കൊടും ചൂടിലുരുകി ഇംഗ്ലണ്ട്; വരും ദിനങ്ങളിൽ സാധാരണയുള്ളതിന്റെ 100 മടങ്ങിലെത്തുമെന്ന് പ്രവചനം

ലണ്ടൻ: കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതമായി അസാമാന്യ ചൂടിലമർന്ന് ഇംഗ്ലണ്ട്. രാജ്യത്തിന്റെ തെക്കുകിഴക്കൻ പ്രദേശങ്ങളിലെ ജനങ്ങൾ വരുംദിവസങ്ങളിൽ നേരിടാൻ പോകുന്നത് 32 ഡിഗ്രി സെൽഷ്യസ് എന്ന അപകടകരമായ ചൂടായിരിക്കുമെന്നും ഇത് സാധാരണയുള്ളതിന്റെ 100 മടങ്ങ് കൂടുതലായിരിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകി. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് മൂലമുണ്ടാകുന്ന ആഗോള താപനം ഓരോ ഉഷ്ണതരംഗത്തിന്റെയും സാധ്യതയും തീവ്രതയും വർധിപ്പിക്കുന്നു.

കാലാവസ്ഥാ പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ 32ഡിഗ്രി സെൽഷ്യസ് എന്ന പ്രവചനം രാജ്യത്ത് 2,500 വർഷത്തിലൊരിക്കൽ മാത്രം പ്രതീക്ഷിക്കാവുന്നതാണെന്നും ഗവേഷകർ പറഞ്ഞു. ജൂണിലെ ഉഷ്ണതരംഗങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ചൂട് അകാല മരണങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് പ്രായമായവരും ദുർബലരുമായ ആളുകളിൽ.

2020നും 2024നും ഇടയിൽ വേനൽക്കാല ഉഷ്ണതരംഗങ്ങൾ മൂലം 10,000 ത്തിലധികം ആളുകൾ മരിച്ചതായി യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. കഠിനമായ കാലാവസ്ഥയെ നേരിടാൻ ആളുകളെ നല്ല രീതിയിൽ തയ്യാറാക്കുന്നതിൽ പരാജയപ്പെട്ടതിന് ബ്രിട്ടീഷ് സർക്കാർ കടുത്ത വിമർശനത്തിന് വിധേയമായിട്ടുണ്ട്.

മനുഷ്യശരീരം തണുക്കാൻ സമയം നൽകാതെ നീണ്ടുനിൽക്കുന്ന ചൂട് കൂടുതൽ അപകടകരമാണ്. തെക്കുകിഴക്കൻ മേഖലയിലെ പരമാവധി താപനില തുടർച്ചയായി മൂന്ന് ദിവസത്തേക്ക് 28 ഡിഗ്രി സെൽഷ്യസിൽ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഉഷ്ണതരംഗത്തിന് 10 മടങ്ങ് സാധ്യതയുണ്ടെന്നുംശാസ്ത്രജ്ഞർ പറഞ്ഞു.

ഗവേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്ന ലണ്ടനിലെ ഇംപീരിയൽ കോളജിലെ ഡോ. ബെൻ ക്ലാർക്ക്, ഈ കൊടും ചൂടിന് കാരണക്കാരൻ ആരെന്ന് വ്യക്തമാണെന്നും മനുഷ്യൻ മൂലമുണ്ടാകുന്ന താപനം ഇല്ലായിരുന്നെങ്കിൽ ഈ കാലാവസ്ഥ ഒരു ഉഷ്ണതരംഗമാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം 2024ൽ വാർഷിക ആഗോള താപനിലയെ പുതിയ റെക്കോർഡിലേക്ക് നയിച്ചു. കൽക്കരി, എണ്ണ, വാതകം എന്നിവയിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രണ്ട് വർഷം കൂടി തുടർന്നാൽ വ്യാവസായികത്തിനു മുമ്പുള്ള നിലവാരത്തേക്കാൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച 1.5 ഡിഗ്രി സെൽഷ്യസ് എന്ന പരിധി മറികടക്കുന്നത് അനിവാര്യമായിരിക്കും. ഇത് യു.കെയിലും ലോകമെമ്പാടും ഇതിനകം തന്നെ ജീവൻ അപഹരിക്കുന്ന അതിതീവ്ര കാലാവസ്ഥയെ തീവ്രമാക്കും.

ഭാവിയിൽ തുടർച്ചയായ ചൂട് ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗം പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറുക എന്നതാണ്. 2022-ൽ യൂറോപ്പിൽ 60,000ത്തിലധികം ആളുകൾ കടുത്ത ചൂടിൽ മരിച്ചു. ദുഃഖകരമായ കാര്യം മിക്ക ആളുകളും വീടിനകത്തും ഒറ്റക്കും ചൂട് മൂലം മരിക്കുന്നു. പ്രത്യേകിച്ച് പ്രായമായവരും ശ്വാസകോശ പ്രശ്നങ്ങൾ അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരുമൊക്കെ എന്ന് റെഡ് ക്രോസ് റെഡ് ക്രസന്റ് ക്ലൈമറ്റ് സെന്ററിലെ മാജ വാൽബർഗ് പറഞ്ഞു.

ഇത്തരം കഠിനമായ ചൂടിനെ ദീർഘനേരം സഹിക്കാൻ മനുഷ്യശരീരം രൂപകൽപ്പന ചെയ്യ​പ്പെട്ടിട്ടില്ലെന്ന് പോർട്ട്സ്മൗത്ത് സർവകലാശാലയിലെ ഫിസിയോളജിസ്റ്റായ പ്രൊഫസർ മൈക്ക് ടിപ്റ്റൺ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഇപ്പോൾ ബ്രിട്ടീഷ് ജീവനുകൾ നഷ്ടപ്പെടുത്തുന്നു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. കാലാവസ്ഥാ നടപടികളെ പുച്ഛിക്കുന്ന രാഷ്ട്രീയക്കാരും നിരൂപകരും ഈ വസ്തുതയെക്കുറിച്ച് ചിന്തിക്കണം. കാരണം നമ്മൾ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് നിർത്തുന്നതുവരെ ഈ സംഭവങ്ങൾ കൂടുതൽ തീവ്രമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Deadly weekend heat in England ‘100 times more likely’ due to climate crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.