പ്രതീകാത്മക ചിത്രം

അറബിക്കടലിൽ തീവ്ര ചുഴലിക്കാറ്റിന് സാധ്യത; 6 വരെ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

വടക്കു കിഴക്കൻ അറബിക്കടലിലെ ശക്തമായ ന്യൂന മർദ്ദം മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് മേഖലയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ റിപ്പോർട്ട്. നിലവിലെ ന്യൂന മർദ്ദം ശക്തി പ്രാപിച്ച് അടുത്ത മൂന്ന് മണിക്കുറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റിന് ശക്തി എന്ന പേരാണ് നൽകാൻ നിശ്ചയിച്ചിരിക്കുന്നത്. പേര് നിർദേശിച്ചത് ശ്രീലങ്കയാണ്.

അതേ സമയം ഒഡിഷക്ക് മുകളിലെ അതി തീവ്ര ന്യൂനമർദ്ദത്തിന്‍റെ ശക്തി കുറഞ്ഞു. ഞായറാഴ്ച വരെ ഇന്ത്യൻ തീരത്ത് ഭീഷണിയില്ല. എന്നാൽ കേരള തീരത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

ഇൻസാറ്റ്-3ഡി സാറ്റലൈറ്റ് അറബിക്കടലിനു മുകളിലെ ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ അറബിക്കടലിലും കച്ച് മേഖലയിലും കച്ച് ഉൾക്കടലിലും മേഘങ്ങളുടെ തീവ്ര സംവഹനം രേഖപ്പെടുത്തുന്നുണ്ട്.

അറബിക്കടലിൽ ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിപ്പുണ്ട്. നിലവിൽ മണിക്കൂറിൽ 55-65 കിലോമീറ്റർ വേഗത്തിൽ ഇവിടെ കാറ്റ് വീശുന്നുണ്ട്. വൈകിട്ട് 5.30ഓടെ ഇത് 75-85 കിലോമീറ്റർ വേഗത്തിലാകുമെന്നും പ്രവചിക്കുന്നു. 4, 6 തീയതികളോടെ വടക്കു പടിഞ്ഞാറൻ ഭാഗത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും സ്ഥിതി ഗതികൾ കൂടുതൽ വഷളാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 3 മുതൽ 6 വരെ അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Cyclone warning in Arabian sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.