ഇന്തോനേഷ്യയിലെ തെക്കുപടിഞ്ഞാറൻ പാപ്പുവ പ്രവിശ്യയിലെ ചെറിയ ദ്വീപുകളുടെ ഒരു കൂട്ടമായ ‘രാജ ആംപത്’ ദ്വീപസമൂഹത്തെ ‘സമുദ്രങ്ങളുടെ ആമസോൺ’ എന്നാണ് വിളിക്കുന്നത്. ഭൂമിയിലെ ഏറ്റവും ജൈവവൈവിധ്യമുള്ള സമുദ്ര ആവാസവ്യവസ്ഥകളിലൊന്നാണിത്. എന്നാൽ, ഇവയെ തുടച്ചുനീക്കാൻ പര്യാപ്തമായ ഒരു നശീകരണ പ്രവൃത്തി ഇവിടെ നടന്നുവരുന്നുണ്ട്.
ഇലക്ട്രിക് വാഹന ബാറ്ററികളിലും സ്റ്റെയിൻലെസ് സ്റ്റീലിലും ഉപയോഗിക്കുന്ന നിക്കലിനായുള്ള ഖനനമാണത്. സമീപ വർഷങ്ങളിൽ അവിടെ ഖനനം വർധിച്ചുവെന്ന് ‘ഗ്ലോബൽ വിറ്റ്‌നസ്’ എന്ന സംഘടന പറയുന്നു. നിക്കൽ ഖനനം വനങ്ങളെയും മലിന ജലത്തെയും എങ്ങനെ നശിപ്പിച്ചുവെന്ന് ഈ പരിസ്ഥിതി പ്രവർത്തകർ ഡ്രോണിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളിൽ നിന്നും മനസ്സിലാവും.
ഇവർ നടത്തിയ ഒരു നീക്കത്തിന്റെ ഫലമായി ഈ ആഴ്ച ഇന്തോനേഷ്യൻ സർക്കാർ ഈ മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ച് ഖനന കമ്പനികളിൽ നാലെണ്ണത്തിന്റെയും പെർമിറ്റുകൾ റദ്ദാക്കി. 2024 ഡിസംബറിൽ എടുത്ത ഒരു ഫോട്ടോയിൽ രാജാ ആംപതിലെ കവേയ് ദ്വീപിലെ ഖനന പ്രവർത്തനങ്ങൾ കാണിക്കുന്നുണ്ട്. രാജാ ആംപതിന്റെ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ട ഒരു ലോക പൈതൃകമാണെന്ന് ഇന്തോനേഷ്യയിലെ പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയിൽ പറയുകയുണ്ടായി. ഈ പ്രദേശത്ത് നടക്കുന്ന ഖനന പ്രവർത്തനങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നുവെന്നും എന്നാൽ, ഒരു അന്വേഷണത്തിന്റെ ഭാഗമായി ഗ്ലോബൽ വിറ്റ്‌നസ് എടുത്ത ഫോട്ടോഗ്രാഫുകൾ ഇതിനകം പാരിസ്ഥിതിക നാശം സംഭവിച്ചതായി കാണിക്കുന്നുവെന്നും മന്ത്രാലയം സമ്മതിച്ചു.
വനനഷ്ടത്തിനു പുറമെ, ജൈവവൈവിധ്യമുള്ള പവിഴപ്പുറ്റുകളുടെ ആവാസ കേന്ദ്രമായ സമുദ്രത്തിലേക്ക് ഖനനത്തിന്റെ അവശിഷ്ടങ്ങൾ ഒഴുകിപ്പോകുന്നതും ആകാശ ചിത്രങ്ങൾ കാണിക്കുന്നു. 2020 നും 2024 നും ഇടയിൽ ദ്വീപസമൂഹത്തിലെ ഒന്നിലധികം ചെറിയ ദ്വീപുകളിലായി ഖനനത്തിനുള്ള ഭൂവിനിയോഗം 500 ഹെക്ടർ വർധിച്ചതായി (ഏകദേശം 700 ഫുട്ബോൾ പിച്ചുകൾക്ക് തുല്യം) ഗ്ലോബൽ വിറ്റ്‌നസ് പുറത്തുവിട്ടു.
