ചെന്നൈ: കഴിഞ്ഞ മാസമാണ് ചെന്നൈ കടൽത്തീരത്ത് വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ നിലവിൽ ആമകളുടെ കൂടുകൂട്ടലും ഡോൾഫിന്‍റെ സാനിധ്യവും കൊണ്ട് ശ്രദ്ധേയമാവുകയാണ് ചെന്നൈ കടൽത്തീരങ്ങൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം ഫെബ്രുവരി 19 വരെയുള്ള കൂടുകൂട്ടൽ സീസണിൽ 194 ഒലിവ് റിഡ്‌ലി കൂടുകൾ കണ്ടെത്തിയിട്ടുണ്ട്. 20,994 മുട്ടകൾ ശേഖരിച്ചിട്ടുണ്ട്, കൂടാതെ 706 കുട്ടികളെ വിരിയിച്ച് പുറത്തുവിടുകയും ചെയ്തു. ബസന്ത് നഗറിലാണ് ഏറ്റവും കൂടുതൽ കൂടുകൾ കണ്ടെത്തിയത്.
വനംവകുപ്പുമായി ചേർന്ന് സ്റ്റുഡന്‍റ്സ് സീ ടർട്ടിൽ കൺസർവേഷൻ നെറ്റ്‍വർക്ക് (SSTN) നിരീക്ഷിക്കുന്ന മറീനയ്ക്കും നീലാങ്കരൈയ്ക്കും ഇടയിലാണ് ചെന്നൈയിലെ മൊത്തം മുട്ടയിടലിന്റെ 80 ശതമാനം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷങ്ങളേക്കാൾ കൂടുതൽ കൂടുകൂട്ടൽ ഈ വർഷം ഉണ്ടായതായും മറീന ബീച്ചിൽ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നും എസ്.എസ്.ടി.സി.എൻ വളന്‍റിയറായ ശ്രാവൺ കൃഷ്ണൻ പറഞ്ഞു.
തമിഴ്നാടിലുടനീളം 1231 കൂടുകളും 52 ഹാച്ചറികളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ കൂടല്ലൂരും (436) നാഗപട്ടണത്തുമാണ് (396) കൂടുതലുള്ളത്. കാലാവസ്ഥാ വ്യതിയാന, വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച യോഗം വിളിച്ചുചേർത്തിരുന്നു. കടലാമകളെ സംരക്ഷിക്കാൻ കൂടുതൽ പദ്ധതികൾ ഈ യോഗം ആവിഷ്കരിച്ചു.
ആമകളുടെ ദീർഘകാല സംരക്ഷണ പദ്ധതികൾ രൂപപ്പെടുത്താൻ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ആമ വിദഗ്ധനായ ആർ. സുരേഷ് കുമാറിനെയും ക്ഷണിച്ചു. കൂടുകൾ ഹാച്ചറികളിലേക്ക് മാറ്റുന്നതിനേക്കാൾ സ്ഥലത്തുതന്നെ സംരക്ഷണം നൽകണമെന്ന് കുമാർ നിർദേശിച്ചു. കൂടുതൽ കൂടുകൂട്ടൽ രേഖപ്പെടുത്തിയ പിച്ചാവരം, കൂടല്ലൂർ മേഖലകൾക്ക് കൂടുതൽ സംരക്ഷണം നൽകുമെന്ന് യോഗം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.