ഇടുക്കി

പരിസ്ഥിതിലോല മേഖല ഉത്തരവ്​: നാലുലക്ഷം ഏക്കറിലെ നിർമാണം നിലക്കും

തിരുവനന്തപുരം: വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ പരിധിവരെ നിർബന്ധിത പരിസ്ഥിതിലോല മേഖലയായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തെ വരിഞ്ഞുമുറുക്കും. നാലുലക്ഷം ഏക്കർ പ്രദേശത്തെങ്കിലും നിർമാണ പ്രവർത്തനങ്ങൾ സ്തംഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഒരുലക്ഷത്തിലധികം കുടുംബങ്ങളെയെങ്കിലും ഇതു ദോഷകരമായി ബാധിക്കും. വയനാട്, ഇടുക്കി ജില്ലകളിൽ ജനജീവിതം അസാധ‍്യമാകും. വനാതിർത്തിയോട് ചേർന്ന് ജീവിക്കുന്ന ആയിരങ്ങളുടെ കൃഷി ഉൾപ്പെടെ ജീവിതമാർഗത്തിനും വിധി ആഘാതമാകും.

കേരളത്തിൽ നിലവിൽ 16 വന‍്യജീവി സങ്കേതങ്ങളും അഞ്ച് ദേശീയ ഉദ‍്യാനങ്ങളും രണ്ട് കടുവ സങ്കേതങ്ങളുമുണ്ട്. ഇവക്കെല്ലാംകൂടി 3,211.7372 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. കൂടാതെ, 1.5 ചതുരശ്ര കിലോമീറ്ററുള്ള കടലുണ്ടി കമ‍്യൂണിറ്റി റിസർവുമുണ്ട്. ഹൈകോടതിക്ക് പിന്നിൽ 0.0274 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മംഗളവനം പക്ഷിസങ്കേതത്തിനടക്കം ഒരുകിലോമീറ്റർ പരിസ്ഥിതിലോല മേഖല നിർബന്ധമായാൽ കൊച്ചി നഗരമധ‍്യത്തിലടക്കം നിർമാണ പ്രവർത്തനങ്ങൾക്ക് കർശന വിലക്കുണ്ടാകും.

ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഗണത്തിൽ ഉൾപ്പെട്ട ആനമുടി ചോല, കുമരകം, പെരിയാര്‍, സൈലന്‍റ് വാലി, ഇരവികുളം, മതികെട്ടാന്‍ചോല, പാമ്പാടും ചോല, വയനാട്, ചിന്നാര്‍, പറമ്പിക്കുളം, നെയ്യാര്‍, പേപ്പാറ, ആറളം, തട്ടേക്കാട് എന്നിവയോട് ചേർന്ന ജനജീവിതവും ആശങ്കയിലാകും. കാസർകോട്, ആലപ്പുഴ ഒഴികെ 12 ജില്ലകളിലുമായി വലിയൊരു പ്രദേശത്ത് വീടുകൾ ഉൾപ്പെടെ എല്ലാത്തരം നിർമാണ പ്രവർത്തനങ്ങൾക്കും വിലക്കുണ്ടാകും. 11521.813 ചതുരശ്ര കിലോമീറ്റർ വനമാണ് കേരളത്തിലുള്ളത്. സംസ്ഥാന ഭൂ വിസ്തൃതിയുടെ 29.65 ശതമാനം.

ദേശീയ പാർക്കുകൾക്കും വന്യജീവി സങ്കേതങ്ങൾക്കും സംരക്ഷിത വനാതിർത്തിയിൽനിന്ന് ഏറ്റവും ചുരുങ്ങിയത് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല നിർബന്ധമാണെന്നാണ് സുപ്രീംകോടതി വിധി. നിലവിൽ ഇത്തരം പ്രദേശങ്ങളിൽ ഒരു കിലോമീറ്ററിലധികം ബഫർസോണ്‍ ഉണ്ടെങ്കിൽ അതേപടിതന്നെ തുടരണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധി ഒരുവിഭാഗം ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും കനത്തതിരിച്ചടിയാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കി. വിധിയിൽ കേന്ദ്രസർക്കാർ അനുകൂല നിലപാടെടുക്കുമോയെന്നാണ് ഇപ്പോഴുള്ള ആശങ്ക. എന്നാൽ, കേരളം പ്രതീക്ഷ കൈവിടുന്നില്ല.

ഒരു കിലോമീറ്റർ വ്യവസ്ഥ നിർദേശിക്കുമ്പോഴും എല്ലാ സ്ഥലത്തും ഒരേ വ്യവസ്ഥ പാടില്ലെന്ന വനം- പരിസ്ഥിതി മന്ത്രാലയത്തിന്‍റെയും ദേശീയ വന്യജീവി ബോർഡ് സ്ഥിരംസമിതിയുടെയും നിലപാട് കോടതി അംഗീകരിച്ചിട്ടുണ്ട്. പരിസ്ഥിതി കാര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് പരമാവധി ദൂരം നിർദേശിക്കാവുന്നതാണെന്ന് സ്ഥിരംസമിതി വ്യക്തമാക്കിയിട്ടുണ്ട്.  

Tags:    
News Summary - Ecologically Sensitive Zone Order: Construction on four lakh acres will be halted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.