കാഠ്മണ്ഡു: പോളണ്ടിൽ നിന്നുള്ള 37 വയസ്സുകാരനായ ആൻഡ്രേജ് ബാർഗിയേൽ, കുപ്പിയിൽ നിറച്ച ഓക്സിജൻ ഇല്ലാതെ എവറസ്റ്റ് കീഴടക്കി തിരിച്ച് ബേസ് ക്യാമ്പ് വരെ സ്കീയിങ് (മഞ്ഞിൽ തെന്നിമാറിക്കൊണ്ടുള്ള യാത്രാരീതി) നടത്തി പർവതാരോഹണത്തിൽ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു.
ഓക്സിജൻ രഹിത കയറ്റത്തിനുശേഷം എവറസ്റ്റിന്റെ സമ്പൂർണ സ്കീയിങ് ഇറക്കം പൂർത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യത്തെ വ്യക്തിയായി ഇതോടെ അദ്ദേഹം. സെപ്റ്റംബർ 19നാണ് നേപ്പാളിലെ ബേസ് ക്യാമ്പിൽ നിന്ന് ബാർഗിയേൽ പുറപ്പെട്ടത്. ക്യാമ്പുകൾ 1,2,3 എന്നിവയിലൂടെ സഞ്ചരിച്ചു. ക്യാമ്പ് 4ൽ നിന്ന് 21ന് വൈകിയാണ് അവസാന മുന്നേറ്റം ആരംഭിച്ചത്.
സെപ്റ്റംബർ 22ന് എവറസ്റ്റിന്റെ ഉച്ചിയിൽ തൊട്ട ബാർഗിയേൽ, അന്തരീക്ഷ ഓക്സിജന്റെ അളവ് അപകടകരമാംവിധം താഴ്ന്ന നിലയിലേക്ക് എത്തുന്ന 8,000 മീറ്ററിനു മുകളിലുള്ള മരണമേഖലയിൽ 16 മണിക്കൂറോളം ചെലവഴിച്ചു.
‘ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതത്തിന്റെ മുകളിലാണ് ഞാൻ. ഇനി സ്സീയിങ് വഴി ഇറങ്ങാൻ പോകുന്നു’ റെക്കോർഡ് ചെയ്ത് വിഡിയോയിൽ അദ്ദേഹം പറഞ്ഞു, വളരെ നേരിയ തോതിലുള്ള വായുവിൽ ശ്വാസമെടുത്തു കൊണ്ടായിരുന്നു ആ പ്രഖ്യാപനം.
സൗത്ത് കോൾ റൂട്ട് വഴി തിരിച്ചുള്ള സ്കീയിങ് ആരംഭിച്ച അദ്ദേഹം ആ രാത്രി മുഴുവൻ ക്യാമ്പ് 2ൽ തങ്ങി. തുടർന്ന് അടുത്ത ദിവസം ഇറക്കം പുനഃരാരംഭിച്ചു. സഹോദരൻ ബാർടെക് പ്രവർത്തിപ്പിച്ച ഒരു ഡ്രോണിനെ പിന്തുടർന്ന് പർവതത്തിന്റെ ഏറ്റവും അപകടകരമായ ഭാഗങ്ങളിലൊന്നായ ഖുംബു ഐസ്ഫാളിലൂടെ സഞ്ചരിച്ച് സെപ്റ്റംബർ 23ന് ബേസ് ക്യാമ്പിൽ എത്തി.
ഓക്സിജൻ ഇല്ലാതെ എവറസ്റ്റ് കൊടുമുടി കയറിയ ശേഷം തിരിച്ച് സ്കീയിങ് നടത്തുന്ന ആദ്യ വ്യക്തിയായി ഈ അവിശ്വസനീയമായ യാത്ര അദ്ദേഹത്തെ മാറ്റിയെന്ന് ബാർഗിയേലിന്റെ പിന്നിലുള്ള സംഘം പറഞ്ഞു.
