ട്രംപ്-സെലൻസ്‌കി ഏറ്റുമുട്ടൽ വാർത്തയിൽ മുഴുകി ലോകം; കാലാവസ്ഥാ പോരാട്ടത്തിന്റെ ഭാവിയിൽ തലപുകച്ച് ഐ.പി.സി.സി

ന്യൂഡൽഹി: കാലാവസ്ഥാ നയങ്ങൾ വികസിപ്പിക്കാൻ സർക്കാറുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യു.എൻ ബോഡിയായ ഇന്റർ ഗവൺമെന്റൽ പാനലിൽ നിന്ന് ട്രംപ് ഭരണകൂടം യു.എസിനെ പിൻവലിച്ചതിനു പിന്നാലെ കാലാവസ്ഥാ പോരാട്ടത്തിന്റെ ഭാവിയെക്കുറിച്ച് തലപുകച്ച് ഐ.പി.സി.സി. അതേസമയം, യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്‌കി ഒരു വശത്തും ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഏറ്റുമുട്ടൽ ചർച്ചയിൽ മുഴുകിയിരിക്കുകയാണ് ലോകം.

കഴിഞ്ഞ ആഴ്ച അവസാനം ട്രംപ് ഭരണകൂടം യു.എസ് ഉദ്യോഗസ്ഥർക്ക് പ്രധാന ഐ.പി.സി.സി മീറ്റിങിൽ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതെതുടർന്ന് ചൈനയിലെ ഹാങ്‌ഷൗവിൽ ഈ ആഴ്‌ച നടന്ന ഐ.പി.സി.സി യോഗത്തിൽ യു.എസ് പങ്കെടുത്തിരുന്നില്ല. പുറമെ, സാങ്കേതിക പിന്തുണാ കരാറിനുള്ള ധനസഹായവും വെട്ടിക്കുറച്ചു. ട്രംപിന്റെ ആദ്യ ടേമിൽ, ആഗോള കാലാവസ്ഥാ മീറ്റിങ്ങുകളിൽ യു.എസ് പങ്കാളിത്തം വഹിച്ചിരുന്നു.

സി.എൻ.എൻ, നേച്ച്വർ ജേർണൽ എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം നാസയും യു.എസ് ഗ്ലോബൽ ചേഞ്ച് റിസർച്ച് പ്രോഗ്രാമും ഉൾപ്പെടെയുള്ള ഫെഡറൽ ഏജൻസികളോടും ഐ.പി.സി.സിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ പങ്കാളിത്തം നിർത്താൻ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ചൈനക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹ താപന വാതകങ്ങൾ പുറന്തള്ളുന്ന രാജ്യമാണ് യു.എസ്. കൂടാതെ 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ അമേരിക്കയുടെ മൊത്തം കാർബൺ ഉദ്‍വമനം ഏതൊരു രാജ്യത്തേക്കാളും ഉയർന്നതാണ്.

ഈ ദശാബ്ദത്തിന്റെ അവസാനം വരെ ആഗോള കാലാവസ്ഥാ നയം രൂപപ്പെടുത്തുന്ന ശാസ്ത്രീയ അവലോകനമായ ഐ.പി.സി.സിയുടെ യുടെ ഏഴാം മൂല്യനിർണയ റിപ്പോർട്ട് ആയിരുന്നു ഹാങ്‌സൗ സെഷന്റെ പ്രധാന അജണ്ട. റിപ്പോർട്ടിന്റെ രൂപരേഖകൾ, ബജറ്റ്, ടൈംലൈനുകൾ, കാർബൺ ക്യാപ്‌ചർ, സ്റ്റോറേജ് എന്നിവക്കുള്ള രീതിശാസ്ത്രങ്ങൾ, സാമ്പത്തിക സഹായത്തിന് യു.എസ് നേതൃത്വം തുടങ്ങിയവക്ക് അന്തിമരൂപം നൽകുന്നതായിരുന്നു ഹാങ്‌ഷൗവിൽ നടന്ന യോഗം.

യു.എസ് വിട്ടുനിന്നപ്പോൾ, 195 രാജ്യങ്ങളിൽ നിന്നുള്ള 400ലധികം പ്രതിനിധികൾ ചൈനയിൽ ഒത്തുകൂടി. നാസയുടെ മുഖ്യ ശാസ്ത്രജ്ഞയായ കാതറിൻ കാൽവിൻ പ്രധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ നിശ്ചയിച്ചിരുന്നെങ്കിലും ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള നിർ​ദേശം കാരണം അത് പൊടുന്നനെ റദ്ദാക്കാൻ നിർബന്ധിതയായി.

ആഗോള കാലാവസ്ഥാ ഗവേഷണത്തിൽ യു.എസ് ചരിത്രപരമായി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഐ.പി.സി.സി 1988 മുതൽ അമേരിക്കൻ ശാസ്ത്രജ്ഞരെയും ധനസഹായത്തെയും വളരെയധികം ആശ്രയിക്കുന്നു.

2001ലെ ഐ.പി.സി.സിയോഗത്തിലെ സംഘത്തിന് കാലാവസ്ഥാ ശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 2007ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 2001ലെ ഐ.പി.സി.സിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘ഹോക്കി സ്റ്റിക്ക്’ ഗ്രാഫ്, മനുഷ്യനിർമിതമായ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നേടാനും പ്രചരിപ്പിക്കാനും പ്രത്യേക ശ്രദ്ധ ക്ഷണിച്ചു.

എന്നാൽ, ട്രംപ് ഭരണകൂടം കാലാവസ്ഥാ ശാസ്ത്രത്തെ നിരന്തരം അവഹേളിക്കുകയും ഫണ്ടിങ് വെട്ടിക്കുറക്കുകയും ഫോസിൽ ഇന്ധന ഉൽപാദനത്തിന് മുൻഗണന നൽകുകയും ചെയ്തു. ‘ഡ്രിൽ, ബേബി, ഡ്രിൽ’ എന്ന് വാഗ്ദാനം ചെയ്തുകൊണ്ട് യു.എസ് പ്രസിഡന്റ് പുനഃരുപയോഗ ഊർജ്ജത്തെ പരിഹസിച്ചതും ലോകം കണ്ടു.

Tags:    
News Summary - As world gasps over Trump-Zelenskyy clash, IPCC meet minus US ponders climate fight future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.