എന്നാൽ, ഖനന കമ്പനികൾ നിയമനടപടി സ്വീകരിച്ചാൽ സർക്കാറിന്റെ തീരുമാനം റദ്ദാക്കപ്പെടുമെന്ന ആശങ്കയിലാണ് ഗ്രീൻപീസ് ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകൾ. നിക്കൽ നിക്ഷേപം സമ്പന്നമായ ഗാഗ് ദ്വീപിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിക്ക് അതിന്റെ പ്രവർത്തനങ്ങൾ തുടരാൻ അനുമതി നൽകിയിട്ടുണ്ട്. അവിടെ സംഭവിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾ പുനഃസ്ഥാപിക്കാൻ ഉത്തരവിടുമെന്ന് സർക്കാർ അറിയിച്ചെങ്കിലും.
ഖനന അനുമതികൾ റദ്ദാക്കാനുള്ള സർക്കാറിന്റെ തീരുമാനത്തിൽ താൻ അതിശയിച്ചുവെന്നും വളരെ സന്തോഷവാനാണെന്നും പവിഴപ്പുറ്റ് സംരക്ഷകനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. മാർക്ക് എർഡ്മാൻ പറഞ്ഞു. ഇത് സമുദ്ര ജൈവവൈവിധ്യത്തിന്റെ ആഗോള പ്രഭവ കേന്ദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർണായക ധാതുക്കൾ എന്നറിയപ്പെടുന്നവയുടെ ആവശ്യകത ലോകമെമ്പാടുമുള്ള സാമ്പത്തിക തീരുമാനങ്ങളെ രൂപപ്പെടുത്തുന്നു. അന്താരാഷ്ട്ര ജലാശയങ്ങളിലെ ആഴക്കടലിൽ നിന്നുള്ള ലോഹ നോഡ്യൂളുകൾ ഖനനം ചെയ്യുന്നത് ആരംഭിക്കാനുള്ള യു.എസ് പ്രസിഡന്റ് ട്രംപിന്റെ സമീപകാല എക്സിക്യൂട്ടിവ് ഉത്തരവിന്റെ പ്രേരകശക്തിയായിരുന്നു ഇത്. ചൈന നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച ഒരു നീക്കമാണിത്.
സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാക്കുന്നത് ഇന്തോനേഷ്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക പ്രതിസന്ധിയാണെന്ന് ഡോ. എർഡ്മാൻ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ധാരാളം നിക്കൽ ഉണ്ട്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അതിൽ ചിലത് ഭൂമിയിൽ നിന്ന് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
വലിയ ദ്വീപായ ഇന്തോനേഷ്യയിൽ രാജ്യത്തിന്റെ ഭൂരിഭാഗത്തും നിക്കൽ നിക്ഷേപങ്ങളുമുണ്ട്. ഖനന പ്രവർത്തനങ്ങൾ ദാരിദ്ര്യം ചെറിയതോതിൽ കുറച്ചതായി ഗവേഷണം തെളിയിച്ചു. എന്നാൽ പ്രാദേശിക ജല, വായു മലിനീകരണം വർധിച്ചതുൾപ്പെടെ ‘പരിസ്ഥിതി ക്ഷേമത്തിൽ ഗണ്യമായ വഷളാകൽ’ സംഭവിച്ചു.
ഇന്തോനേഷ്യ നിക്കൽ വിപണിയിൽ ആഗോളതലത്തിൽ സ്ഥാനം പിടിക്കുന്നുവെങ്കിലും എന്നാൽ പ്രാദേശികമായി എന്താണ് സംഭവിക്കുന്നതെന്ന് മറക്കരുത് എന്നത് പ്രധാനമാണെന്ന് ഗവേഷക സംഘത്തിലെ ഡോ. ലോ മുന്നറിയിപ്പു നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.