ന്യൂഡൽഹി: രാജ്യം കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലാണെന്ന് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ 100 നഗരങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൽ 98 നഗരങ്ങളും ഇന്ത്യയിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. രാജ്യത്തെ താപനില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതായാണ് AQI.in പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നു. ചിലയിടങ്ങളിൽ ഇത് 45 ഡിഗ്രിയിലേക്ക് അടുക്കുകയാണ്. ഉത്തർപ്രദേശിലെ ഉറായ്, ഔറയ്യ, രാജസ്ഥാനിലെ ജെയ്‌സാൽമീർ, ഫലോഡി തുടങ്ങിയ നഗരങ്ങളിൽ താപനില സാധാരണയേക്കാൾ വളരെ ഉയർന്ന നിലയിലാണ്. താപനില വർധിക്കുന്ന സാഹചര്യത്തിൽ ഉഷ്ണരോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
കടുത്ത വെയിലിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് സൂര്യാഘാതത്തിന് കാരണമായേക്കാം. വൈദ്യുതി ഉപഭോഗം വർധിക്കുന്നതിനും ജലക്ഷാമത്തിനും ഈ സാഹചര്യം വഴിവെക്കും. അടുത്ത ഏഴ് ദിവസത്തേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗം തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉത്തരേന്ത്യയിൽ ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, മധ്യേന്ത്യയിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, വിദർഭ, ദക്ഷിണേന്ത്യയിൽ കേരളം, മാഹി എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമുണ്ടാകാൻ സാധ്യതയുണ്ട്. ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഉഷ്ണവും ഈർപ്പവുമുള്ള കാലാവസ്ഥ അനുഭവപ്പെടും.
ആഗോള താപനില ഉയരുന്നതിനനുസരിച്ച് ഉഷ്ണതരംഗങ്ങളുടെ ദൈർഘ്യവും തീവ്രതയും കൂടുന്നു. പണ്ട് പത്ത് വർഷത്തിലൊരിക്കൽ സംഭവിച്ചിരുന്ന തീവ്ര ഉഷ്ണതരംഗങ്ങൾ ഇന്ന് രണ്ടോ മൂന്നോ വർഷത്തിനിടയിൽ സംഭവിക്കുന്നു. നഗരങ്ങളിലെ കോൺക്രീറ്റ് കെട്ടിടങ്ങളും ടാർ റോഡുകളും പകൽ ചൂട് ആഗിരണം ചെയ്യുകയും രാത്രി അത് പുറത്തുവിടുകയും ചെയ്യുന്നു. വടക്കേന്ത്യൻ നഗരങ്ങളിൽ ഈ പ്രതിഭാസം വളരെ കൂടുതലാണ്.
രാത്രികാലങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കുന്നത് വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ അസ്വസ്ഥതയും ആരോഗ്യപ്രശ്നങ്ങളും വർധിപ്പിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഇത്തരം തീവ്രമായ ഉഷ്ണതരംഗങ്ങൾ ഇനി അടിക്കടി ഉണ്ടായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പകൽ അനുഭവപ്പെട്ട ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാത്തത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും നിർജ്ജലീകരണത്തിനും കാരണമാകുന്നു. പ്രത്യേകിച്ച് പ്രായമായവരിലും കുട്ടികളിലും ഇത് അപകടസാധ്യത വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.