മസ്കത്ത് സയൻസ് ഫെസ്റ്റ്-സയൻസ് പ്രോജക്ട്
കോണ്ടെസ്റ്റിൽ ഒന്നാമതെത്തിയ ഇന്ത്യൻ സ്കൂൾ മസ്കത്ത് വിദ്യാർഥികൾ പ്രോജക്ടിനൊപ്പം
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിങ് സംഘടിപ്പിച്ച ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായ മസ്കത്ത് സയൻസ് ഫെസ്റ്റ്- സയൻസ് പ്രോജക്ട് കോണ്ടെസ്റ്റിൽ ഇന്ത്യൻ സ്കൂൾ മസ്കത്ത് വിദ്യാർഥികൾ ഒന്നാതെത്തി. ഒമാനിലെ ഇന്ത്യൻ, ഇൻറർനാഷനൽ സ്കൂളുകളിലെ വിദ്യാർഥികളിൽ നിന്നും ലഭിച്ച 360 ലധികം ശാസ്ത്ര പ്രോജക്ടുകൾ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 പ്രോജക്ടുകളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. നിർമിതബുദ്ധി, ദൈനംദിന വ്യവഹാരങ്ങളിലെ ശാസ്ത്രം, നെറ്റ് സീറോ എന്നീ വിഷയങ്ങളാണ് ശാസ്ത്ര പ്രോജക്ടുകൾക്കായി നൽകിയത്.
ഒരു നിശ്ചിതമേഖലയിലെ അന്തരീക്ഷ വായുവിൽ അലിഞ്ഞിരിക്കുന്ന മലിനഘടകങ്ങളിൽ നിന്ന് വൈദ്യുതോർജം ഉൽപാദിപ്പിച്ച് ആ പ്രദേശത്തു തന്നെ ഉപയുക്തമാക്കാനുള്ള സാങ്കേതികവിദ്യയാണ് 'എയർ പൊല്യൂഷൻ ടു വോൾട്സ് ഓഫ് എനർജി' എന്നതായിരുന്നു പ്രോജക്ടിലൂടെ ഇന്ത്യൻ സ്കൂൾ മസ്കത്ത് വിദ്യാർഥികളായ അഞ്ജന സുഗതൻ, അശ്വിക കേശവമുരുഗൻ, കാവ്യ ജയേഷ് ഖാർവ, മുഹമ്മദ് റയീസ് പുതുക്കുടി എന്നിവർ അവതരിപ്പിച്ചത്. കാസിം പുതുക്കുടിയായിരുന്നു പ്രോജക്ട് ഗൈഡ്.
ഇന്ത്യൻ സ്ക്കൂൾ വാദി കബീർ, ഇന്ത്യൻ സ്കൂൾ സീബ്, ഇന്ത്യൻ സ്കൂൾ ദാർസൈറ്റ് എന്നീ സ്കൂളുകളിലെ വിദ്യാർഥികൾ രണ്ടാംസ്ഥാനം പങ്കിട്ടു. ഇന്ത്യൻ സ്കൂൾ സൂർ, ഇന്ത്യൻ സ്കൂൾ ദാർസൈറ്റ്, ഇന്ത്യൻ സ്കൂൾ ബൗഷർ, ഇന്ത്യൻ സ്കൂൾ ഗൂബ്ര എന്നീ സ്കൂളുകളിലെ വിദ്യാർഥികൾ മൂന്നാം സ്ഥാനം നേടി. ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സ്കൂൾ ടീമിന് 1000 ഒമാനി റിയാൽ സമ്മാനത്തുകയായി കൈമാറി. 750, 450 ഒമാനി റിയൽ വീതം യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.