ഹാഇൽ നഗരത്തിലെ പാർക്കുകളിലും പാതയോരങ്ങളിലും പൂവിട്ട്​ നിൽക്കുന്ന അക്കേഷ്യ ഗ്ലോക്ക മരങ്ങൾ

ഹാഇലിന് സ്വർണപ്രഭയേകി ‘അക്കേഷ്യ ഗ്ലോക്ക’; നഗരത്തിന് പുത്തൻ ശോഭ

ഹാഇൽ: മഞ്ഞപ്പട്ടുടുത്ത്​ ഹാഇൽ നഗരത്തിലെ പാർക്കുകളും പൊതുഇടങ്ങളും. വസന്തത്തിന്റെ വരവറിയിച്ച് ‘അക്കേഷ്യ ഗ്ലോക്ക’ മരങ്ങൾ കൂട്ടത്തോടെ പൂവിട്ടതോടെ നഗരം അതിമനോഹരമായ സുവർണക്കാഴ്ചയായി മാറിയിരിക്കുന്നു. നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും ലക്ഷ്യമിട്ടുള്ള ഹാഇൽ നഗരസഭയുടെ (അമാന) ശ്രമങ്ങൾക്ക് ഈ ദൃശ്യം പുത്തൻ ഊർജമാണ് പകരുന്നത്.

ഒരു ലക്ഷത്തിലധികം മരങ്ങളാണ്​ നഗരവീഥികളിലെല്ലാം പൂവിട്ട്​ നിൽക്കുന്നത്​. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നഗരമെന്ന ലക്ഷ്യത്തോടെയാണ്​ ഇത്രയധികം അക്കേഷ്യ ഗ്ലോക്ക മരങ്ങൾ നഗരസഭ വിവിധ പാർക്കുകളിലും പാതയോരങ്ങളിലും വെച്ചുപിടിപ്പിച്ചത്. ഹാഇലിലെ നിലവിലെ സുഖകരമായ കാലാവസ്ഥയിൽ ഈ മരങ്ങൾ പൂത്തുനിൽക്കുന്നത് സന്ദർശകരെയും വ്യായാമത്തിനായി എത്തുന്നവരെയും ഒരുപോലെ ആകർഷിക്കുന്നു.

കടുത്ത വരൾച്ചയെയും കഠിനമായ കാലാവസ്ഥയെയും അതിജീവിക്കാൻ ശേഷിയുള്ള അക്കേഷ്യ ഗ്ലോക്ക പരിസ്ഥിതിക്കും സാമ്പത്തിക മേഖലക്കും ഒരുപോലെ ഗുണകരമാണ്. ഇതിന്റെ പ്രധാന സവിശേഷതകൾ ഏറെയാണ്​. മരുഭൂവൽക്കരണം തടയാനും മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാനും ഈ മരങ്ങൾ സഹായിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വർഷത്തിൽ 80 മുതൽ 90 സെന്റിമീറ്റർ വരെ ഇവ അതിവേഗം വളരുന്നു. ആഫ്രിക്ക, ഏഷ്യ, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇവ ധാരാളമായി കണ്ടുവരുന്നു.

ചെറിയ ഇലകളും ആഴ്ന്നിറങ്ങുന്ന വേരുകളും ഉള്ളതിനാൽ ഇവക്ക്​ കുറഞ്ഞ അളവിൽ മാത്രമേ വെള്ളം ആവശ്യമുള്ളൂവെന്നത്​ ജലസംരക്ഷണത്തിന്​ ഗുണകരമാണ്​. വേരുകളിലെ പ്രത്യേക ബാക്ടീരിയകൾ വഴി മണ്ണിൽ നൈട്രജൻ ലയിപ്പിക്കാൻ ഇവക്ക്​ സാധിക്കും, ഇത് മണ്ണിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നു. നഗരസഭയുടെ ഈ ഹരിതവൽക്കരണ പദ്ധതി ഹാഇലിനെ കൂടുതൽ മനോഹരവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

Tags:    
News Summary - 'Acacia glauca' with golden glow for Hail; A new light for the city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.