പച്ചത്തുരുത്തുകൾ വീണ്ടെടുക്കാൻ

കൊച്ചി: 2019ൽ ആരംഭിച്ചെങ്കിലും പലയിടത്തും നിലച്ചുപോയ പച്ചത്തുരുത്ത് പദ്ധതിക്ക് പുതുജീവൻ നൽകാനൊരുങ്ങി ഹരിത കേരളം മിഷൻ. സംസ്ഥാനത്തുടനീളം 2902 പച്ചത്തുരുത്തുകൾക്കാണ് പുനരുജ്ജീവനമാകുക. 2019ൽ പരിസ്ഥിതി ദിനത്തിലാണ് പദ്ധതി ആരംഭിച്ചതെങ്കിലും പിന്നീട് കാര്യമായ പരിപാലനമില്ലാത്തതിനെത്തുടർന്ന് മിക്കയിടത്തും നാശത്തിന്‍റെ വക്കിലെത്തി.

പൊതുസ്ഥലങ്ങളിലുൾപ്പെടെ തരിശ് ഭൂമി കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയ സസ്യങ്ങളുമുൾപ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ സൃഷ്ടിച്ച്​ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത്തരത്തിൽ പുറമ്പോക്കുകൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് പച്ചത്തുരുത്തുകൾ സ്ഥാപിച്ചത്. അരസെന്റ് മുതൽ വിസ്തൃതിയുള്ള ഭൂമിയിലാണ് പച്ചത്തുരുത്തുകൾ. സംസ്ഥാനത്തുടനീളം 841.27 ഏക്കർ പച്ചത്തുരുത്താണ്​ സ്ഥാപിച്ചത്. ഇതിൽ ഏറ്റവുമധികം കാസർകോട് ജില്ലയിലാണ് -146.70 ഏക്കറുകളിലായി 657 എണ്ണം. വയനാട് ജില്ലയിലാണ് കുറവ്​ -21.19; ഏക്കറിൽ 63 എണ്ണം.

 

ഇവിടങ്ങളിൽ കൂടുതൽ വൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും നട്ടുവളർത്തുകയും തുരുത്തുകൾക്ക് പുതുജീവൻ നൽകുകയും ചെയ്യും. ആവശ്യമുള്ളിടങ്ങളിൽ ജൈവവേലിയും സ്ഥാപിക്കും. നിലവിലെ സ്ഥിതിയും മറ്റും പരിശോധിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് ഹരിത കേരളം മിഷൻ അധികൃതർ വ്യക്തമാക്കി.

വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം, ജൈവവൈവിധ്യ ബോർഡ്, കൃഷി വകുപ്പ്, പരിസ്ഥിതി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പുതുതായി പദ്ധതി നടപ്പാക്കുക. സൗജന്യമായാണ് വിത്തുകൾ നൽകുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് തുടർപരിപാലനം.

Tags:    
News Summary - Haritha Keralam Mission is all set to give new life to Pachathuruth project.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.