കോവിഡ് സമയത്തെ ഫെയ്സ് മാസ്ക് കെമിക്കൽ ടൈംബോംബോ?

കോവിഡ് മഹാമാരിയുടെ സമയത്ത് ഡിസ്പോസിബിൾ ഫെയ്സ് മാസ്ക് പ്രതിരോധ സംവിധാനത്തിലെ സുപ്രധാന ഉപകരണമായിരുന്നു. എന്നാൽ, അതി​പ്പോൾ കെമിക്കൽ ടൈംബോംബായി മാറിയെന്ന് പുതിയ പഠനം പറയുന്നു.

കോവിഡ് കാലത്ത് ഫെയ്സ് മാസ്കുകളുടെ ഉപയോഗത്തിലുണ്ടായ ആധിക്യവും അതിന്റെ ശരിയായ സംസ്കരണമില്ലായ്മയും ആണ് മനുഷ്യർക്കും മൃഗങ്ങൾക്കും പരിസ്ഥിതിക്കും ദോഷം വരുത്തുന്ന രീതിയിൽ രാസ മാലിന്യമായി മാറിയതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. മനുഷ്യരെ രക്ഷിക്കുന്നതിന്‍റെ ഭാഗമായി നിർമിക്കപ്പെട്ട ടൺകണക്കിന് ഡിസ്പോസിബിൾ ഫെയ്സ് മാസ്കുകൾ മൈക്രോപ്ലാസ്റ്റിക്കുകളും എൻഡോക്രൈൻ ഡിസ്റപ്റ്ററുകൾ ഉൾപ്പെടെയുളള രാസ അഡിറ്റീവുകൾ പുറത്തുവിടുന്നതായി ഗവേഷണത്തിൽ കണ്ടത്തി. അതായത് പകർച്ച വ്യാധികളിൽ നിന്നും സംരക്ഷിക്കാനായി ഉപയോഗിച്ച് തുടങ്ങിയ മാസ്ക്കുകൾ മനുഷ്യരുടെ ആരോഗ്യത്തിനും നിലനിൽപ്പിനും തന്നെ ഭീഷണിയാവുകയാണെന്നർഥം.

കോറോണ വൈറസ് മഹാമാരിയുടേ വ്യാപന സമയത്ത് ലോകത്ത് ഏതാണ്ട് 129 ബില്യൺ ഡിസ്പോസിബിൾ മാസ്കുകൾ ഉപയോഗിച്ചുവെന്നാണ് കണക്കുകൾ. ഇവയിൽ ഭൂരിഭാഗവും പോളിപ്രഫൈൽ, മറ്റ് പ്ലാസ്റ്റിക്കുകൾ എന്നിവ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പുനഃരുപയോഗ മാർഗം ഇല്ലാത്തതിനാൽ അവ റോഡുകളിലും തെരുവുകളിലും കടൽതീരങ്ങളിലും ജലാശയങ്ങളിലും ഗ്രാമങ്ങളിലും മാലിന്യകൂമ്പാരങ്ങളിലും കുന്നുകൂടി. കരയിലും വെളളത്തിലും ഡിസ്പോസിബിൾ മാസ്കുകളുടേ എണ്ണം ഗണ്യമായി വർധിച്ചുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ഫെയ്സ് മാസ്കുകൾ എങ്ങനെ നിർമിക്കണം, ഉപയോഗിക്കണം, സംസ്കരിക്കണം എന്നുളള കാര്യങ്ങളിൽ പുനഃർവിചിന്തനം ആവശ്യമാണെന്ന് പറയുകയാണ് കോവൻഡ്രി യൂനിവേഴ്സിറ്റി സെന്‍റർ ഫോർ അഗ്രോ ഇക്കോളജി വാട്ടർ ആൻഡ് റെസിലിയൻസിസിലെ പഠന ഗവേഷകയായ അന്ന ബെഗൂഷ്.

വെളളത്തിൽ മുങ്ങികിടക്കുന്ന ഡിസ്പോസിബിൾ ഫെയ്സ് മാസ്ക് എത്രത്തോളം മൈക്രോപ്ലാസ്റ്റിക്കിനെ പുറത്തുവിടുന്നു എന്ന് കണ്ടെത്താൻ ഗവേഷകരായ ബെഗൂഷും കൗട്ട് ചേവും ശ്രമിച്ചു. അതിനായി പുതുതായി വാങ്ങിയ പലതരം മാസ്കുകൾ 150മീല്ലി ലിറ്റർ ശുദ്ധജലത്തിൽ 24 മണിക്കൂറോളം ഇട്ടുവെച്ചു. എന്താണ് പുറത്ത് വരുന്നതെന്ന് കാണാൻ സൂക്ഷ്മമായി നിരീക്ഷിച്ചു.

ഓരോ മാസ്കിൽ നിന്നും ധാരാളം മൈക്രോപ്ലാസ്റ്റിക്കുകൾ പുറത്ത് വന്നു. വൈറസ് പടരുന്നതിനെതിരെയുള്ള ഗോൾഡ് സ്റ്റാൻന്റേഡ് പ്രോട്ടക്ഷൻ ഉളള എഫ്.എഫ്.പി.ടു, എഫ്.എഫ്.പി.ത്രി മാസ്കുകളാണ് കൂടുതൽ ലീക്ക് ആയതായി കണ്ടെത്തിയത്. 100 മൈക്രോ മീറ്ററിലുള്ള പ്ലാസ്റ്റിക് കണികൾ ഖരമാലിന്യങ്ങളിലൂടെ ഒഴുകുന്ന വെളളത്തിൽ കൂടുതൽ കണ്ടെത്തി. ഈ വിഷദ്രാവകം ഒരു പ്രധാന പാരിസ്ഥിതിക അപകടമാണ് സൃഷ്ടിക്കുന്നതെന്ന് എൻവയോൺമന്‍റ് പൊലുഷേൻ ജേർണലിൽ പ്രസിദ്ധീകരിച്ച അവരുടെ പഠനത്തിൽ പറയുന്നു.

വെള്ളത്തിലേക്കുള്ള അരിച്ചിറങ്ങലിനെ മുൻനിർത്തിയുളള രാസപരിശോധനയിൽ മൈക്രോ കണികകൾ ജലാശയങ്ങളിൽ ആഗിരണം ചെയ്യപ്പെടുന്നതായി കണ്ടെത്തി. ഇത് മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ എത്തിയാൽ ഹോർമോൺ വ്യതിയാനത്തിനടക്കം കാരണമാവുന്ന ‘ബിസ്ഫിനോൾ ബി’ പുറത്തു വിടുന്നതായി കണ്ടെത്തി.

മൈക്രോപ്ലാസ്റ്റിക്കുകളും രാസവസ്തുക്കളും മനുഷ്യനെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കുന്നതിനാൽ മാസ്കുകളുടെ ഉൽപാദനം, ഉപയോഗം, സംസ്കരണം എന്നിവ പുനഃപരിശോധിക്കണമെന്നും അതിനുതക്ക അവബോധം അടിയന്തരമായി സൃഷ്ടിക്കണമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 

Tags:    
News Summary - Has the face mask during Covid become a chemical time bomb?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.