പ്രതീകാത്മക ചിത്രം
ഭൂമിയിലെ കാലാവസ്ഥയെ മാറ്റിമറിക്കുന്ന 'എൽ നിനോ' പ്രതിഭാസം കൂടുതൽ ശക്തമായി തിരിച്ചെത്തിയിരിക്കുന്നു. സമുദ്രത്തിലെ അസാധാരണമായ ചൂട് ലോകമെമ്പാടുമുള്ള കാലാവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകി. കാലിഫോർണിയ സർവകലാശാലയിലെ ക്ലൈമറ്റ് ഹസാർഡ്സ് സെന്റർ ഡയറക്ടർ ക്രിസ് ഫങ്ക് ഈ പ്രതിഭാസത്തെ ‘തുടക്കത്തിൽ തന്നെ ശക്തിപ്രാപിച്ച എൽ നിനോ’ എന്നാണ് വിശേഷിപ്പിച്ചത്.
പസഫിക് സമുദ്രത്തിൽ അസാധാരണമാംവിധം ചൂടുള്ള വെള്ളം അടിഞ്ഞുകൂടുമ്പോഴാണ് എൽ നിനോ രൂപപ്പെടുന്നത്. സാധാരണയായി രണ്ടുമുതൽ ഏഴുവർഷം കൂടുമ്പോഴാണ് ഇത് സംഭവിക്കാറുള്ളതെങ്കിലും, കഴിഞ്ഞ 80 വർഷത്തെ കണക്കുകൾ വെച്ച് നോക്കുമ്പോൾ ഈ വർഷത്തെ എൽ നിനോ ഏറ്റവും ശക്തമായ ഒന്നായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മനുഷ്യന്റെ ഇടപെടലുകൾ മൂലമുള്ള കാലാവസ്ഥാ വ്യതിയാനമാണോ ഇത്തരം പ്രതിഭാസങ്ങൾക്ക് കാരണമെന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. എങ്കിലും, ആഗോളതാപനം മൂലം ഇതിനകം തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കടുത്ത കൊടുങ്കാറ്റുകൾ, വരൾച്ച, കാട്ടുതീ എന്നിവയെല്ലാം കൂടുതൽ തീവ്രമാക്കാൻ എൽ നിനോ കാരണമാകുന്നുണ്ട്. 2027-ഓടെ ലോകം പുതിയൊരു സാധാരണ നിലയിലേക്ക് മാറുന്നതിന്റെ സൂചനകളായിരിക്കും നാം കാണുന്നതെന്ന് ബെർക്ക്‌ലി എർത്തിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ സീക്ക് ഹൗസ്ഫാദർ പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസമായി പസഫിക് സമുദ്രത്തിലെ ജലനിരപ്പിലെ താപനില കുത്തനെ ഉയർന്നിട്ടുണ്ട്. മുൻ കാലഘട്ടങ്ങളിലെ റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് ഈ വർഷം അവസാനത്തോടെ താപനില സാധാരണയേക്കാൾ ഉയർന്നേക്കാമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. ഒക്ടോബറിനും ഡിസംബറിനുമിടയിൽ എൽ നിനോ അതിശക്തമാകാൻ 81 ശതമാനം സാധ്യതയുണ്ടെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. സമുദ്രത്തിലെ ജലചൂട് അന്തരീക്ഷ താപനിലയെയും സാരമായി ബാധിക്കുന്നുണ്ട്. 2024നേക്കാൾ തണുപ്പുള്ളതായിരുന്നു 2026ന്റെ തുടക്കമെങ്കിലും, ഈ വർഷം എക്കാലത്തെയും ചൂടേറിയ വർഷമാകാൻ 40 ശതമാനം സാധ്യതയുണ്ടെന്നാണ് വിദഗ്ധർ കണക്കാക്കുന്നത്.
എൽ നിനോ കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷ്യക്ഷാമവും പട്ടിണിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതി മുന്നറിയിപ്പ് നൽകുന്നു. ഈ വർഷാവസാനത്തോടെ ലോകമെമ്പാടുമുള്ള ഏകദേശം 5 കോടിയിലധികം ആളുകൾ കടുത്ത പട്ടിണിയിലേക്ക് നയിക്കപ്പെടാൻ ഇത് കാരണമായേക്കാം. തെക്കുകിഴക്കൻ ഏഷ്യയിൽ എൽ നിനോ മൂലം വരണ്ട വേനൽ അനുഭവപ്പെടുകയും തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നെല്ല് ഉൾപ്പെടെയുള്ള വിളകളുടെ കൃഷി വൈകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കാലവർഷം ലഭിക്കുന്നുണ്ടെങ്കിലും വലിയൊരു പ്രദേശത്ത് മഴയുടെ കുറവ് നിലനിൽക്കുന്നുണ്ട്.
മധ്യ അമേരിക്കയിലും സമാനമായ രീതിയിൽ മഴ കുറയുന്നതും കടുത്ത ചൂടും കാർഷിക മേഖലയെ തകിടം മറിച്ചിട്ടുണ്ട്. മഴയില്ലാത്ത അവസ്ഥ പനാമയിൽ കനാലിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ ഭാരത്തിന്മേൽ പനാമ കനാൽ അതോറിറ്റി നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.
കിഴക്കൻ ആഫ്രിക്കയിൽ എൽ നിനോ സാധാരണയായി കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും കാരണമാകാറുണ്ടെങ്കിലും, ഈ വർഷം കെനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ മഴ ലഭിക്കാതെ കടുത്ത വരൾച്ചയാണ് അനുഭവപ്പെടുന്നത്. പസഫിക് സമുദ്രത്തിനുള്ളിലും എൽ നിനോ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ചൂടുള്ള വെള്ളം മത്സ്യങ്ങളെ അവയുടെ സാധാരണ ആവാസവ്യവസ്ഥയിൽ നിന്ന് അകറ്റുന്നത് പെറു, ഇക്വഡോർ തീരങ്ങളിൽ മത്സ്യബന്ധന മേഖലയെസാരമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.