വഷിംങ്ടൺ: നൂറ്റാണ്ടു കാലം മുമ്പ് കാലിഫോർണിയ ഗ്രിസ്‍ലി കരടികളാൽ നിറഞ്ഞിരുന്നു. ആയിരക്കണക്കിനു വരുന്ന അവ തദ്ദേശീയർക്കും കുടിയേറ്റക്കാർക്കും ഏറെ പ്രിയപ്പെട്ടവയുമായിരുന്നു. 1846ൽ മെക്സിക്കോയിൽ നിന്ന് പുറപ്പെട്ട ഒരുകൂട്ടം യു.എസ് കുടിയേറ്റക്കാർ ഈ മൃഗത്തെ അവരുടെ ഭാഗ്യചിഹ്നമായി കണ്ടു. ഇപ്പോഴും കാലിഫോർണിയയുടെ പതാകയെ അലങ്കരിക്കുന്ന ചിത്രം ഈ കരടിയുടേതാണ്.
എന്നാൽ, 1920കളുടെ മധ്യത്തോടെ ഗ്രിസ്നി കരടികളെല്ലാം ഇല്ലാതായി. കാലിഫോർണിയയിൽ ഒരു ഗ്രിസ്‍ലി കരടിയെ അവസാനമായി കണ്ടത് 1924ലെ വസന്തകാലത്ത് സെക്വോയ ദേശീയോദ്യാനത്തിലായിരുന്നു. മരങ്ങൾക്കിടയിൽ ഏകാകിയായി അലഞ്ഞുനടക്കുകയായിരുന്നു അത്.
എന്നാൽ, പുതിയ ഗവേഷണങ്ങൾ പറയുന്നത് ഈ ജീവിവർഗത്തിന്റെ തിരിച്ചുവരവിന്റെ സാധ്യതയെക്കുറിച്ചാണ്. സാന്താ ബാർബറയിലെ കാലിഫോർണിയ സർവകലാശാലയിലെ പരിസ്ഥിതി ചരിത്രകാരനായ പീറ്റർ അലഗോണയിപ്പോൾ ആവേശത്തിലാണ്. ഒരു ദശാബ്ദം മുമ്പ് അദ്ദേഹം ഗ്രിസ്‍ലികളെക്കുറിച്ച് ഗവേഷണം ആരംഭിച്ചു. ചരിത്ര ഭൂപടങ്ങളും പാരിസ്ഥിതിക ഡാറ്റയും പരിശോധിച്ചപ്പോൾ, കാലിഫോർണിയയിൽ ഗ്രിസ്‍ലികളുടെ വംശനാശം സംഭവിച്ചിട്ടില്ലെന്നും അവയുടെ വീണ്ടെടുക്കൽ അസാധ്യമല്ലെന്നും കണ്ടെത്തി.
ഗ്രിസ്‌ലിയുടെ മടങ്ങിവരവിനെ പിന്തുണക്കാനുതകുന്ന നിരവധി സാന്നിധ്യങ്ങൾ ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളുമുണ്ടെന്ന് പഠന രചയിതാക്കൾ പറയുന്നു. അവർ മൂന്ന് മേഖലകളെ ചൂണ്ടിക്കാണിക്കുന്നു. ഒറിഗോൺ അതിർത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറൻ വനം, തെക്കൻ സിയറ നെവാഡ, സാന്താ ബാർബറക്കടുത്തുള്ള പർവതങ്ങൾ ഉൾപ്പെടുന്ന തെക്കുപടിഞ്ഞാറൻ മേഖല.
800 പൗണ്ട് (360 കിലോഗ്രാം) തൂക്കവും 9 അടി (2.5 മീറ്റർ) ഉയരവുമുള്ള ഈ ഭീമൻ കരടികൾ തദ്ദേശീയർക്കും കാലിഫോർണിയൻ കുടിയേറ്റക്കാർക്കും ഒരുപോലെ ശക്തിയുടെ പ്രതീകമായി നിലകൊണ്ടു. ലോകത്തിലെ ഏറ്റവും വലുതും മാംസഭോജിയുമായ തവിട്ട് കരടികളിൽ ഒന്നായിരുന്നു അവ. കിഴക്കൻ യൂറോപ്പിലും റഷ്യയിലും കണ്ടുവരുന്നു.
യു.എസിൽ ഇന്ന് 2,000ൽ താഴെ ഗ്രിസ്‌ലികൾ മാത്രമേ ജീവിക്കുന്നുള്ളൂ. ഇവയിൽ കുറച്ചെണ്ണത്തിനെ കാലിഫോർണിയയിലേക്ക് തിരികെ കൊണ്ടുവരുന്നത് സസ്യഭുക്കുകളുടെ എണ്ണം നിയന്ത്രിക്കുക, അവയുടെ കുഴിക്കലിലൂടെ മണ്ണിലെ വായുസഞ്ചാരം ഏറ്റുക, വിത്തുകൾ വിതറുക എന്നിവയുൾപ്പെടെ നിരവധി നേട്ടങ്ങൾ നൽകുമെന്ന് ഗവേഷകർ പറയുന്നു. ഇത് പാരിസ്ഥിതിക വൈവിധ്യത്തിനും ആരോഗ്യത്തിനും വഴിതെളിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.