ചെന്നൈ: കഴുകൻമാരുടെ സംരക്ഷണത്തിനായി തമിഴ്നാട്ടിൽ സംരക്ഷിത മേഖലകൾ സ്ഥാപിക്കുന്നതിനുളള നടപടികൾ ആരംഭിച്ചതായി സംസ്ഥാന വനംവകുപ്പ് മദ്രാസ് ഹൈകോടതിയെ അറിയിച്ചു.കഴുകൻമാരുടെ എണ്ണം സംരക്ഷിക്കുകയും അവക്ക് ജീവഹാനി ഉണ്ടാക്കുന്ന വിഷമരുന്നുകളുടെ ഉപയോഗത്തെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ആവശ്യം.
'വിഷൻ ഡോക്യുമെന്റ് ഫോർ വൾച്ചർ കൺസർവേഷൻ ഇൻ തമിഴ്‌നാട് 2025-30' പ്രകാരം നീലഗിരി ബയോസ്ഫിയർ റിസർവിലെ മോയാർ നദീതടത്തിന് ചുറ്റും ആദ്യ കഴുക സംരക്ഷിതമേഖലയായി വികസിപ്പിക്കാനും തീരുമാനിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ കഴുകൻമാരുടെെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.അതിന് പ്രധാന കാരണമായി ഡൈക്ലോഫിനാക് ഉൾപ്പെടെയുള്ള മൃഗങ്ങൾക്കുളള മരുന്നുകളുടെ സാന്നിധ്യം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇത്തരം മരുന്നുകൾ നൽകിയ മൃഗങ്ങളുടെ ജഡങ്ങൾ ഭക്ഷിക്കുന്നതിലൂടെ കഴുകൻമാർക്ക് വൃക്ക തകരാറുകൾ സംഭവിച്ച് കൂട്ടമായി ചത്തൊടുങ്ങുന്നുവെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു.
വെറ്ററിനറി മരുന്നുകളുടെ അനധികൃത വിൽപ്പനയും ഉപയോഗവും തടയാൻ ഡ്രഗ് കൺട്രോളർ വകുപ്പുമായി ചേർന്ന് പരിശോധനകൾ നടത്തുമെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു. കഴുകൻമാരുടെ സുരക്ഷിത മേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഈ നിയന്ത്രണം കർശനമാക്കും. പദ്ധതിയുടെ പ്രാരംഭ ഘട്ടം പൂർത്തിയായതിന് ശേഷം കർണാടക, കേരളം തുടങ്ങിയ അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് കഴുക സംരക്ഷണ മേഖലകൾ വ്യാപിപ്പിക്കാനും തമിഴ്നാട് സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
ജഡങ്ങൾ വേഗത്തിൽ ഭക്ഷിക്കുന്നതിലൂടെ പരിസ്ഥിതി ശുചിത്വവും രോഗനിയന്ത്രണവും ഉറപ്പാക്കുന്നതിൽ കഴുകമാർക്ക് നിർണായക പങ്കുണ്ട്. അതിനാൽ തന്നെ കഴുകൻമാരുടെ സംരക്ഷണം പൊതു ആരോഗ്യത്തിനും പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും അനിവാര്യമാണെന്ന് വനംവകുപ്പ് വ്യക്തമാക്കി.
കഴുകൻമാർക്ക് സുരക്ഷിത മേഖലകളുടെ രൂപീകരണവും മേൽനോട്ടവും നിർവഹിക്കുന്നതിനായി മുതുമലൈ ടൈഗർ റിസർവിന്റെ ഫീൽഡ് ഡയറക്ടർ അധ്യക്ഷനായ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, ഗൂഡല്ലൂർ തുടങ്ങിയ വനമേഖലകളിലെ ഉദ്യോഗസ്ഥരും വന്യജീവി സംരക്ഷണ രംഗത്തെ വിദഗ്ധരും സമിതിയിൽ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.