ബഫര്‍ സോൺ: സര്‍ക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയും മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് വി.ഡി സതീശൻ

പറവൂർ: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സില്‍വര്‍ ലൈന്‍ പ്രക്ഷോഭം പോലെ കോണ്‍ഗ്രസും യു.ഡി.എഫും സമരം ഏറ്റെടുക്കും. ബഫര്‍ സോണ്‍ ഇരകളെ മുഴുവന്‍ അണിനിരത്തി ജനവിരുദ്ധ സര്‍ക്കാരിനെതിരായ സമരവുമായി യു.ഡി.എഫ് മുന്നോട്ടു പോകും.

സംസ്ഥാന തീരുമാനം അനുസരിച്ചാണ് ബഫര്‍ സോണ്‍ നിശ്ചയിച്ചതെന്ന് 2021-ല്‍ വനം മന്ത്രി പ്രകാശ് ജാവദേദ്ക്കര്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം നിയമസഭയിലും പുറത്തും ശക്തമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അവ്യക്തമായ മറ്റൊരു ഉത്തരവിറക്കി. 2019 ഒക്ടോബര്‍ 23-ലെ മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്ന് 31 ന് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കി പുതിയ തീരുമാനമെടുത്താല്‍ മാത്രമെ സുപ്രീം കോടതിയില്‍ നിലനില്‍ക്കൂവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍, സര്‍ക്കാര്‍ അതിന് തയാറായിട്ടില്ല.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെടുത്ത തീരുമാനം ഈ സര്‍ക്കാര്‍ തിരുത്തിയതാണ് കേരളത്തെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഈ പ്രത്യേകതകള്‍ ബോധ്യപ്പെടുത്തിയാല്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണില്‍ നിന്നും ജനവാസകേന്ദ്രങ്ങളെ സുപ്രീം കോടതി ഒഴിവാക്കും. ഇതിനായി മാനുവല്‍ സർവേ നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാല്‍, മാനുവല്‍ സര്‍വെയ്ക്ക് പകരം റിമോട്ട് സെന്‍സിങ് ഏജന്‍സിയെക്കൊണ്ട് സാറ്റലൈറ്റ് പരിശോധനയാണ് സര്‍ക്കാര്‍ നടത്തിയത്. ബഫര്‍ സോണ്‍ മേഖലയില്‍ ജനവാസകേന്ദ്രങ്ങളോ കൃഷിയിടങ്ങളോ പട്ടണങ്ങളോ ഉണ്ടെന്ന് തെളിയിക്കാന്‍ സാറ്റലൈറ്റ് സർവേ റിപ്പോര്‍ട്ട് പര്യാപ്തമല്ല. ഈ സാറ്റലൈറ്റ് റിപ്പോര്‍ട്ടുമായാണ് സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് പോകുന്നതെങ്കില്‍ കേരളത്തിന് ഗുരുതരമായ ദോഷം സംഭവിക്കും.

ഇനിയെങ്കിലും മാനുവല്‍ സർവേ നടത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കുകയാണ് വേണ്ടത്. ജനുവരി രണ്ടാം വാരത്തില്‍ സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി നീട്ടി ചോദിക്കാനും സര്‍ക്കാര്‍ തയാറകണം. ഒരു കിലോമീറ്റര്‍ പരിധി ഒഴിവാക്കാന്‍ ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങളുണ്ടെന്നാണ് സുപ്രീം കോടതിയില്‍ തെളിയിക്കേണ്ടത്. എന്നിട്ടും അതിന് വേണ്ടി സര്‍ക്കാര്‍ മാനുവല്‍ സര്‍വെ നടത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

ഉഗ്രഹ സര്‍വെ റിപ്പോര്‍ട്ട് മൂന്ന് മാസം സര്‍ക്കാര്‍ ഫ്രീസറില്‍ വച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജപ്രതിനിധികളുടെയും യോഗം വിളിച്ച് താലൂക്ക് തലത്തില്‍ മനുവല്‍ സര്‍വെ നടത്തണം. ബഫര്‍ സോണ്‍ ജനജീവിതത്തിലുണ്ടാക്കുന്ന ആഘാതം എത്രയാണെന്ന് സര്‍ക്കാര്‍ ഇതുവരെ മനസിലാക്കുന്നില്ല. രാഷ്ട്രീയത്തേക്കാള്‍ ജനങ്ങളുടെ സങ്കടങ്ങളാണ് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനവാസമേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്ന് 2013-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചോദിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 2016-ല്‍ അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ തയാറായില്ല. ഇതോടെ 2018-ല്‍ ഈ തീരുമാനം റദ്ദായി. ഇതിന് പിന്നാലെ ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പ്രഖ്യാപിക്കണമെന്ന് 2019 ല്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ച് കേന്ദ്രത്തെ അറിയിച്ചു. ജനവാസ മേഖലകളില്‍ ബഫര്‍ സോണ്‍ ആകാമെന്ന തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തിലെ അംഗമായിരുന്ന എം.എം മണിയാണ് ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. 2.5 ലക്ഷം ഹെക്ടര്‍ സ്ഥലം ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Buffer zone: VD Satheesan says the government's laxity and mismanagement is an unforgivable crime.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.