ബ്രഹ്മപുരം: പുക ഉയരുന്നത് രണ്ടുദിവസത്തിനകം ഇല്ലാതാക്കാന്‍ കഴിയുമെന്ന് കലക്ടര്‍

കൊച്ചി :ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ഉയരുന്നത് രണ്ടു ദിവസത്തിനകം പൂര്‍ണമായി പരിഹരിക്കാനാകുമെന്ന് കലക്ടര്‍ ഡോ. രേണു രാജ്. തീയണക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ബ്രഹ്മപുരത്ത് ആരംഭിച്ച മെഡിക്കല്‍ ക്യാംപ് സന്ദര്‍ശിക്കുകയായിരുന്നു കലക്ടര്‍.

തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെ 30 ഫയര്‍ ടെന്‍ഡറുകളും 12 ഹിറ്റാച്ചികളും ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കൂടാതെ നേവിയുടെയും വ്യോമസേനയുടെയും സംഘങ്ങളുമുണ്ട്.

മാലിന്യക്കൂമ്പാരം ഇളക്കിക്കൊണ്ട് അകത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. താഴെ നിന്ന് പുകയണയ്ക്കാന്‍ കാറ്റ് അനുകൂലമല്ലാത്ത സമയങ്ങളില്‍ നേവിയുടെയും വ്യോമസേനയുടെയും ഹെലികോപ്ടറുകളില്‍ മുകളില്‍ നിന്നു വെള്ളം പമ്പ് ചെയ്യുന്നു. ആറു ദിവസമായി തുടര്‍ച്ചയായി ജോലി ചെയ്തുവരുന്ന ജീവനക്കാരാണ് ഇവിടെയുള്ളത്. പരിശീലനം നേടിയ വിദഗ്ധരായവര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള ജോലി ചെയ്യാന്‍ കഴിയൂവെന്നും കളക്ടര്‍ പറഞ്ഞു.

ഇതുവരെ പുക മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, 12 വയസിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Tags:    
News Summary - Brahmapuram: The collector said that the rising smoke can be eliminated within two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.