രാജ്യത്തെ വായു മലിനീകരണം കേവല ശ്വസന പ്രതിസന്ധിയല്ല; പൊതുജനാരോഗ്യ ദുരന്തവും ദേശീയ സുരക്ഷാ ഭീഷണിയുമെന്ന് ജയറാം രമേശ്

ന്യൂഡൽഹി: രാജ്യത്തെ വായു മലിനീകരണ പ്രതിസന്ധി കേവലം ശ്വസന പ്രശ്‌നമല്ല മറിച്ച് നമ്മുടെ തലച്ചോറിനും ശരീരത്തിനും നേരെയുള്ള പൂർണമായ ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്.

ഇന്ത്യൻ സമൂഹത്തെയും ആരോഗ്യ സംരക്ഷണ സംവിധാനത്തെയും ഭാവിയിലെ തൊഴിൽ ശക്തിയെയും അപകടത്തിലാക്കുന്ന ഒരു പൊതുജനാരോഗ്യ ദുരന്തവും ദേശീയ സുരക്ഷാ ഭീഷണിയും ആയി വായു മലിനീകരണം മാറിയിട്ടുണ്ടെന്നും രമേശ് പറഞ്ഞു.

നമ്മുടെ നിലവിലെ ‘പി.എം 2.5’ ( സൂക്ഷ്മകണങ്ങൾ) മാനദണ്ഡം ലോകാരോഗ്യ സംഘടനയുടെ വാർഷിക പുറന്തള്ളൽ മാർഗ നിർദേശത്തേക്കാൾ എട്ട് മടങ്ങ് കൂടുതലാണതെന്നും 24 മണിക്കൂറിൽ ഇതിന്റെ പ്രസരണം നാലു മടങ്ങ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

2017ൽ ആരംഭിച്ച ‘നാഷനൽ ക്ലീൻ എയർ പ്രോഗ്രാം’ ഉണ്ടായിരുന്നിട്ടും ‘പി.എം2.5’ ലെവലുകൾ വർധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഓരോ ഇന്ത്യക്കാരനും ഡബ്ല്യു.എച്ച്.ഒ മുന്നോട്ടുവെച്ച പരിധി കവിഞ്ഞ പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ‘എക്സി’ൽ എഴുതി.

2023ൽ ഇന്ത്യയിൽ 20ലക്ഷ​ത്തോളം മരണങ്ങൾ വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ‘സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ 2025’ റിപ്പോർട്ട് ഉദ്ധരിച്ച് ജയറാം രമേശ് അഭിപ്രായപ്പെട്ടു. 2000നു ശേഷം ഇതിൽ 43 ശതമാനം വർധനവാണ്.

ഈ മരണങ്ങളിൽ 90 ശതമാനവും ഹൃദ്രോഗം, ശ്വാസകോശ അർബുദം, പ്രമേഹം, ഡിമെൻഷ്യ തുടങ്ങിയ സാംക്രമികേതര രോഗങ്ങൾ കാരണമാണ്. ഇന്ത്യയിൽ ഒരു ലക്ഷം പേരിൽ 186 വായു മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങൾ രേഖപ്പെടുത്തുന്നു. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് പത്തിരട്ടിയിലധികമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൂക്ഷ്മ കണികകളുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് തലച്ചോറിന് കേടുപാടുകൾ വരുത്തുന്നതിനും വൈജ്ഞാനിക ശേഷി കുറയുന്നതിനും കാരണമാകുമെന്നും രമേശ് മുന്നറിയിപ്പ് നൽകി. 2023ൽ ആഗോളതലത്തിൽ ഏകദേശം 626,000 ഡിമെൻഷ്യ മരണങ്ങൾ വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അതിനിടെ, ഞായറാഴ്ച ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒക്ടോബറിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കാണിത്. മെർക്കുറി 15.8 ഡിഗ്രി സെൽഷ്യസായും കുറഞ്ഞു.

തലസ്ഥാന നഗരത്തിലെ രൂക്ഷമായ വായു മലിനീകരണത്തിന് ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറാണ് ഉത്തരവാദിയെന്ന് ഡൽഹി കോൺഗ്രസും ആം ആദ്മി പാർട്ടിയും ആരോപിച്ചു. ദേശീയ തലസ്ഥാനത്തെ ജനങ്ങൾക്ക് ഉത്സവങ്ങളെക്കുറിച്ച് ‘പ്രസംഗങ്ങൾ’ ആവശ്യമില്ല. മറിച്ച് ഉത്തരവാദിത്തമുള്ള സർക്കാർ ആണ് വേണ്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി വിമർശിച്ചു.

ഡൽഹിയിലെ മലിനീകരണ നിരീക്ഷണ സംവിധാനം അടച്ചുപൂട്ടി യഥാർഥ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) നിലകൾ മറച്ചു​വെച്ച്, ദീപാവലി രാത്രിയിലെ ഡാറ്റയിൽ കൃത്രിമം കാണിച്ചതായി എ.എ.പി ആരോപിച്ചു.


Tags:    
News Summary - Air pollution in India is not just a respiratory problem; it is a public health and national security threat, says Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.