ഇസ്രായേൽ ആക്രമണം: ഗസ്സയിൽ പുറന്തള്ളിയത് 31 ദശലക്ഷം ടൺ കാർബൺ

ഗസ്സ സിറ്റി: ഗസ്സക്കെതിരായ ഇസ്രായേൽ യുദ്ധത്തിന്റെ ആദ്യ 15 മാസങ്ങളിൽ 31 ദശലക്ഷം ടൺ കാർബൺ പുറന്തള്ളിയതായി റിപ്പോർട്ട്. 100ലധികം രാജ്യങ്ങളുടെ വാർഷിക കാർബൺ ഉദ്‌വമനത്തേക്കാൾ കൂടുതൽ വരുമിത്. ‘വൺ എർത്ത്’ എന്ന ജേർണൽ നടത്തിയ പഠനം സംബന്ധിച്ച റിപ്പോർട്ട് ‘ഗാർഡിയൻ’ ആണ് പുറത്തുവിട്ടത്. ഇത് ആഗോള കാലാവസ്ഥാ അടിയന്തരാവസ്ഥയെ കൂടുതൽ വഷളാക്കുമെന്നും വലിയ സിവിലിയൻ മരണത്തിന് കാരണമാവുമെന്നും പുതിയ പഠനം വെളിപ്പെടുത്തുന്നു.

വ്യാപകമായ അടിസ്ഥാന സൗകര്യ നാശത്തിനും പാരിസ്ഥിതിക ദുരന്തത്തിനും പുറമേ 53,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട വംശീയാക്രമണത്തിന്റെ ആദ്യ 15 മാസത്തെ കാലാവസ്ഥാ ​പ്രതിസന്ധിയെക്കുറിച്ച് യു.കെയിലെയും യുഎസ് ആസ്ഥാനമായുള്ള ഗവേഷകരുടെ ഒരു സംഘം നടത്തിയ മൂന്നാമത്തെയും ഏറ്റവും സമഗ്രവുമായ വിശകലനമാണിത്. ആധുനിക യുദ്ധത്തിന്റെ പാരിസ്ഥിതിക നാശനഷ്ടങ്ങൾക്ക് രാഷ്ട്രങ്ങളെ ഉത്തരവാദികളാക്കണമെന്ന ആഹ്വാനത്തിന് ഈ കണക്കുകൾ അടിവരയിടുന്നു. 

2023 ഒക്ടോബറിനും 2025 ജനുവരിക്കും ഇടയിൽ ഉൽ‌പാദിപ്പിക്കപ്പെട്ട 1.89 ദശലക്ഷം കാർബൺ പുറന്തള്ളലിന്റെ 99ശതമാനത്തിലധികവും ഇസ്രായേലിന്റെ സൈനിക നടപടികളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ഹമാസുമായി ബന്ധപ്പെട്ട ഉദ്‌വമനം നിസാരമായിരുന്നു. വെറും 3,000 ടൺ അല്ലെങ്കിൽ ആകെയുള്ളതിന്റെ 0.2ശതമാനം മാ​ത്രം.

ഈ ഉദ്‌വമനങ്ങളിൽ പകുതിയിലധികവും ബോംബുകൾ, ടാങ്കുകൾ, വിമാനങ്ങൾ, ലോജിസ്റ്റിക്സ് തുടങ്ങിയ സൈനിക ഉപകരണങ്ങളുടെ ഉപയോഗത്തിൽ നിന്നുമാണ് ഉണ്ടായത്. ഇതിൽ ഭൂരിഭാഗവും ഇസ്രായേലിലേക്ക് അയച്ച 50,000 ടൺ യു.എസ് സൈനിക സാമഗ്രികളുടെ പിന്തുണയോടെയുള്ളതാണ്.

യുദ്ധാനന്തര പുനഃർനിർമാണ ഘട്ടത്തിൽ 29.4 ദശലക്ഷം ടൺ കാർബൺ പുറന്തള്ളൽ കൂടി കണക്കാക്കുന്നു. ഗസ്സയും ലെബനാനിൽ നശിപ്പിക്കപ്പെട്ട വീടുകളും പുനർനിർമിക്കുമ്പോഴുള്ള കാർബൺ, ക്രൊയേഷ്യയുടെ വാർഷിക കാർബൺ ഉദ്‌വമനത്തിന് തുല്യമായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.


Tags:    
News Summary - Carbon footprint of Israel’s war on Gaza exceeds that of many entire countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.