പാരിസ്ഥിതിക തകർച്ചയിൽ നിന്ന് രക്ഷപ്പെടാൻ പുതിയതും അജ്ഞാതവുമായ പ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യാനും ഭൂമിയിലല്ലാത്ത സ്ഥലങ്ങളിൽ മനുഷ്യ കോളനികൾ സ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ സമീപ വർഷങ്ങളിൽ ശക്തി പ്രാപിച്ചുവരികയാണ്. ചന്ദ്രനിലോ ചൊവ്വയിലോ ഉള്ള നിർദിഷ്ട താവളങ്ങൾ അങ്ങനെ വാർത്തകളിൾ ഇടം നേടിയിട്ടുമുണ്ട്. എന്നാൽ, പര്യവേക്ഷകർ ഉറ്റുനോക്കുന്ന മറ്റൊരു സ്ഥലമുണ്ട്. സമുദ്രത്തിന്റെ അടിത്തട്ട്!
ഇതൊരു പുതിയ ആശയമല്ല. 1960കളിൽ ഫ്രഞ്ച് സമുദ്രശാസ്ത്രജ്ഞൻ ജാക്വസ് കൂസ്റ്റോയിൽ നിന്ന് ആരംഭിച്ച് പതിറ്റാണ്ടുകളായി ആളുകൾ വെള്ളത്തിനടിയിലുള്ള ആവാസ വ്യവസ്ഥകൾ നിർമിക്കുകയും പരിമിതമായ സമയം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ, 2001 മുതൽ നാസ ഫ്ലോറിഡയുടെ തീരത്ത് സമുദ്രനിരപ്പിലുള്ള ഒരു ഗവേഷണ കേന്ദ്രമായ അക്വേറിയസ് റീഫ് ബേസിലേക്ക് ആളുകളെ അയച്ചിട്ടുണ്ട്. ഉപരിതലത്തിൽ നിന്ന് 20 മീറ്റർ (ഏകദേശം 65 അടി) താഴെ സ്ഥിതി ചെയ്യുന്ന ഈ മൊഡ്യൂളിൽ ശാസ്ത്രജ്ഞരും എൻജിനീയർമാരും ബഹിരാകാശയാത്രികരും സാധാരണയായി 7-14 ദിവസം ചെലവഴിക്കുന്നു.
പുതിയ സാങ്കേതികവിദ്യ വെള്ളത്തിനടിയിൽ കൂടുതൽ നേരം താമസിക്കാനുള്ള സാധ്യത സാധ്യമാക്കുന്നു. ബ്രിട്ടീഷ് കമ്പനിയായ ‘ഡീപ്പ്’ പ്രസ്തുത ആവശ്യത്തിനായി പ്രത്യേകമായി ആവാസ വ്യവസ്ഥകൾ വികസിപ്പിക്കുന്നുണ്ട്. എന്നാൽ, മനുഷ്യർക്ക് അതിനു കഴിയുമോ എന്നതാണ് യഥാർത്ഥ ചോദ്യം. കാരണം, അന്തരീക്ഷത്തിന് മുകളിൽ കടലിന് താഴെ മനുഷ്യർ താരതമ്യേന ദുർബലരാണ്. ഓക്സിജനോ സൂര്യപ്രകാശമോ ഇല്ലാതെ നമുക്ക് നന്നായി പ്രവർത്തിക്കാൻ കഴിയില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കടലിന്റെ അടിത്തട്ടിലെ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ ജീവി വർഗം മനുഷ്യർ അല്ല.
എന്നാൽ, വിരുദ്ധമായ അന്തരീക്ഷത്തിൽ ജീവിക്കാൻ മനുഷ്യന് കഴിവില്ലെന്ന് ഇതിനർത്ഥമില്ല. 2000 മുതൽ ബഹിരാകാശയാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദീർഘകാലം താമസിച്ചിട്ടുണ്ട്. വെള്ളത്തിനടിയിൽ നമുക്ക് അനുഭവപ്പെടുന്നതുപോലെ തന്നെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലാണ് അവിടെയുള്ളത്. വിവിധ ബഹിരാകാശയാത്രികർ ഐ.എസ്.എസിൽ തുടർച്ചയായി 300 ദിവസത്തിലധികം ചെലവഴിച്ചിട്ടുണ്ട്. എന്നാൽ 1994 നും 1995 നും ഇടയിൽ റഷ്യയിലെ ‘മിർ’ ബഹിരാകാശ നിലയത്തിൽ 437 ദിവസം ചെലവഴിച്ച ബഹിരാകാശയാത്രികൻ വലേരി പോളിയാക്കോവിന്റേതാണ് റെക്കോർഡ്.
