മാലിന്യ സംസ്കരണത്തിലെ വീഴ്ച: കർണാടകയിലെ ബി.ജെ.പി സർക്കാറിന് 2,900 കോടി രൂപ പിഴയിട്ട് ഹരിത ട്രൈബ്യൂണൽ

ബംഗളൂരു: ഫലപ്രദമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉറപ്പാക്കി പരിസ്ഥിതി മലിനീകരണം തടയുന്നതിൽ പരാജയപ്പെട്ട കർണാടക സർക്കാർ 2,900 കോടി രൂപ പിഴയടക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി) ഉത്തരവിട്ടു. മാലിന്യ സംസ്‌കരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച സംബന്ധിച്ച പരാതികളിൽ തുടർച്ചയായ വാദം കേൾക്കലുകൾക്ക് ശേഷമാണ് ഉത്തരവ്.

ഖര-ദ്രവമാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കർണാടക സർക്കാർ സ്വീകരിച്ച നടപടികൾ അപര്യാപ്തമാണെന്നും ഇത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും കനത്ത നാശമുണ്ടാക്കിയെന്നും ഉത്തരവിൽ പറയുന്നു. പരിസ്ഥിതിക്കുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുകയും നഷ്ടപരിഹാരം കണക്കാക്കുകയും ചെയ്യുകയായിരുന്നു.

2,900 കോടി രൂപ രണ്ട് മാസത്തിനകം പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് എൻ.ജി.ടി നിർദേശം. അടുത്ത ആറ് മാസത്തിനകം പരിസ്ഥിതി പുനഃസ്ഥാപിക്കാൻ തുക വിനിയോഗിക്കാം. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് ബാധ്യതയുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

പ്രതിദിനം 15,334 ടൺ ഖരമാലിന്യം ഉൽപാദിപ്പിക്കുന്നതിൽ 9,153 ടൺ മാത്രമാണ് കർണാടക സംസ്‌കരിക്കുന്നതെന്ന് സർക്കാർ നൽകിയ ഡാറ്റ പരാമർശിച്ച് എൻ.ജി.ടി ചൂണ്ടിക്കാട്ടി. അവശേഷിക്കുന്നവ നേരിട്ട് ലാൻഡ്‌ഫില്ലുകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. പ്രതിദിനം ഉൽപാദിപ്പിക്കുന്ന 3,356 ദശലക്ഷം ലിറ്റർ മലിനജലത്തിൽ 1,929 ദശലക്ഷം ലിറ്റർ മാത്രമാണ് സംസ്കരിക്കുന്നതെന്നും സർക്കാർ സമ്മതിച്ചു. തടാകങ്ങൾ പോലെയുള്ള ശുദ്ധജല സ്രോതസ്സുകൾ മാലിന്യമുക്തമായിരിക്കണമെന്നും മലിനജല ശുദ്ധീകരണ പ്ലാന്റുകൾ ഉപയോഗപ്പെടുത്തുകയും ജലത്തിന്റെ ഗുണനിലവാരം നിലനിർത്തുകയും വേണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു.

Tags:    
News Summary - Failure in waste management: Karnataka BJP government fined Rs 2,900 crore by Green Tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.