ഗംഗ അതീവ ഗുരുതരാവസ്ഥയിൽ; മേൽപ്പരപ്പിൽ പോലും പ്ലാസ്റ്റിക് മാലിന്യമെന്ന് ഗവേഷകർ

ഡെറാഡൂൺ:  ഉൽഭവ സ്ഥാനത്തിനോടടുത്തുള്ള ഗംഗാ നദിയുടെ മേൽപ്പരപ്പിൽ പോലും ഗുരുതരമായ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തി ഗവേഷകർ. നദിയുടെ  സർവവ്യാപിയായ നാശത്തിന്റെ അവസ്ഥ വെളിവാക്കുന്നതാണ് പുതിയ തെളിവുകൾ. ദേവപ്രയാഗിനും ഹരിദ്വാറിനും ഇടയിലെ ഭാഗത്തു നിന്നുള്ള സാമ്പിളുകളിൽപോലും വലിയതോതിൽ പ്ലാസ്റ്റിക് കണികകൾ ഉള്ളതായി സ്ഥിരീകരിച്ചു.

ജലത്തിന്റെയും അവശിഷ്ടത്തിന്റെയും 228 സാമ്പിളുകളിൽ ഓരോന്നിലും ബാഗുകൾ, റാപ്പറുകൾ, പാക്കിങ്ങിനുപയോഗിക്കുന്ന വസ്തുക്കൾ, സിന്തറ്റിക് തുണിത്തരങ്ങൾ എന്നിവയിൽ നിന്നുള്ള മൈക്രോപ്ലാസ്റ്റിക് നാരുകൾ, ഫിലിമുകൾ, ശകലങ്ങൾ തുടങ്ങിയവ കണ്ടെത്തിയതായി ഡെറാഡൂണിലെ ഗവേഷകർ രേഖപ്പെടുത്തി.

ജലത്തിലെ ശരാശരി മൈക്രോപ്ലാസ്റ്റിക് സാന്ദ്രത ദേവപ്രയാഗിൽ ലിറ്ററിന് 325 കണികകളും ഋഷികേശിൽ 822 കണികകളും ഹരിദ്വാറിൽ ലിറ്ററിന് 1,300 കണികകളുമാണ്. മൂന്ന് പട്ടണങ്ങൾക്കിടയിലുള്ള 19 സ്ഥലങ്ങളിൽ നിന്നുള്ള എല്ലാ ജല സാമ്പിളുകളിലും മൈക്രോപ്ലാസ്റ്റിക് സാന്ദ്രത ലിറ്ററിന് 175 കണികകളിൽ കൂടുതലാണ്.  ദേവപ്രയാഗിന് സമീപമുള്ള ആദ്യ രണ്ട് സൈറ്റുകളിൽ മാത്രം 150ന് താഴെയുള്ള വിഭാഗത്തിലാണ്.  എന്നാൽ, മറ്റെല്ലാ സൈറ്റുകളിലും അപകടകരമായ വിഭാഗത്തിൽ 1,200 കവിഞ്ഞു.

വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്സിന്റെ തരങ്ങളിൽ പോളിത്തിലീൻ, പോളിമൈഡ്, പോളിസ്റ്റൈറൈൻ, പോളി വിനൈൽ ക്ലോറൈഡ്, പോളിത്തിലീൻ ടെറെഫ്താലേറ്റ്, പോളിപ്രൊഫൈലിൻ, പോളികാർബണേറ്റ് എന്നിവ ലാബ് വിശകലനത്തിൽ കണ്ടെത്തി. 

ടൂറിസം, സാഹസിക ക്യാമ്പുകൾ, തീർത്ഥാടനം, ഗംഗ ആരംഭിക്കുന്നിടത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ മോശം പരിപാലനം എന്നിവയുടെ പ്രത്യാഘാതങ്ങളാണ് തങ്ങൾ കണ്ടതെന്നും പഠനത്തിന് മേൽനോട്ടം വഹിച്ച ഡെറാഡൂണിലെ ഡൂൺ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര-പ്രകൃതിവിഭവ പ്രഫസർ സുരേന്ദ്ര സുതാർ പറഞ്ഞു.

സുതാറിനു പുറമെ ഗവേഷക പണ്ഡിതരായ മനീഷ് ചൗധരി, സുമൻ റാവത്ത് എന്നിവർ ചേർന്ന് ഫീൽഡ് സർവേകൾ നടത്തുകയും മൂന്ന് പട്ടണങ്ങളിലെയും നദീതീരത്തുള്ള നിരവധി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങളും വിനോദ പ്രവർത്തനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മലിനജല ശുദ്ധീകരണ ഔട്ട്‌ലെറ്റ് പോയിൻ്റുകളും നിരീക്ഷിക്കുകയും ചെയ്തു. ‘സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെൻ്റ്’ എന്ന ഗവേഷണ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ തങ്ങളുടെ കണ്ടെത്തലുകൾ പ്രസിദ്ധ​പ്പെടുത്തി.  ‘നദീതീരങ്ങളിൽ ആത്മീയ ആചാരങ്ങളുടെ ഭാഗമായി കൂട്ടമായി കുളിക്കുന്നത് മഴക്കാലത്തിന് മുമ്പുള്ള കാലത്ത് മൈക്രോപ്ലാസ്റ്റിക് ലോഡിംഗിന് കാരണമാകുന്നു’വെന്നും അവർ എഴുതി.

മൂല്യനിർണയം അസാധാരണമാംവിധം ഉയർന്ന അപകടസാധ്യത വെളിപ്പെടുത്തിയെന്നും ഇത് നദീതീര ജീവജാലങ്ങൾക്കും മനുഷ്യർക്കും കടുത്ത ഭീഷണിയാണ് ഉയർത്തുന്നതെന്നും ഗവേഷകർ പറയുന്നു. മാലിന്യ സംസ്‌കരണവും റീസൈക്ലിങ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി സജ്ജീകരിക്കാനും മെച്ചപ്പെടുത്താനും അവർ ആവശ്യപ്പെട്ടു.

ഈ മാസം ആദ്യം, യു.എസിലെ ന്യൂ മെക്സിക്കോ സർവകലാശാലയിലെ പരിസ്ഥിതി ആരോഗ്യ ശാസ്ത്രജ്ഞനായ മാത്യു കാമ്പനും സഹപ്രവർത്തകരും നടത്തിയ പഠനത്തിൽ മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളും വൃക്കകളിലോ കരളിലോ ഉള്ളതിനേക്കാൾ ഉയർന്ന അളവിൽ തലച്ചോറിൽ അടിഞ്ഞുകൂടുന്നതായി കണ്ടെത്തുകയുണ്ടായി.

Tags:    
News Summary - Ganga river in critical condition Scientists say plastic waste even on the surface

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.