മുട്ടയെന്ന് കരുതി പാമ്പ് വിഴുങ്ങിയത് മൂന്ന് ഗോൾഫ് പന്തുകൾ; ശസ്ത്രക്രിയയില്ലാതെ പുറത്തെടുത്ത് ഡോക്ടർമാർ
സാൻ അന്റോണിയോ: പാമ്പ് വിഴുങ്ങിയ ഗോൾഫ് പന്തുകൾ ശസ്ത്രക്രിയ ഇല്ലാതെ പുറത്തെടുത്ത് യു.എസിലെ വെറ്ററിനറി ഡോക്ടർമാർ. ടെക്സസിലുള്ള സാൻ അന്റോണിയോയിലെ സൗത്ത് ടെക്സസ് ഏവിയൻ ആൻഡ് എക്സോട്ടിക് ആശുപത്രിയാണ് വിചിത്ര ചികിത്സ നടത്തിയത്. പാമ്പിന്റെ വയറിൽ കുടുങ്ങിയ മൂന്ന് പന്തുകൾ വിദഗ്ധ സംഘം അതീവ ശ്രദ്ധയോടെ പുറത്തെടുക്കുകയായിരുന്നു. സംഭവം ആശുപത്രി അധികൃതർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
മരുന്ന് നൽകി മയക്കിയ ശേഷമാണ് വെറ്ററിനറി സംഘം പാമ്പിന് ചികിത്സ നൽകിയത്. ശരീരത്തിനുള്ളിൽ കുടുങ്ങിയ ഗോൾഫ് പന്തുകൾ ഓരോന്നായി പാമ്പിന്റെ വായിലേക്കെത്തിക്കുന്ന തരത്തിൽ വളരെ ശ്രദ്ധയോടെ പുറത്തേക്ക് നീക്കുകയായിരുന്നു. ഓരോ ഗോൾഫ് പന്തും വായിലെത്തിയതിന് പിന്നാലെ പാമ്പ് വായ തുറന്നു. തുടർന്ന് ഡോക്ടർമാർ അതീവ ശ്രദ്ധയോടെ പന്ത് പുറത്തെടുക്കുകയായിരുന്നു. പാമ്പിന്റെ ശരീരത്തിൽ രണ്ട് ഗോൾഫ് പന്തുകൾ കൂടി കുടുങ്ങിക്കിടക്കുന്നതും പങ്കുവെച്ച വിഡിയോയിൽ വ്യക്തമായി കാണാം.
ഭാഗ്യവശാൽ പാമ്പിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നില്ല. ശക്തമായ മയക്കത്തിലായിരുന്ന പാമ്പിന്റെ ശരീരം കൈകൊണ്ട് സൂക്ഷ്മമായി നിയന്ത്രിച്ചാണ് മൂന്ന് ഗോൾഫ് പന്തുകളും സുരക്ഷിതമായി പുറത്തെടുത്തത് എന്ന് ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. എക്സോട്ടിക് മൃഗങ്ങളുടെ ചികിത്സാരംഗത്ത് അപ്രതീക്ഷിതമായ പലതരം കേസുകൾ എത്താറുണ്ടെന്ന് ആശുപത്രി വ്യക്തമാക്കി. ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ചാവാം പാമ്പ് ഗോൾഫ് പന്തുകൾ വിഴുങ്ങിയത്. ഇത് സമൂഹമാധ്യമങ്ങളിൽ ഏറെ കൗതുകമുണ്ടാക്കിയിട്ടുണ്ട്. പന്തുകൾ മുട്ടകളാണെന്ന് കരുതിയാകാം പാമ്പ് അവ വിഴുങ്ങിയതെന്നും ചിലർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.