ദക്ഷിണ കൊറിയയിൽ ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ ചൂടുകാലമാണ് അനുഭവപ്പെടുന്നത്. ആഗസ്റ്റ് 2ന് തെക്കുകിഴക്കൻ നഗരമായ യാങ്സാനിൽ താപനില റെക്കോർഡ് ഉയരമായ 42.5 ഡിഗ്രി സെൽഷ്യസിലെത്തി. 1904ൽ ആധുനിക കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്. കനത്ത ചൂട് മനുഷ്യജീവിതത്തെ മാത്രമല്ല, കാർഷിക മേഖലയെയും പൂർണ്ണമായി തകർത്തിരിക്കുകയാണ്.
ഗാംഗ്വോൺ പ്രവിശ്യയിലെ ഒരു കർഷകന്റെ പാടത്ത് വിളവെടുത്ത ഉരുളക്കിഴങ്ങ് ചൂടുകൊണ്ട് വെന്തുപോയ അവസ്ഥയിലാണുണ്ടായത്. യാങ്ഗു കൗണ്ടിയിൽ വിളവെടുത്ത ഉരുളക്കിഴങ്ങുകൾ കാഴ്ചയിൽ നല്ലതാണെന്ന് തോന്നിയെങ്കിലും ഒരാഴ്ചയ്ക്കകം മൃദുവാകുകയും ചീഞ്ഞുപോവുകയും ചെയ്തു. മണ്ണിലെ അത്യധികമായ ചൂടുകാരണം കിഴങ്ങുകൾ വേവിച്ച ഉരുളക്കിഴങ്ങ് പോലെയായി മാറിയെന്ന് കർഷകനായ ലീ സാംഗ്-ഹ്യുക് പറഞ്ഞു.
രാജ്യത്തുടനീളം കനത്ത ചൂടിൽ ഇതുവരെ കുറഞ്ഞത് 31 പേരെങ്കിലും മരണപ്പെട്ടതായി ദക്ഷിണ കൊറിയയുടെ രോഗ നിയന്ത്രണ ഏജൻസി സ്ഥിരീകരിച്ചു. മനുഷ്യർക്ക് പുറമെ 9 ലക്ഷത്തോളം കന്നുകാലികളും 14 ലക്ഷത്തോളം വളർത്തു മീനുകളും ഈ ഉഷ്ണതരംഗത്തിൽ ചത്തൊടുങ്ങിയിട്ടുണ്ട്. ജനങ്ങൾ എല്ലാവിധ പുറംജോലികളും ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുൻകാലങ്ങളിൽ അനുഭവിക്കാത്ത തരത്തിലുള്ള അസാധാരണ കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ് മന്ത്രിസഭയോഗത്തിൽ മുന്നറിയിപ്പ് നൽകി.
ദക്ഷിണ കൊറിയക്ക് പുറമെ അയൽരാജ്യമായ ജപ്പാനിലും സ്ഥിതി ആശങ്കാജനകമാണ്. രാജ്യത്തെ പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലെത്തി. 40 ഡിഗ്രിക്ക് മുകളിലുള്ള താപനിലയെ സൂചിപ്പിക്കാനായി ജപ്പാൻ കാലാവസ്ഥാ ഏജൻസി ഈ വർഷം കൊകുഷോബി അഥവാ ക്രൂരമായ ചൂടുള്ള ദിവസം എന്ന പേരിൽ പുതിയൊരു കാറ്റഗറി തന്നെ അവതരിപ്പിച്ചു. ടോകിയോയിലെ ഒരു മൃഗശാലയിലെ മൂന്ന് സിംഹങ്ങൾ സൂര്യാഘാതത്തെ തുടർന്ന് ചത്തൊടുങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
ആഗോളതാപനത്തിന്റെ നേരിട്ടുള്ള ഫലമായാണ് ഈ അതിതീവ്ര താപനിലയെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന്റെ ഇടപെടലുകൾ മൂലമുള്ള ആഗോളതാപനം ഇല്ലായിരുന്നെങ്കിൽ ജപ്പാനിലെ ഈ ജൂലൈ മാസത്തെ ചൂട് ഒരിക്കലും സംഭവിക്കില്ലായിരുന്നു എന്ന് ജപ്പാനിലെ വെതർ അട്രിബ്യൂഷൻ സെന്റർ നടത്തിയ പഠനത്തിൽ വ്യക്തമായി. മനുഷ്യന്റെ സ്വാധീനം ഇല്ലാതെയുള്ള ഇത്തരം ഉഷ്ണതരംഗം ശരാശരി 10,000 വർഷത്തിൽ ഒരിക്കൽ മാത്രമെ സംഭവിക്കൂ എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലും കടുത്ത ഉഷ്ണതരംഗം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഹോങ്കോങ് ഒബ്സർവേറ്ററിയിൽ 36.9 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ഡാൾഫിൻ ചുഴലിക്കാറ്റിന്റെ ബാഹ്യഫലമായി നഗരത്തിലേക്ക് ചൂടുകാറ്റ് വീശിയടിച്ചതാണ് ചൂട് ഇത്രയധികം വർധിക്കാൻ കാരണം. റെക്കോർഡ് ചൂട് അനുഭവപ്പെട്ടിട്ടും നഗരത്തിലെ പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള ചൂട്-സമ്മർദ മുന്നറിയിപ്പ് സംവിധാനം ഏറ്റവും കുറഞ്ഞ ലെവലിൽ തന്നെ തുടർന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.