പ്രശ്നം എന്തെന്നാൽ, ദീർഘകാലം ബഹിരാകാശത്ത് ചെലവഴിച്ച ബഹിരാകാശയാത്രികർ പലപ്പോഴും അസ്ഥി സാന്ദ്രത കുറയുന്നതും പേശികളുടെ ക്ഷയവും ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളോടെയാണ് ഭൂമിയിലേക്ക് മടങ്ങുന്നത്. എന്നാൽ വെള്ളത്തിനടിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരുടെ സാധ്യതകളെന്താണ്?
2024 നും 2025 നും ഇടയിൽ കരീബിയൻ കടലിന്റെ ഉപരിതലത്തിനടിയിൽ 11 മീറ്റർ (36 അടി) വെള്ളത്തിനടിയിൽ 120 ദിവസം ഒരു കാപ്സ്യൂളിൽ താമസിച്ച ജർമൻ എയ്‌റോസ്‌പേസ് എൻജിനീയറായ റുഡിഗർ കോച്ചാണ് ഇതു സംബന്ധമായി ഏറ്റവും വലിയ റെക്കോർഡ് ഇട്ടത്. കരയിൽ നിന്ന് ഇറങ്ങി ഷാമ്പെയ്‌നും സിഗരറ്റും ഒക്കെയായി ജലജീവിതം ആഘോഷിച്ചപ്പോൾ കോച്ച് ആരോഗ്യപരമായ ആശങ്കകളൊന്നും റിപ്പോർട്ട് ചെയ്തില്ല.
രണ്ടാം സ്ഥാനത്ത് പ്രഫ. ജോസഫ് ഡിറ്റൂരിയാണ്. വെള്ളത്തിനടിയിലെ ജീവിതത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ ഫ്ലോറിഡയിലെ 9 മീറ്റർ ആഴമുള്ള തടാകത്തിന്റെ അടിയിലുള്ള ഒരു ‘ലോഡ്ജി’ൽ അദ്ദേഹം 100 ദിവസം ചെലവഴിച്ചു. വെള്ളത്തിനടിയിലായിരിക്കുമ്പോഴും ഉപരിതലത്തിലേക്ക് മടങ്ങിയതിനുശേഷവും ഡിറ്റൂരി ദിവസേന സ്വയം പരിശോധനകൾ നടത്തി. പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല.
ഉറക്കത്തിലും കൊളസ്‌ട്രോളിന്റെ അളവിലും വീക്കം അളവിലും പുരോഗതി അദ്ദേഹം ശ്രദ്ധിച്ചു. ടെസ്റ്റോസ്റ്റിറോൺ അളവിലും വൈജ്ഞാനിക പരിശോധനകളിലെ പ്രകടനത്തിലും അദ്ദേഹത്തിന്റെ സ്റ്റെം സെൽ എണ്ണം വർധിച്ചു.
വെള്ളത്തിനടിയിലെ ജീവിതത്തിലേക്കുള്ള ഒരു ചുവടുവെപ്പെന്ന നിലയിൽ ‘ഡീപ്പ്’ രണ്ട് ആവാസ വ്യവസ്ഥകളിൽ പ്രവർത്തിക്കുന്നു. ഒന്ന് കടലിനടിയിൽ ഹ്രസ്വകാല താമസക്കാർക്ക് അനുയോജ്യമായ ഒരു ചെറിയ മൊഡ്യൂളായ വാൻഗാർഡ്. രണ്ട് താമസസ്ഥലങ്ങൾ, കിടപ്പുമുറികൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവയുള്ള 16 മീറ്റർ കാപ്സ്യൂൾ.
ഗവേഷകർക്ക് വെള്ളത്തിനടിയിൽ കൂടുതൽ സമയം താമസിക്കാൻ അനുവദിക്കുകയും സമുദ്രത്തിന്റെ അടിത്തട്ടും വെള്ളത്തിനടിയിൽ ജീവിക്കുന്നതിന്റെ ഫലങ്ങളും പഠിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പക്ഷേ ആളുകളെ ഇത്രയും ആഴങ്ങളിലേക്ക് എത്തിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.