ഇവിടെയിതാ, സ്വന്തമായി വനമുള്ള വിദ്യാലയം

കൊടകര: സ്വന്തമായി വനമുള്ള വിദ്യാലയമാണ് ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള ഇഞ്ചക്കുണ്ട് ഗ്രാമത്തിലെ ലൂർദ്പുരം ഗവ. യു.പി സ്കൂള്‍. പക്ഷികള്‍ പാടുന്ന, മാനുകൾ ഓടിക്കളിക്കുന്ന, മലയണ്ണാനും കാട്ടുകോഴിയും വിഹരിക്കുന്ന കൊച്ചുവനം സ്വന്തമായുള്ളൊരു വിദ്യാലയം സംസ്ഥാനത്തുതന്നെ വേറെയില്ല. വിദ്യാലയത്തിനു പിറകുവശത്ത് ഒരേക്കറോളം വിസ്തൃതിയിലാണ് വിവിധയിനം വൃക്ഷങ്ങള്‍ തിങ്ങിവളരുന്ന സ്വാഭാവിക വനമുള്ളത്. അരനൂറ്റാണ്ടോളമായി ഈ കാട് ഇഞ്ചക്കുണ്ട് സ്കൂളിന് സ്വന്തമായുണ്ടെങ്കിലും ഇതിനെ പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ചത് അടുത്തകാലത്താണ്. 'എ.പി.ജെ അബ്ദുല്‍ കലാം ജൈവ വൈവിധ്യ ഉദ്യാനം' എന്നാണ് വനത്തിന് പേര്.

ആദ്യകാല കുടിയേറ്റ കര്‍ഷകരുടെ ഗ്രാമമായ ഇഞ്ചക്കുണ്ടില്‍ 1961ലാണ് പ്രാഥമിക വിദ്യാലയം ആരംഭിച്ചത്. കുടിയേറ്റ കര്‍ഷകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സൗകര്യത്തിനായി ഇഞ്ചക്കുണ്ട് ക്രൈസ്തവ ദേവാലയത്തിന്‍റെ നേതൃത്വത്തിലാണ് ഭൂമി കണ്ടെത്തി വിദ്യാലയം സ്ഥാപിച്ചത്. കുന്നിന്‍ചരിവില്‍ ലഭ്യമായ മൂന്നേക്കറോളം വരുന്ന സ്ഥലത്തിന്‍റെ വഴിയോരത്തെ ഭാഗം നിരപ്പാക്കി അവിടെ കെട്ടിടം നിർമിച്ചാണ് വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയത്. ബാക്കിയുള്ള സ്ഥലം വെറുതെ ഇടുകയും ചെയ്തു. പ്രവര്‍ത്തനം തുടങ്ങി ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്കൂള്‍ സര്‍ക്കാറിന് കൈമാറി. പിന്നീടാണ് പിറകുവശത്തെ കുറച്ചു ഭാഗം നിരത്തി കളിസ്ഥലം നിർമിച്ചത്. ശേഷിച്ച ഭൂമി വനമായിത്തന്നെ കിടന്നു. കളിസ്ഥലത്തോട് അടുത്ത് കിടക്കുന്ന ഒരേക്കറോളം സ്ഥലം ക്രമേണ കാടായി മാറുകയായിരുന്നു. പക്ഷികള്‍ കൊണ്ടിടുന്ന വിത്തുകള്‍ മുളച്ചാണ് സ്കൂളിനോടു ചേര്‍ന്ന് സ്വാഭാവിക വനം രൂപപ്പെട്ടത്.

വടവൃക്ഷവും ഔഷധസസ്യങ്ങളും കാട്ടുവള്ളികളും കുറ്റിക്കാടും നിറഞ്ഞ സ്കൂള്‍ വനത്തെ സംരക്ഷിച്ച് കാമ്പസിന്‍റെ ഭാഗമാക്കി മാറ്റിയെടുത്തത് കവി പ്രകാശന്‍ ഇഞ്ചക്കുണ്ട്, മുന്‍ പിടി.എ പ്രസിഡന്‍റ് പി.പി. പീതാംബരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്. സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളായ കുട്ടികളെ ഉള്‍പ്പെടുത്തി വനംവകുപ്പിന്‍റെ സഹകരണത്തോടെ സ്കൂള്‍ വനത്തിലെ വൃക്ഷങ്ങളെ തരംതിരിച്ച് അപൂര്‍വവും ഔഷധഗുണങ്ങളുള്ളതുമായ അറുപതോളം വൃക്ഷങ്ങളെ കണ്ടെത്തി. ഒട്ടേറെ വള്ളിച്ചെടികളും കണ്ടെത്തി. ഇവയുടെയെല്ലാം പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ച് ജൈവ വൈവിധ്യ രജിസ്റ്ററും തയാറാക്കി പ്രസിദ്ധീകരിച്ചു. കാടുമുഴക്കി, വേഴാമ്പല്‍, കുയില്‍ എന്നിവക്കു പുറമെ ചൂളക്കാക്ക, കാവി, സ്വര്‍ഗവാതില്‍പക്ഷി തുടങ്ങിയ എണ്ണമറ്റ പക്ഷികളാണ് ഈ കൊച്ചുവനത്തില്‍ കാണപ്പെടുന്നത്. ദേശാടകരായ വിവിധ പക്ഷിയിനങ്ങളുടെ ഇടത്താവളമാണ് ഇപ്പോള്‍ ഇഞ്ചക്കുണ്ട് സ്കൂളിലെ ഈ ചെറിയ വനഭൂമിയെന്ന് പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പ്രകാശന്‍ ഇഞ്ചക്കുണ്ട് സാക്ഷ്യപ്പെടുത്തുന്നു. കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം മനുഷ്യസ്പര്‍ശമില്ലാതെ കിടന്ന സ്കൂള്‍ വനത്തിലേക്ക് കൂടുതല്‍ പക്ഷിമൃഗാദികള്‍ എത്തിയിട്ടുണ്ട്.

Tags:    
News Summary - Here is a school with its own forest - lourdupuram school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.