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ വന്താരക്കെതിരെ ഇതുവരെ നിയമലംഘനം തെളിയിക്കപ്പെട്ടിട്ടില്ല.
പ്രമുഖ പരിസ്ഥിതി ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സുസ്ഥിരത രംഗത്ത് ഇന്ത്യയിൽ ഏറെ സംഭാവനകൾ നൽകിയ നിരവധി ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും ഉള്ള സാഹചര്യത്തിൽ ഈ നിയമനം ആശ്ചര്യകരമാണെന്ന് പ്രതികരിച്ചു. സർവകലാശാല ആവശ്യമായ പരിശോധനകൾ നടത്തിയോയെന്നും അദ്ദേഹം ചോദിച്ചു.
ന്യൂകാസിൽ സർവകലാശാലയിലെ യൂണിവേഴ്സിറ്റി ആൻഡ് കോളജ് യൂണിയൻ ശാഖാ അധ്യക്ഷൻ പ്രൊഫ. മാറ്റ് പെറി, നിയമനത്തിനെതിരെ ജീവനക്കാരിൽ നിന്നും എതിർപ്പുയർന്നതായി പറഞ്ഞു. സർവകലാശാലകൾ അധികാരത്തെയും കോർപ്പറേറ്റുകളെയും ചോദ്യം ചെയ്യേണ്ട ഇടങ്ങളാണെന്നും, അവർക്കു അക്കാദമിക് അംഗീകാരം നൽകുന്നത് ആശങ്കാജനകമാണെന്നും സസ്സെക്സ് സർവകലാശാലയിലെ പ്രൊഫ. ലൈല മെഹ്ത അഭിപ്രായപ്പെട്ടു.
2025-ൽ ജർമൻ മാധ്യമമായ സ്യൂഡ്ഡോയ്‌ച്ചെ സൈറ്റുങ് നടത്തിയ അന്വേഷണത്തിൽ വന്താരയിലേക്ക് കൊണ്ടുവന്ന ചില മൃഗങ്ങളുടെ ഇറക്കുമതിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. തുടർന്ന് ഐക്യരാഷ്ട്രസഭയുടെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരം നിയന്ത്രിക്കുന്ന സൈറ്റ്സ് നടത്തിയ പരിശോധനയിൽ ചില ഇറക്കുമതി രേഖകളെക്കുറിച്ചും സംശയങ്ങൾ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, വന്യജീവി കടത്ത് ആരോപണങ്ങൾ അംബാനി കുടുംബവും വന്താരയും നിഷേധിച്ചിട്ടുണ്ട്. മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, പുനരധിവാസം, സംരക്ഷണം എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അവരുടെ വിശദീകരണം. വന്താരയിലൂടെയുള്ള വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളും റിലയൻസ് ഗ്രൂപ്പിന്റെ ഹരിത ഊർജ പരിവർത്തന ശ്രമങ്ങളും പരിഗണിച്ചാണ് അനന്ത് അംബാനിക്ക് പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി നൽകിയതെന്ന് ന്യൂകാസിൽ സർവകലാശാല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.