ലോകത്തിലെ കൊതുക് രഹിത പ്രദേശങ്ങളിൽ ഒന്നായി കണക്കാക്കിയിരുന്ന ഐസ്‍ലാൻഡിലും ഒടുവിൽ കൊതുകിനെ കണ്ടെത്തി. ഐസ്ലാൻഡിലെ നാച്യുറൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് കൊതുകിനെ കണ്ടെത്തിയതായി സ്ഥിതീകരിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ പൊതുവെ കണ്ടുവരുന്ന ‘കുലിസെറ്റ ആനൂലാറ്റ’ എന്ന ഇനത്തിൽ പെട്ട കൊതുകുകളാണിവയെന്ന് തിരിച്ചറിഞ്ഞു.
റെയ്ക്കാജാവിക്കിലെ ക്ജോസ് മുനിസിപ്പാലിറ്റിയിൽ ചിത്രശലഭങ്ങളെ ആകർഷിക്കുന്നതിനായി റെഡ് വൈനിൽ മുക്കിയ പൂന്തോട്ടക്കയറിലാണ് ഒരു ആൺ കൊതുകിനെയും രണ്ട് പെൺകൊതുകുകളെയും കണ്ടെത്തിയത്. കൊതുകുകളുടെ ചിത്രങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് പങ്കുവച്ചിട്ടുണ്ട്.
ദ്വീപിൽ എങ്ങനെയാണ് കൊതുകുകൾ എത്തിയതെന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും കാർഗോ ഷിപ്പിങ്, വ്യാപാരം, വർധിച്ച യാത്ര എന്നിവയാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഐസ്ലാൻഡിൽ കൊതുകിനെ കണ്ടെത്തിയതിൽ ആഗോളതാപനത്തിനും ബന്ധമുണ്ടായിരിക്കാം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധമുണ്ടെന്ന് ആസ്ട്രേലിയയിലെ ക്യൂ.ഐ.എം.ആറിലെ ബെർഗോഫർ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയും കൊതുക് പരത്തുന്ന വൈറസുകളിൽ വിദഗ്ധയായ കാർലേ വിയാരെയും പറയുന്നു.
ലോകത്തിൽ അന്റാർട്ടിക്കയും ഐസ്ലാൻഡും മാത്രമാണ് കൊതുക് രഹിത പ്രദേശമായി ഇതുവരെ കണക്കാക്കപ്പെട്ടിരുന്നത്. ഐസ്ലാൻഡിൽ രക്തംകുടിയൻമാരായ കൊതുകുകളെ കണ്ടെത്തിയതോടെ ഇവിടം ഇനിമുതൽ കൊതുക് മുക്തമായിരിക്കില്ല.
ഐസ്ലാൻഡിൽ അസാധാരണമാം വിധം ഉയർന്ന ചൂട് രേഖപ്പെടുത്തിയ വർഷമായിരുന്നു 2025. വർധിച്ച് വരുന്ന ആഗോള താപനിലയും മിതമായ ശൈത്യകാലവും കൊതുകുകൾക്ക് അതിജീവിക്കാനും പ്രജനനം നടത്താനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. ഈ വർഷം ആദ്യമായി ഐസ്ലാൻഡിൽ ഉയർന്ന താപനില രേഖപ്പെടുത്തി. 2025 ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടേറിയ വർഷമായും കണക്കാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.