അദാനിയുടെ വിവിധ പദ്ധതികള്‍ക്കെതിരായ സമരങ്ങളെ ഏകോപിപ്പിക്കുന്നതിന് നീക്കം

തിരുവനന്തപുരം : അദാനിയുടെ വിവിധ പദ്ധതികള്‍ക്കെതിരായ സമരങ്ങളെ ഏകോപിപ്പിക്കുന്നതിന് നീക്കം തുടങ്ങി. പരിസ്ഥിതി തകർക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മൽസ്യത്തൊഴിലാളികളുടെ സമരം ഉയർന്നു വന്നതോടെയാണ് അദാനിക്കെതിരെ പുതിയ സമരം മുഖം തുറക്കുന്നതിനുള്ള ചർച്ച് സജീവമായിത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അദാനിയുടെ ജനവിരുധ പദ്ധതികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയാല്‍ അത് രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് വിരുധ പ്രക്ഷോഭങ്ങളായി പരിണമിക്കുമെന്നാണ് പ്രതീക്ഷ.

ജാർഖണ്ട്, ഛത്തീസ്ഗഡ് അടക്കം രാജ്യത്തെ ആറേഴ് സംസ്ഥാനങ്ങളിൽ അദാനിയുടെ പദ്ധതികൾക്കെതിരെ ജനങ്ങൾ സമരം നടത്തുന്നുണ്ട്. വലതു തീവ്രവാദ രാഷ്ട്രീയത്തിന്റെ സാമ്പത്തിക ശക്തികളായ കോര്‍പ്പറേറ്റുകള്‍ക്കെതിരായി അതിശക്തമായ പ്രക്ഷോഭം നടത്തുന്നത് കൃഷി ഭൂമിയും വനഭൂമിയും നഷ്ടമാകുന്ന ആദിവാസി-ദളിത് വിഭാഗങ്ങളും കർഷകരുമാണ്. വിഴിഞ്ഞത്താകട്ടെ കടൽതീരം നഷ്ടപ്പെടുന്ന മൽസ്യത്തൊഴിലാളികളാണ്. രാജ്യത്തെ വനങ്ങളും ഗ്രാമങ്ങളിലെ കൃഷിഭൂമിയും തീരപ്രദേശങ്ങളിലും ഒക്കെയായി നടന്നുകൊണ്ടിരിക്കുന്ന നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിനും കോര്‍പ്പറേറ്റ് നിയന്ത്രിത വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരായ രാഷ്ട്രീയ സമരങ്ങളാണ്. വേദാന്ത, പോസ്‌കോ, അംബാനി, ജിന്‍ഡാല്‍, എസ്സാര്‍, ടാറ്റ എന്നിവയോടൊപ്പം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനകീയ പ്രതിഷേധത്തെ നേരിടേണ്ടി വരുന്ന കോര്‍പ്പറേറ്റുകളില്‍ മുമ്പനാണ് അദാനി.

അതേസമയം, വിഴിഞ്ഞത്തെ സമരത്തിനെതിരെ സി.പി.എമ്മും ബി.ജെ.പിയും അദാനിക്കുവേണ്ടിയാണ് രംഗത്തുവരുന്നത്. അവർ ഒരേ സ്വരത്തിലാണ് അദാനിക്കുവേണ്ടി സംസാരിക്കുന്നത്. സമരത്തിന് നേതൃത്വം നൽകുന്ന ക്രൈസ്തവ സഭയാകട്ടെ വിഴിഞ്ഞം പദ്ധതി തുടങ്ങുന്ന കാലത്ത് രംഗത്ത് വരുകയും പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതോടെ പിൻവാങ്ങുകയും ചെയ്തവരാണ്.

എന്നാൽ, തീരദേശം കടൽ കവർന്നെടുക്കുന്നതിന് പരിഹാരമില്ലാതെ വന്നപ്പോഴാണ് സഭ വീണ്ടും സമരരംഗത്തിറങ്ങിയത്. വിഴിഞ്ഞം തുറമുഖ നിർമാണം വഴി ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് അറിവുള്ള ശാസ്ത്ര -സാങ്കേതിക വിദഗ്ധരൊക്കെ അദാനിയുമായി പണ്ടെ സന്ധി ചെയ്തവരാണ്. സംസ്ഥാനത്തെ സി.പി.എം രാഷ്ട്രീയ നേതൃത്വവും സർക്കാരും ഒരുവശത്ത് സമര നേതൃത്വവുമായി സന്ധി ചെയ്യുന്നതിനുള്ള ശ്രമവും മറുഭാഗത്ത് സമരത്തിനെതിരെ രൂക്ഷ വിമർശനം നടത്തുന്നു.

ഗോവയിലെ പദ്ധതിക്കെതിരെ മൽസ്യതൊഴിലാളികൾ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത് അദാനിക്ക് തിരിച്ചടിയായി. പബ്ലിക് ഹിയറിംഗ് നടത്താതെ പദ്ധതിക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ വിധിച്ചു. വളരെ ചെറിയ സംസ്ഥാനമായ ഗോവയില്‍ ഇത്രയും വിപുലമായ കല്‍ക്കരി ഹബ്ബ് സ്ഥാപിക്കുന്നത് മോളം നാഷണല്‍ പാര്‍ക്ക്, മഹാവീര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രം എന്നിവയെ സാരമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയും 50 ഓളം ശാസ്ത്രജ്ഞരും അടങ്ങുന്ന സംഘവും മുന്നറിയിപ്പ് നൽകി.

വിഴഞ്ഞത്തെപ്പോലെ പദ്ധതിക്കെതിരായി അതിശക്തമായ ചെറുത്തുനില്‍പ്പിനാണ് ഗോവന്‍ ജനത തയാറെടുക്കുന്നത്. ആയിരക്കണക്കിന് ജനങ്ങളാണ് കോള്‍ ഹബ്ബിനെതിരായ പ്രതിഷേധത്തില്‍ അണിനിരക്കുന്നത്. അദാനിക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നടക്കുന്ന സമരങ്ങളെ കോർത്തിണക്കുന്നതിനുള്ള ശ്രമം കേരളത്തിലെ പരിസ്ഥിതി സംഘടനകൾ തുടങ്ങി. വിഴിഞ്ഞം സമരത്തിന് പുതുവഴി വെട്ടാൻ ഈ സമരസമിതികൾക്ക് കഴുയമെന്ന പ്രതീക്ഷയിലാണ് പരിസ്ഥതിതി പ്രവർത്തകർ. 

Tags:    
News Summary - A move to coordinate protests against Adani's various projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.