ഇന്ത്യയുടെ ആകാശത്തെ മൂടി എത്യോപ്യൻ അഗ്നിപർവത സ്ഫോടന ചാരം; സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് അധികൃതർ

ന്യൂഡൽഹി: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടന​ത്തെ തുടർന്നുള്ള കട്ടിയുള്ള ചാരം ഇന്ത്യൻ ആകാശ​ത്തേക്ക് ഒഴുകിയെത്തി. ഇത് രാജ്യത്തെ വിമാന പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു.  ചാരംമൂലം വ്യോമയാന അധികൃതർ വിമാനക്കമ്പനികൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.  കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

തിങ്കളാഴ്ച രാത്രി 11 മണിയോടെ ഡൽഹിയുടെ ആകാശത്ത് എത്തിയ ചാരം ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലേക്ക് ഒഴുകി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇത് അടുത്തതായി ചൈനയിലേക്ക് നീങ്ങുമെന്നാണ്.

വടക്കൻ എത്യോപ്യയിലെ വളരെക്കാലമായി നിഷ്‌ക്രിയമായിരുന്ന ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം കഴിഞ്ഞ ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ശക്തമായ അഗ്നിപർവത സ്ഫോനമാണിത്. നിശബ്ദ അഗ്നിപർവ്വതമായ ‘ഹെയ്‌ലി ഗുബ്ബി’ ടെക്റ്റോണിക് പ്രവർത്തനങ്ങൾ കാരണം 10,000 വർഷങ്ങൾക്കു ശേഷം സജീവമാവുകയും പൊട്ടിത്തെറിക്കുകയും ചെയ്യുകയുമായിരുന്നു.

ആകാശത്ത് 14 കിലോമീറ്റർ ഉയരത്തിൽ വരെയെത്തിയ ചാരം ശക്തമായ കാറ്റിലൂടെ ചെങ്കടലിനു കുറുകെ യെമനിലേക്കും ഒമാനിലേക്കും അഞ്ചരിച്ചു. ശേഷം അറബിക്കടലിന് മുകളിലൂടെ പടിഞ്ഞാറൻ, വടക്കൻ ഇന്ത്യയിലേക്ക് ഒഴുകി. അഗ്നിപർവ്വത ചാരം കിഴക്കോട്ടുള്ള ചലനം തുടരുകയാണെന്നും ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യൻ ആകാശത്തിൽനിന്ന് മായുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറഞ്ഞു. 

ചാരം ബാധിച്ച പ്രദേശങ്ങളെ യാത്രാ റൂട്ടിൽനിന്ന് കർശനമായി ഒഴിവാക്കാനും,  ഏറ്റവും പുതിയ നിർദേശങ്ങൾ അടിസ്ഥാനമാക്കി ഫ്ലൈറ്റ് പ്ലാനിംഗ്, റൂട്ട്, ഇന്ധന പരിഗണനകൾ എന്നിവ ക്രമീകരിക്കാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു.

ചാരത്തിന്റെ സ്വാധീനം കണക്കിലെടുത്ത് എയർ ഇന്ത്യ ആഭ്യന്തരവും അന്തർദേശീയവുമായ 11 വിമാന സർവിസുകൾ റദ്ദാക്കി. അഗ്നിപർവ്വത സ്ഫോടനം ബാധിച്ച പ്രദേശങ്ങൾക്ക് മുകളിലൂടെ പറന്ന വിമാനങ്ങളിൽ എയർലൈൻ മുൻകരുതൽ പരിശോധനകൾ ആരംഭിച്ചു.

നവംബർ 24നുള്ള എയർലൈൻ AI 106 (ന്യൂവാർക്ക്-ഡൽഹി), AI 102 (ന്യൂയോർക്ക്-ഡൽഹി), AI 2204 (ദുബായ്-ഹൈദരാബാദ്), AI 2290 (ദോഹ-മുംബൈ), AI 2212 (ദുബായ്-ചെന്നൈ), AI 2250 (ദമ്മാം-മുംബൈ), AI 2284 (ദോഹ-ഡൽഹി) എന്നിവ റദ്ദാക്കി. നവംബർ 25നുള്ള, AI 2822 (ചെന്നൈ-മുംബൈ), AI 2466 (ഹൈദരാബാദ്-ഡൽഹി), AI 2444/2445 (മുംബൈ-ഹൈദരാബാദ്-മുംബൈ), AI 2471/2472 (മുംബൈ-കൊൽക്കത്ത-മുംബൈ) എന്നീ വിമാനങ്ങളും റദ്ദാക്കി.

ചാരത്തിന്റെ സ്വാധീനത്തെത്തുടർന്ന് ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ‘ആകാശ എയർ’ റദ്ദാക്കി. നവംബർ 24 നും നവംബർ 25 നും ആയിരുന്നു ഈ വിമാന സർവിസുകൾ.

Tags:    
News Summary - Ethiopian volcano eruption ash covers Indian skies; situation closely monitored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.