ഇരിങ്ങാലക്കുട: ആറിനം പുതിയ ചിലന്തികളുമായി ക്രൈസ്റ്റ് കോളജ് ജൈവവൈവിധ്യ ഗവേഷണകേന്ദ്രം. മേഘാലയയിലെ ഗാരോ മലനിരകൾ, രാജസ്ഥാനിലെ ഥാർ മരുഭൂമി, കേരളത്തിലെ വയനാട് വന്യജീവിസങ്കേതം, കോട്ടപ്പാറ മലനിരകൾ, തുമ്പൂർമുഴി, കോഴിക്കോട് സർവകലാശാല കാമ്പസ് എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് പുതിയ ഇനം ചിലന്തികളെ കണ്ടെത്തിയത്.
പരപ്പൻ ചിലന്തി കുടുംബത്തിൽ വരുന്ന സയാംസ്‌പൈനൊപ്സ് ഗാരോയെൻസിസ് എന്ന പുതിയ ഇനം ചിലന്തിയെ ആണ് ഗാരോ മലനിരകളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. വളരെ പരന്ന ശരീരമുള്ള ഇവ പാറയിടുക്കുകളിലും മറ്റും കാണുന്ന വിടവുകളിലാണ് ജീവിക്കുന്നത്.
ചാട്ട ചിലന്തി കുടുംബത്തിൽ വരുന്ന അഫ്രഫ്ലാസില്ല മിയജ് ലാരെൻസിസ് എന്ന പുതിയ ഇനം ചിലന്തിയെ ആണ് ഥാർ മരുഭൂമിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. നാല് മില്ലിമീറ്റർ നീളമുള്ള ഈ ചിലന്തി ഉണക്ക പുൽനാമ്പുകൾക്കിടയിലാണ് ജീവിക്കുന്നത്.
ഇതേ ജനുസിൽ വരുന്ന ചിലന്തിയെ ആണ് വയനാട് വന്യജീവിസങ്കേതത്തിലെ കുറിച്ചിയാട് വനത്തിൽനിന്ന് കണ്ടെത്തിയത്. അഫ്രഫ്ലാസില്ല കുറിച്ചിയാഡെൻസിസ് എന്ന നാമകരണം ചെയ്ത ഇവ ഇലപൊഴിയും കാടുകളിലാണ് കാണപ്പെടുന്നത്.
കോതമംഗലം വണ്ണപ്പുറത്തിനടുത്തുള്ള കോട്ടപ്പാറ മലനിരകളിൽനിന്നാണ് തൂവൽ കാലൻ ചിലന്തി കുടുംബത്തിൽ വരുന്ന ഫിലോപോണെല്ല റോസ്ട്രലിസ് എന്ന ഇനത്തിനെ കണ്ടെത്തിയത്. ആൺചിലന്തിയുടെ പ്രതുൽപാദന അവയവത്തിൽ കിളിച്ചുണ്ടുപോലുള്ള ഭാഗം കാണുന്നതുകൊണ്ടാണ് ഈ ചിലന്തിക്ക് ഇങ്ങനെ പേര് നൽകിയത്.
തുമ്പൂർമുഴി ശലഭഉദ്യാനം, കോഴിക്കോട് സർവകലാശാല കാമ്പസ് എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് മുള്ളൻ കാലൻ ചിലന്തി കുടുംബത്തിൽ വരുന്ന രണ്ടിനം പുതിയ ചിലന്തികളെ കണ്ടെത്തിയത്.
ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെയും കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും സാമ്പത്തിക സഹായത്തോടെ ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. സുധികുമാർ എ.വിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഗേവഷണ വിദ്യാർഥികളായ ഋഷികേശ് ബാലകൃഷ്ണ ത്രിപാദി, സുധിൻ പി.പി, ശിൽപ, അമൂല്യ ബാജി എന്നിവർ പങ്കാളികളായി.
ഈ കണ്ടെത്തലുകൾ ന്യൂസിലൻഡിൽനിന്നും റഷ്യയിൽനിന്നും ഇംഗ്ലണ്ടിൽനിന്നും ജപ്പാനിൽനിന്നും ഈജിപ്തിൽനിന്നുമുള്ള മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.