പ്ലേറ്റിൽ വിളമ്പുന്ന കാൻസർ: യൂറോപ്പ് നിരോധിച്ച മാരക രാസവസ്തുക്കൾ ഇന്ത്യൻ വിപണിയിൽ തഴച്ചുവളരുന്നു

ന്യൂഡൽഹി: യൂറോപ്യൻ രാജ്യങ്ങളിൽ മനുഷ്യാരോഗ്യത്തിനും പരിസ്ഥിതിക്കും അതീവ ഹാനികരമെന്ന് കണ്ട് നിരോധിച്ച മാരകമായ കീടനാശിനികളും കളനാശിനികളും ഇന്ത്യൻ കൃഷിയിടങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. വിദേശരാജ്യങ്ങൾ ഗുണനിലവാരമില്ലെന്ന് കണ്ട് തള്ളിക്കളയുന്ന അതേ രാസവസ്തുക്കൾ കലർന്ന ഭക്ഷണമാണ് കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്ലേറ്റുകളിലേക്ക് എത്തുന്നതെന്ന് 'ഇന്ത്യാ ടുഡേ' പുറത്തുവിട്ട അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ സൈന്യം വനങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച 'ഏജന്റ് ഓറഞ്ച്' എന്ന രാസായുധത്തിന്റെ പ്രധാന ഘടകമായ '2,4-ഡി' (2,4-D) എന്ന കളനാശിനി ഇന്നും ഇന്ത്യയിലെ ഗോതമ്പ്, നെൽപ്പാടങ്ങളിൽ വ്യാപകമായി തളിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ  കാൻസർ ഗവേഷണ ഏജൻസി ഇത് മനുഷ്യരിൽ കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ലോകമെമ്പാടുമുള്ള 74-ലധികം രാജ്യങ്ങളിൽ പൂർണ്ണമായി നിരോധിച്ച 'പാരാക്വാറ്റ്' എന്ന അതീവ മാരകമായ കളനാശിനി ഇന്ത്യയിൽ നിയമപരമായി വിൽക്കപ്പെടുന്നുണ്ട്. ഇത് ശ്വാസകോശത്തിനും വൃക്കകൾക്കും ഗുരുതരമായ കേടുപാടുകൾ വരുത്തുന്നതാണ്. ഇതിനുപുറമെ, ഡി.എൻ.എ ഘടനയെ തകർക്കുമെന്ന കണ്ടെത്തലിനെ തുടർന്ന് 31 രാജ്യങ്ങൾ നിരോധിച്ച 'ഡൈമെത്തോയേറ്റ്', 2015 ൽ ഡബ്ള്യൂ.എച്ച്.ഒയും ഐ.ആർ.എ.സിയും അന്താരാഷ്ട്ര തലത്തിൽ കാൻസർ സാധ്യത സ്ഥിരീകരിച്ച 'ഗ്ലൈഫോസേറ്റ്' എന്നിവയും ഇന്ത്യൻ വിപണിയിൽ സുലഭമാണ്. അസിഫേറ്റ് എന്ന കീടനാശിനിയും തേനീച്ചകളുടെയും മറ്റും എണ്ണം കുറയുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്കും കാരണമാകുന്നുവെന്നുളള റിപ്പോർട്ടുകളുമുണ്ട്.

യൂറോപ്യൻ യൂണിയൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, അനുവദനീയമായതിലും കൂടുതൽ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ (2024 മെയ് മുതൽ 2026 മെയ് വരെ) മാത്രം 365 ഇന്ത്യൻ ഭക്ഷ്യോത്പന്നങ്ങളാണ് യൂറോപ്യൻ രാജ്യങ്ങൾ നിരസിക്കുകയോ തിരിച്ചയക്കുകയോ ചെയ്തത്. കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ വിദേശരാജ്യങ്ങൾ കർശന പരിശോധന നടത്തുമ്പോൾ, ഇന്ത്യൻ വിപണിയിൽ സാധാരണക്കാർ വാങ്ങുന്ന ഭക്ഷണസാധനങ്ങളിൽ ഇത്തരം യാതൊരു സുരക്ഷാ പരിശോധനകളും നടക്കുന്നില്ല.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണം ഭീതിജനകമായ രീതിയിലാണ് ഉയരുന്നത്. 2022-ൽ 14.6 ലക്ഷമായിരുന്ന പുതിയ കാൻസർ കേസുകൾ 2025 ആയപ്പോഴേക്കും ഏകദേശം 15.7 ലക്ഷമായി ഉയർന്നു. കാൻസറിന് പല കാരണങ്ങളുണ്ടെങ്കിലും, നിത്യേനയുള്ള ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന ഇത്തരം മാരക രാസവസ്തുക്കളുടെ സാന്നിധ്യം ഒഴിവാക്കാനാകാത്ത ഘടകമാണെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

രാസവസ്തുക്കളെ പിന്തുണക്കുന്നവർ പറയുന്നത്, രാസ കീടനാശിനികളും കളനാശിനികളും ഇല്ലാതെ ആധുനിക കൃഷി ഫലപ്രദമായി മുന്നോട്ടുപോകാനാകില്ല എന്നാണ്. ഇവ നിരോധിച്ചാൽ കർഷകർക്ക് തിരിച്ചടിയാകുമെന്നും, കൃഷിരീതികൾ താളം തെറ്റുമെന്നും, വിളവ് കുറയുകയും ഉൽപ്പാദനച്ചെലവ് ഉയരുകയും ചെയ്യുമെന്നുമാണ് അവരുടെ വാദം.

ഇന്ത്യ ഇത്തരം രാസവസ്തുക്കളെ ആശ്രയിക്കുന്നത് തുടരണമോ, അതോ കൂടുതൽ മുൻകരുതലുകൾ അടിസ്ഥാനമാക്കിയുള്ള സമീപനത്തിലേക്ക് മാറണമോ എന്നത് നയരൂപീകരണ ചുമതലയുള്ളവർ തീരുമാനിക്കേണ്ട വിഷയമാണ്. അന്താരാഷ്ട്ര തലത്തിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ രാസവസ്തുക്കൾക്ക് ഇന്ത്യൻ റഗുലേറ്ററി അതോറിറ്റികൾ ഇപ്പോഴും അനുമതി നൽകുന്നു. വിദേശികളുടെ ജീവന് നൽകുന്ന അത്രയും വില ഇന്ത്യൻ ജനതയുടെ ജീവന് അധികാരികൾ കൽപ്പിക്കുന്നില്ലേ എന്ന ചോദ്യമാണ് ഈ പ്രതിസന്ധി ഉയർത്തുന്നത്.

Tags:    
News Summary - Cancer on a Plate: Deadly chemicals banned by Europe thrive in the Indian market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.