സിഡ്നി: മനുഷ്യ പ്രേരിത കാലാവസ്ഥാ വ്യതിയാനം ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട മരണങ്ങളിൽ വർധനവുണ്ടാക്കുന്നു. ഇത് നഗരങ്ങളിലെ ആളുകളിൽ മരണസാധ്യത കൂട്ടുന്നെന്നും റിപ്പോർട്ട്. ക്വീൻസ്‌ലാന്റ് സർവകലാശാലയിലെ ഗവേഷകർ രണ്ട് വ്യത്യസ്ത പഠനങ്ങളിലായി ആസ്‌ട്രേലിയയിലെ ഉഷ്ണതരംഗങ്ങൾ മൂലമുണ്ടാകുന്ന മരണനിരക്ക് പരിശോധിച്ചതിലാണ് കണ്ടെത്തൽ.
2009-ൽ തെക്കുകിഴക്കൻ ആസ്‌ട്രേലിയയിലുണ്ടായ കടുത്ത ഉഷ്ണതരംഗ മരണനിരക്കും, പതിറ്റാണ്ടുകളായി ഉണ്ടാവുന്ന ഉഷ്ണതരംഗത്തിന്റെ വിവരങ്ങളും വിശകലനം ചെയ്യുന്നതാണ് ക്വീൻസ്‌ലാന്റ് സർവകലാശാലയും ആസ്‌ട്രേലിയൻ നാഷനൽ യൂനിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ ഒരു പഠനം. ആസ്‌ട്രേലിയയിലെ ഏതൊക്കെ പ്രദേശങ്ങളാണ് ഉഷ്ണതരംഗത്തിന് കൂടുതൽ ബാധിതമാവുന്നതെന്ന് കണ്ടെത്താൻ രണ്ട് പതിറ്റാണ്ടുകളിലെ ഡാറ്റയാണ് രണ്ടാമത്തെ പഠനം വിശകലനം ചെയ്തത്.
ഉഷ്ണതരംഗത്തിനിടെ മെൽബണിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന താപനിലയായ 46.4 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. വിക്ടോറിയ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ തുടർച്ചയായി 12 ദിവസം 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനിലയും രേഖപ്പെടുത്തി. അഞ്ച് ദിവസത്തെ കൊടും ചൂടിൽ വിക്ടോറിയയിൽ 374 മരണങ്ങൾ ഉണ്ടായെന്നും കാലാവസ്ഥാ വ്യതിയാനം ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട മരണനിരക്ക് 20 ശതമാനം വർധിപ്പിച്ചെന്നും പഠനം പറയുന്നു.
താഴ്ന്ന വരുമാനം, കുറഞ്ഞ വിദ്യാഭ്യാസം, പ്രമേഹം, ആരോഗ്യ സേവനങ്ങളുടെ പരിമിതമായ ലഭ്യത എന്നീ ഘടകങ്ങൾ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട മരണങ്ങൾ കൂടുന്നതിന് കാരണമാവുന്നെന്നും കണ്ടെത്തി. റോഡുകൾ, കെട്ടിടങ്ങൾ, റെയിൽവേ ലൈനുകൾ തുടങ്ങിയ ചൂട് കൂടുതൽ ആഗിരണം ചെയ്യുന്ന പ്രതലങ്ങളുടെ സാന്നിധ്യവും നഗരങ്ങളിലെ ഉയർന്ന അപകടസാധ്യതക്ക് കാരണമാണെന്ന് പഠനത്തിന്റെ സഹ രചയിതാവായ പാട്രിക് അമോട്ടി പറഞ്ഞു.
മുൻകാലങ്ങളെ അപേക്ഷിച്ച് ഉയർന്ന മരണനിരക്കുള്ള ഉഷ്ണതരംഗങ്ങൾ ഇനിയും ഉണ്ടാകുമെന്നും ഉഷ്ണതരംഗങ്ങൾക്കു മുമ്പ് സമൂഹങ്ങൾക്ക് മികച്ച മുൻകരുതലുകളെടുക്കാൻ തങ്ങളുടെ പ്രവർത്തനങ്ങൾ സഹായിക്കുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു. മനുഷ്യ മരണനിരക്ക്, വരൾച്ച, ജലത്തിന്റെ ഗുണനിലവാരം, കാട്ടുതീ, പുക, വൈദ്യുതി ക്ഷാമം, കാർഷിക നഷ്ടങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ, സാമ്പത്തിക അപകടസാധ്യതകളാണ് ഉഷ്ണതരംഗങ്ങൾ ഉയർത്തുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.