ന്യൂഡൽഹി: ഉത്തരേന്ത്യയിൽ നിന്ന് ഹിമാലയവും ചൈനയും കടന്ന് ദക്ഷിണ കൊറിയ വരെ നീളുന്ന 7,000 മുതൽ 10,000 കിലോമീറ്റർ വരെ നീളമുള്ള അതിശയകരമായ മഴമേഘം ഉപഗ്രഹ ചിത്രങ്ങളിൽ പതിഞ്ഞു.തെക്ക് പടിഞ്ഞാറൻ മൺസൂൺ ശക്തമാകുമെന്നതിന്‍റെ സൂചനയാണ് ഇതെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ നിരീഷണം.
ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് ഏഷ്യയിലെ മറ്റ് കാലാവസ്ഥാ വ്യവസ്ഥകളുമായി സംയോജിച്ചാണ് 'മൺസൂൺ കൺവെർജൻസ് സോൺ' എന്നറിയപ്പെടുന്ന ഈ വലിയ മേഘപാളി രൂപപ്പെട്ടിരിക്കുന്നത്. ഇത് ആയിരക്കണക്കിന് കിലോമീറ്റർ നീളത്തിൽ മഴക്ക് കാരണമാകുന്നു. ഈ കാലാവസ്ഥാ പ്രത്യേകത ഇന്ത്യയിൽ ശക്തമായ മഴക്ക് വഴിയൊരുക്കിയിട്ടുണ്ട്..
കാലവർഷക്കണക്കുകൾ പ്രകാരം, കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്ത് സാധാരണ ലഭിക്കേണ്ട മഴയുടെ ഏകദേശം 170-180% വരെ മഴ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണിത്. പല പ്രദേശങ്ങളിലും ശരാശരിയെക്കാൾ വളരെ കൂടിയ അളവിലാണ് മഴ ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു.
മധ്യ, ഉത്തര, കിഴക്കൻ ഇന്ത്യയുടെ വലിയൊരു ഭാഗത്ത് കട്ടിയുള്ള മേഘാവൃതം രൂപപ്പെട്ടിരിക്കുന്നതും, തുടർന്ന് കിഴക്കോട്ട് ഹിമാലയൻ ബെർട്ട് വഴി ചൈനയിലേക്കും ജപ്പാനിലേക്കും വ്യാപിക്കുന്നതും ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. മൺസൂൺ പാത്തി (Monsoon trough) സജീവമായിരിക്കുമ്പോഴും അന്തരീക്ഷ സംയോജനം ചൂടുള്ളതും ഈർപ്പമുള്ളതുമായ വായുവിനെ ആകർഷിക്കുമ്പോഴുമാണ് ഇത്രയും നീളത്തിലുള്ള മേഘപാളികൾ രൂപപ്പെടുന്നത്. ഈർപ്പമുള്ള വായു ഉയർന്ന് തണുക്കുകയും മേഘങ്ങളായി മാറി ഏഷ്യയുടെ വലിയ ഭാഗങ്ങളിൽ മഴക്കും ഇടിമിന്നലിനും കാരണമാവുകയും ചെയ്യുന്നു. പല സംസ്ഥാനങ്ങളിലും മഴയുടെ കുറവ് നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഈ ശക്തമായ മഴയെത്തിയിരിക്കുന്നത്.
പുതിയ മഴക്കാലം ഉത്തർ, മധ്യ ഇന്ത്യയിലെല്ലാം സീസണിലെ മഴയുടെ അളവ് ഗണ്യമായി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സജീവമായ ഘട്ടം ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡൽഹി എൻ.സി.ആർ, രാജസ്ഥാന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇതിനകം തന്നെ ശക്തമായ മഴ എത്തിച്ചിട്ടുണ്ട്. അതേസമയം, ബംഗാൾ ഉൾക്കടലിൽ നിന്ന് രൂപപ്പെടുന്ന ന്യൂനമർദങ്ങളുടെ സ്വാധീനത്താൽ കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, പ്രത്യേകിച്ചും ഉത്തരാഖണ്ഡ്, ഹിമാലയൻ സംസ്ഥാനങ്ങളിൽ മിന്നൽ പ്രളയം, വെള്ളക്കെട്ട്, മണ്ണിടിച്ചിൽ, നദികളിലെ ജലനിരപ്പ് ഉയരൽ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.