മനുഷ്യർ മാത്രമല്ല, മൃഗങ്ങളും വിരുന്നൂട്ടും; ചിമ്പാൻസികൾ ‘മദ്യം’ പങ്കിട്ട് കഴിക്കുന്നത് കാമറയിൽ

ചിമ്പാൻസികൾ സ്വാഭാവികമായി പുളിപ്പിക്കലിന് വിധേയമായ കാട്ടുപഴങ്ങളിൽ നിന്നുള്ള മദ്യം ആവർത്തിച്ച് പങ്കിടുന്നതായി കണ്ടെത്തി ശാസ്ത്രജ്ഞർ. മനുഷ്യ സമൂഹം കുടിക്കുന്നതിനും വിരുന്നുണ്ണുന്നതിനും അനുമാനിച്ചതിനേക്കാൾ ആഴത്തിലുള്ള പരിണാമപരമായ വേരുകളുണ്ടെന്ന സൂചനയാണിതെന്ന് അവർ പറയുന്നു. പശ്ചിമാഫ്രിക്കയിലെ ഗിനിയ ബിസാവുവിലെ ഒരു വനത്തിൽ കാമറകൾ ഉപയോഗിച്ചുള്ള പഠനത്തിൽ കാട്ടു കുരങ്ങുകൾ മദ്യം പങ്കിടുന്നതും നൽകുന്നതും കണ്ടെത്തിയത് ഇതിനുള്ള ആദ്യത്തെ തെളിവായി ശാസ്ത്രജ്ഞർ കരുതുന്നു.

‘എക്‌സിറ്റർ’ സർവകലാശാലയിലെ ഗവേഷകർ എത്തനോൾ അടങ്ങിയ, സ്വാഭാവികമായി പുളിപ്പിച്ച ആഫ്രിക്കൻ ബ്രെഡ്ഫ്രൂട്ട്/ കടച്ചക്ക ചിമ്പാൻസികൾ പങ്കിടുന്നത് നിരീക്ഷിച്ചു. ഇവ ബ്രെഡ്ഫ്രൂട്ട് കഴിച്ച 70 സന്ദർഭങ്ങളിൽ 10 എണ്ണത്തിലും പങ്കിടൽ ഉണ്ടായി.

ബ്രെഡ്ഫ്രൂട്ട് മരം ആഫ്രിക്കയിലുടനീളം വ്യാപകമാണ്. 30 കിലോഗ്രാം വരെ ഭാരമുള്ള അതി​ന്‍റെ വലുതും ഇടതൂർന്നതും നാരുകളുള്ളതുമായ പഴങ്ങൾ ചിമ്പാൻസിയുടെ ഭക്ഷണത്തി​ന്‍റെ ഭാഗമാണ്. പഴങ്ങൾ പാകമാകുമ്പോൾ കൊഴിഞ്ഞുവീഴുകയും അവയുടെ കടുപ്പമുള്ള പുറംഭാഗം മൃദുവാകുകയും പൾപ്പ് സ്പോഞ്ച് പോലെ മാറുകയും ചെയ്യും.

ബ്രെത്ത്‌ അലൈസർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 28 സാമ്പിളുകളിൽ 24 (86 ശതമാനം) എണ്ണത്തിൽ 0.01 ശതമാനം മുതൽ 0.61 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. വൈകി പഴുത്ത പഴങ്ങളിൽ ശരാശരി 0.26 ശതമാനം ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്.

മനുഷ്യരിൽ മദ്യം കഴിക്കുമ്പോൾ കിട്ടുന്ന വൈകാരിക വ്യതിയാനങ്ങൾ കാട്ടു ചിമ്പാൻസികൾ ഈ പഴങ്ങൾ പങ്കിട്ട് കഴിക്കുമ്പോൾ അവരിലും ഉണ്ടാവുമോ എന്നതാണ് ചോദ്യമെന്ന് ‘എക്‌സെറ്ററി’ലെ സെന്‍റർ ഫോർ ഇക്കോളജി ആൻഡ് കൺസർവേഷനിലെ ഗവേഷകയും പഠനത്തി​ന്‍റെ ആദ്യ രചയിതാവുമായ അന്ന ബൗളണ്ട് മാധ്യമക്കുറിപ്പിൽ പറയുന്നു. ഗവേഷകർ കറന്‍റ് ബയോളജി ജേണലിൽ അവരുടെ നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ചിമ്പുകൾ എല്ലായ്‌പ്പോഴും ഭക്ഷണം പങ്കിടുന്നില്ല. അതിനാൽ പുളിപ്പിച്ച പഴങ്ങളുമായുള്ള ഈ സ്വഭാവം പ്രധാനമായിരിക്കാം’- എക്‌സിറ്ററിലെ അസോസിയേറ്റ് പ്രൊഫസറും സംരക്ഷണ ശാസ്ത്രജ്ഞയുമായ കിംബർലി ഹോക്കിംഗ്‌സ് പറഞ്ഞു. ചിമ്പാൻസികൾ മനഃപൂർവ്വം എത്തനോളിക് പഴങ്ങൾ തേടുന്നുണ്ടോ എന്നും അതെങ്ങനെ അവയിൽ പ്രതി​പ്രതിപ്രവർത്തിക്കുന്നുവെന്നും നാം കണ്ടെത്തേണ്ടതുണ്ട്. ഈ സ്വഭാവം, വിരുന്നി​ന്‍റെ ആദ്യകാല പരിണാമ വേരുകളെ പ്രതിഫലിപ്പിച്ചേക്കാമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Community drink clue in simian swig: Chimpanzees sharing alcohol may reflect evolutionary roots of human feasting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.