ചിറകിലും ത്വക്കിലുമെല്ലാം വിഷമൊളിപ്പിച്ച പിതോഹി പക്ഷി

വിഷ ജന്തുക്കളെക്കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ടാകും. അക്കൂട്ടത്തിൽ പൊതുവിൽ പക്ഷികൾ കടന്നുവരാറില്ല. നമ്മുടെ നാട്ടിൽ വിഷവാഹികളായ പക്ഷികളില്ലാത്തതുകൊണ്ടുകൂടിയാണിത്. വിഷ ജന്തുക്കൾ എന്നുപറയുമ്പോൾ, മനസ്സിലേക്ക് ഓടിവരുക വിഷപ്പാമ്പുകളും മറ്റുമായിരിക്കും. എന്നാൽ, ത്വക്കിലും ചിറകിലുമെല്ലാം വിഷമൊളിപ്പിച്ച പക്ഷികളും ഭൂമിയിലുണ്ട്. അതിലൊന്നാണ് ‘പിതോഹി’ എന്ന പക്ഷി.

പസഫിക്കിലെ ന്യൂ ഗിനിയ ദ്വീപിലെ മഴക്കാടുകളിൽ കാണുന്ന പക്ഷിയാണ് പിതോഹി. പിതോഹി ഡിക്രോസ് എന്നാണ് മുഴുവൻ പേര്. കറുപ്പും ഓറഞ്ചും നിറമുള്ള ഈ ചെറു പക്ഷിയെ കാണാൻ നല്ല ഭംഗിയാണ്. പക്ഷേ, ആള് അപകടകാരിയാണ്. ചിറകിലും ത്വക്കിലും ബട്രാകോ ടോക്സിൻ എന്ന വിഷപദാർഥം ഒളിപ്പിച്ചാണ് ഈ ജീവി പറക്കുന്നത്. വി​ഷമേറ്റാൽ ത്വക്കിൽ മരവിപ്പുണ്ടാകാൻ കാരണമാകും. അധിക അളവിൽ ശരീരത്തിലേറ്റാൽ പക്ഷാഘാതത്തിനുവരെ സാധ്യതയുണ്ട്.

വളരെ യാദൃച്ഛികമായാണ് ഗവേഷകർ ഈ പക്ഷിയിലെ വിഷ സാന്നിധ്യം തിരിച്ചറിഞ്ഞത്. 1990ലാണത്. മ്യൂസിയത്തിൽ സൂക്ഷിക്കുന്നതിനായി പക്ഷിയുടെ ചർമം ഗവേഷകർ ശേഖരിച്ചിരുന്നു. സാമ്പിളുകൾ കൈകാര്യം ചെയ്ത ഗവേഷകരു​ടെതെല്ലാം ത്വക്കിന് മരവിപ്പ് അനുഭവപ്പെട്ടതോടെയാണ് അതിന്റെ കാരണം തേടിയത്. ഈ അന്വേഷണത്തിലാണ് പക്ഷിയുടെ ചർമത്തിൽ ഹേമോബട്രാകോ ടോക്സിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ആദ്യമായായിരുന്നു ശാസ്ത്രലോകം ഒരു വിഷപ്പക്ഷിയെ തിരിച്ചറിഞ്ഞത് അതിനുശേഷം അരഡസൻ വിഷപ്പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.

‘പിതോഹി’യുടെ വിഷം ആ ജീവി സ്വയം ഉൽപാദിപ്പിക്കുന്നതല്ല എന്നതും കൗതുകകരമാണ്. അവയുടെ ഭക്ഷണത്തിൽനിന്നാണ് അത് ഉൽപാദിപ്പിക്കപ്പെടുന്നത്. ‘പിതോഹി’യുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്ന് കോറെസിൻ എന്ന ഒരു തരം വണ്ടാണ്. അവ ഭക്ഷിച്ചാൽ ദഹനാവശിഷ്ടങ്ങൾ വിയർപ്പായും മറ്റും ത്വക്കിലും ചിറകിലുമെല്ലാം എത്തുന്നതോടെയാണ് അത് വിഷമായി മാറുന്നത്.

Tags:    
News Summary - Article about Pitohui bird

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.