എൽ നിനോ ശക്തം: മൺസൂൺ പിൻവാങ്ങുന്നു; രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശം വരൾച്ചാ ഭീഷണിയിൽ

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങിത്തുടങ്ങിയതിന് പിന്നാലെ രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശങ്ങളിലും വരൾച്ചാ സാഹചര്യം തുടരുന്നതായി റിപ്പോർട്ട്. നിലവിലെ വരൾച്ചയുടെ വ്യാപ്തിയും ദൈർഘ്യവും 2015-16ലെ വരൾച്ചയേക്കാൾ രൂക്ഷമാണെന്ന് കാലാവസ്ഥാ ഗവേഷകർ മുന്നറിയിപ്പ് നൽകി.

ഐ.ഐ.ടി ഗാന്ധിനഗറിന്റെ 'ഇന്ത്യ ഡ്രോട്ട് മോണിറ്ററിന്റെ' റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ 16ന് രാജ്യത്തിന്റെ 52.5 ശതമാനം പ്രദേശവും വരണ്ടതോ വരൾച്ചാ സാഹചര്യത്തിലോ ആയിരുന്നു. ഒരു മാസം മുമ്പ് ഇത് 38.9 ശതമാനമായിരുന്നു. അതായത് വരൾച്ചാ ബാധിത പ്രദേശങ്ങളിൽ ഏകദേശം 35 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്.

ഐ.ഐ.ടി ബോംബെയിലെ 'സെന്റർ ഫോർ ക്ലൈമറ്റ് സ്റ്റഡീസ് റിപ്പോർട്ടിൽ, ഇത്തവണത്തെ വരൾച്ച 2015-16ലെ വരൾച്ചയേക്കാൾ വ്യാപകമാണ്. മൺസൂൺ കാലത്ത് തുടർച്ചയായ മഴ ലഭിക്കാതെ മഴയും വരണ്ട കാലാവസ്ഥയും മാറിമാറി വന്നതാണ് പ്രധാന കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 22 വരെ രാജ്യത്ത് 706.9 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ട 832.4 മില്ലിമീറ്ററിനെ അപേക്ഷിച്ച് 15 ശതമാനം കുറവ്. ഐ.എം.ഡിയുടെ മാനദണ്ഡപ്രകാരം രാജ്യത്തെ മൊത്തം മഴ ഇപ്പോഴും ‘സാധാരണ’ വിഭാഗത്തിലാണെങ്കിലും, 41 ശതമാനം പ്രദേശത്ത് സീസണൽ മഴ കുറവാണ് രേഖപ്പെടുത്തിയത്.

പടിഞ്ഞാറൻ ഇന്ത്യയിലാണ് വരൾച്ചാ സാഹചര്യം ഏറ്റവും രൂക്ഷം. മേഖലയിലെ 79 ശതമാനം പ്രദേശവും വരണ്ടതോ വരൾച്ചാ സാഹചര്യത്തിലോ ആണ്. തെക്കൻ ഇന്ത്യയിൽ ഇത് 67 ശതമാനവും വടക്കുകിഴക്കൻ മേഖലയിൽ 62 ശതമാനവും വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 47 ശതമാനവുമാണ്.

കേരളത്തിലും മഴക്കുറവ് വലിയ തോതിലുണ്ട്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 20 വരെ സംസ്ഥാനത്ത് സാധാരണയേക്കാൾ 28 ശതമാനം മഴ കുറവാണ് ലഭിച്ചത്.  മഴക്കുറവിനൊപ്പം പല മേഖലകളിലും മണ്ണിലെ ഈർപ്പവും കുറഞ്ഞിട്ടുണ്ട്. 

ഖാരിഫ് കൃഷിക്കും തിരിച്ചടി

വരൾച്ചാ സാഹചര്യം ഖാരിഫ് കൃഷിയെയും ബാധിച്ചതിന്റെ സൂചനകൾ കൃഷി വിസ്തൃതിയിലെ കുറവിൽ പ്രകടമാണ്. സെപ്റ്റംബർ 11 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ഖാരിഫ് കൃഷി വിസ്തൃതി 1,096.49 ലക്ഷം ഹെക്ടറാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 1,112.54 ലക്ഷം ഹെക്ടറായിരുന്നു.

നെൽകൃഷിയിലാണ് പ്രധാന കുറവ്. 426.81 ലക്ഷം ഹെക്ടറിലാണ് ഇത്തവണ നെൽകൃഷി നടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 17 ലക്ഷം ഹെക്ടർ കുറവാണിത്. കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നെൽകൃഷി വിസ്തൃതിയിൽ ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തിയത്.

മൺസൂണിന് പിന്നാലെ ആരംഭിക്കുന്ന റാബി കൃഷിയെയും വരൾച്ച ബാധിച്ചേക്കുമെന്നാണ് ആശങ്ക. മൺസൂൺ മഴ മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും ജലസംഭരണികൾ നിറക്കുന്നതിനും ഭൂഗർഭജലനിരപ്പ് ഉയർത്തുന്നതിനും നിർണായകമാണ്.

ഇതിനിടെ ഉഷ്ണമേഖലാ പസഫിക്കിൽ എൽ നിനോ ശക്തിപ്പെടുന്നത് ആശങ്ക വർധിപ്പിക്കുന്നു. എൽ നിനോ പ്രതിഭാസം 2027 ഫെബ്രുവരി വരെ തുടരാൻ സാധ്യതയുണ്ടെന്നാണ് ലോക കാലാവസ്ഥാ സംഘടനയുടെ വിലയിരുത്തൽ. ഇത് വിവിധ പ്രദേശങ്ങളിൽ മഴയിലും താപനിലയിലും വ്യതിയാനങ്ങൾക്ക് കാരണമാകാമെന്നാണ് മുന്നറിയിപ്പ്.

എൽ നിനോ മൂലമുള്ള കാർഷിക പ്രതിസന്ധിക്ക് സാധ്യതയുള്ള 315 ജില്ലകളെ കേന്ദ്ര കൃഷിമന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ ജലസേചന സൗകര്യം 25 ശതമാനത്തിൽ താഴെയുള്ള 111 ജില്ലകളെ ഉയർന്ന മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.

Tags:    
News Summary - El Nino strengthens: Monsoon withdraws; over half of the country under drought threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.