കടുത്ത ചൂടിലേക്ക് രാജ്യം; ഏപ്രിൽ മുതൽ ചൂട് പാരമ്യത്തിലാവും; ഉഷ്ണതരംഗം പൊള്ളിക്കും...

ന്യൂഡൽഹി: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്ത് അനുഭവപ്പെടാനിരിക്കുന്നത് കടുത്ത ചൂട്. ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് രാജ്യം തയാറെടുക്കുന്ന വേളയിൽ ചൂട് പാരമ്യത്തിലായിരിക്കും. മധ്യ, പടിഞ്ഞാറൻ ഭാഗങ്ങളിലായിരിക്കും ചൂട് ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിക്കുകയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര അറിയിച്ചു.

ഏപ്രിൽ-ജൂൺ കാലയളവിൽ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയിലും ഉയർന്നനിരക്കിൽ താപനില ഉയരാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ ഹിമാലയൻ മേഖല, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, വടക്കൻ ഒഡിഷ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ പരമാവധി താപനിലക്ക് സാധ്യതയുണ്ടെന്ന് മോഹപത്ര പറഞ്ഞു.

ഈ കാലയളവിൽ സമതലങ്ങളിലെ മിക്ക ഭാഗങ്ങളിലും സാധാരണ ചൂടിനേക്കാൾ താപനിലയുള്ള കൂടുതൽ ദിവസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 10 മുതൽ 20 ദിവസം വരെ ഉഷ്ണതരംഗം ഉണ്ടാകാനിടയുണ്ട്. സാധാരണഗതിയിൽ ഇത് നാലുമുതൽ എട്ട് ദിവസം വരെയാണ് ഉണ്ടാകാറ്. ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, ഉത്തര കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗത്തിന്റെ ആഘാതം കൂടുതലായി അനുഭവപ്പെടാൻ സാധ്യതയെന്ന് മോഹപത്ര പറഞ്ഞു.

ഏപ്രിലിൽ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുണ്ട്. ദക്ഷിണേന്ത്യയുടെ മധ്യ ഭാഗങ്ങളിലായിരിക്കും കൂടുതൽ സാധ്യത. പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലെ ചില ഭാഗങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഏപ്രിലിൽ സാധാരണ മുതൽ സാധാരണയിലും താഴെയുള്ള പരമാവധി താപനിലയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഏപ്രിലിൽ മധ്യേന്ത്യയിലെയും വടക്കൻ സമതലങ്ങളിലെയും ദക്ഷിണേന്ത്യയിലെയും പല പ്രദേശങ്ങളിലും സാധാരണ ചൂടിന് മുകളിലുള്ള ഉഷ്ണതരംഗ ദിവസങ്ങൾക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ രണ്ട് മുതൽ എട്ട് ദിവസം വരെയാണ് ഉഷ്ണ തരംഗത്തിന് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര കർണാടക, ഒഡിഷ, മധ്യപ്രദേശ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ ഏപ്രിലിൽ ഉഷ്ണതരംഗത്തിന്റെ ആഘാതം കനത്ത തോതിൽ അനുഭവപ്പെടുമെന്നാണ് പ്രവചനം.

Tags:    
News Summary - Extreme heat likely from April to June; central, western peninsular parts expected to face worst impact: IMD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.