എവറസ്റ്റിന്റെ ‘മരണ മേഖല’ നൂറുകണക്കിന് പർവതാരോഹകരുടെ മരണത്തിന് കാരണമായിട്ടുണ്ട്. 8,000 മീറ്ററിനു മുകളിൽ ഉയരത്തിൽ മനുഷ്യശരീരത്തിന് സമുദ്രനിരപ്പിൽ നിന്ന് ലഭ്യമായ ഓക്സിജന്റെ മൂന്നിലൊന്ന് മാത്രമേ ലഭിക്കുന്നുള്ളൂ. ഓക്സിജൻ ഇല്ലാതെ ദീർഘനേരം ചെലവഴിക്കുന്നത് തലച്ചോറിന് കേടുപാടുകൾ വരുത്തുന്നതിനോ, ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിനോ മരണത്തിനോ പോലും കാരണമാകും. ഇറക്കത്തിന് മുമ്പ് ബാർഗിയേൽ 16 മണിക്കൂർ ഈ അവസ്ഥകളെ നേരിട്ടു.
കായിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിൽ ഒന്നാണിതെന്ന് അദ്ദേഹം ഒരു പ്രസ്താവനയിൽ പറഞ്ഞു. ഓക്സിജൻ ഇല്ലാതെ എവറസ്റ്റിലേക്ക് പോവുക എന്നത് വർഷങ്ങളായി എന്റെ ഉള്ളിലുള്ള സ്വപ്നമായിരുന്നു. ബുദ്ധിമുട്ടുള്ള ശരത്കാല സാഹചര്യങ്ങളും ഖുംബു ഹിമാനിയറിലൂടെയുള്ള ഇറക്ക രേഖ ആസൂത്രണം ചെയ്യുന്നതും ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുമെന്ന് എനിക്കറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാർഗിയേലിന്റെ എവറസ്റ്റ് കയറ്റവും ഇറക്കവും ഉടനടി അന്താരാഷ്ട്ര പ്രശംസ നേടി. ‘ആകാശമാണ് പരിധി! പോളണ്ടുകാർക്ക് വേണ്ടിയല്ല! ആൻഡ്രേജ് ബാർഗിയേൽ ലോകത്തിനുവേണ്ടി എവറസ്റ്റ് കൊടുമുടിയിലേക്ക് സ്കീയിങ് നടത്തി’യെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് ‘എക്സി’ൽ എഴുതി.
തനിക്ക് ലഭിച്ച പിന്തുണക്ക് ബാർഗിയേൽ നന്ദി പറഞ്ഞു. 1988 ഏപ്രിൽ 18ന് തെക്കൻ പോളണ്ടിൽ ജനിച്ച ബാർഗിയേൽ, കുടുംബത്തിലെ പതിനൊന്ന് കുട്ടികളിൽ ഒമ്പതാമനായി വളർന്നു. ചെറുപ്പം മുതലേ അദ്ദേഹം ഊർജസ്വലനായിരുന്നു. സ്കീയിങിൽ ഏർപ്പെടുന്നതിന് മുമ്പ് വ്യത്യസ്ത കായിക വിനോദങ്ങളിൽ പരീക്ഷണം നടത്തി. അത് അദ്ദേഹത്തിന്റെ ഭാവിയെ രൂപപ്പെടുത്തി.
ലോകത്തിലെ ഏറ്റവും ധൈര്യശാലിയായ സ്കീ പർവതാരോഹകരിൽ ഒരാളായി അദ്ദേഹം പ്രശസ്തി നേടി. 2018ൽ, ലോകത്തിലെ രണ്ടാമത്തെ ഉയർന്ന കൊടുമുടിയായ കെ 2ൽ തന്റെ സ്കീകൾ ഒരിക്കൽ പോലും നീക്കം ചെയ്യാതെ സ്കീയിംഗ് നടത്തിയ ആദ്യത്തെ വ്യക്തിയായും അദ്ദേഹം റെക്കോർഡിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.