200 ദശലക്ഷം വർഷം പഴക്കമുള്ള ഉരഗ​ത്തിന്റെ അസ്ഥികൾ കണ്ടെത്തി ശാസ്ത്രജ്ഞർ

വാഷിംങ്ടൺ: 200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ദിനോസറുകൾക്ക് മുകളിൽ ഉയർന്നു പറക്കുന്ന ഉരഗ വർഗമായ ടെറോസോറിന്റെ താടിയെല്ല് അടക്കമുള്ള അസ്ഥികൾ ശാസ്ത്രജ്ഞർ കണ്ടെത്തി. 2011ൽ അരിസോണയിൽ നിന്നാണ് പുരാതന ഉരഗത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ, ആധുനിക സ്കാനിംഗ് രീതികൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇത് പുതിയൊരു ഇനത്തിൽ പെട്ടതാണെന്ന് കാണിക്കുന്ന വിശദാംശങ്ങൾ പുറത്തുവന്നു.

വാഷിങ്ടൺ ഡി.സിയിലെ സ്മിത്‌സോനിയന്റെ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം ഈ ജീവിക്ക് ‘ചാര ചിറകുള്ള പ്രഭാത ദേവത’ എന്നർത്ഥം വരുന്ന ‘ഇയോട്ടെഫ്രാഡാക്റ്റൈലസ് മസിന്റൈറേ’ എന്ന് പേരിട്ടു. പുരാതന നദീതടത്തിൽ അതിന്റെ അസ്ഥികൾ സംരക്ഷിക്കാൻ സഹായിച്ച അഗ്നിപർവ്വത ചാരവുമായി ബന്ധിപ്പിച്ച പേരാണിത്. കടൽക്കാക്കയുടെ അത്ര വലിപ്പമുള്ള ടെറോസോറിന്റെ താടിയെല്ല് 209 ദശലക്ഷം വർഷം പഴക്കമുള്ള പാറയിലാണ് സംരക്ഷിക്കപ്പെട്ടത്.

ടെറോസോറിന്റെ താടിയെല്ല് ഒരേ സ്ഥലത്തുനിന്ന് കണ്ടെത്തിയ ഫോസിൽ ശേഖരത്തിന്റെ ഒരു ഭാഗം മാത്രമാണ്. അസ്ഥികൾ, പല്ലുകൾ, മത്സ്യ ചെതുമ്പലുകൾ, ഫോസിലൈസ് ചെയ്ത പൂവ് (കോപ്രൊലൈറ്റുകൾ എന്നും അറിയപ്പെടുന്നു) എന്നിവ ഇതിൽ ഉൾപ്പെടുന്നു.


ഈ പുരാതന നദീ നിക്ഷേപങ്ങളിലെ ടെറോസോറിന്റെ അസ്ഥികളെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ട്രയാസിക് പാറകളിൽ സമാനമായ മറ്റ് നിക്ഷേപങ്ങൾ സംരക്ഷിക്കാൻ സാധ്യതയുണ്ടെന്ന് ഡോ. ക്ലിഗ്മാൻ പറഞ്ഞു.

അരിസോണയിലെ പെട്രിഫൈഡ് ഫോറസ്റ്റ് നാഷനൽ പാർക്കിലാണ് പുരാതന അസ്ഥികൂടം സൂക്ഷിച്ചിരിക്കുന്നത്. കടൽക്കാക്കയുടെ വലിപ്പമുള്ള ചിറകുള്ള ഉരഗങ്ങൾ എന്ത് കഴിച്ചിരിക്കുമെന്നതിനെക്കുറിച്ചുള്ള സൂചനകളും ടെറോസോറിന്റെ പല്ലുകളെ സംബന്ധിച്ചുള്ള പഠനം നൽകുന്നു.

‘അവയുടെ അഗ്രഭാഗത്ത് അസാധാരണമാംവിധം ഉയർന്ന തോതിൽ തേയ്മാനം ഉണ്ട്. ഈ ടെറോസോർ കഠിനമായ ശരീരഭാഗങ്ങളുള്ള എന്തോ ഒന്ന് ഭക്ഷിച്ചിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നുവെന്ന് ഡോ. ക്ലിഗ്മാൻ വിശദീകരിച്ചു.

ഭക്ഷണമാക്കാൻ ഏറ്റവും സാധ്യതയുള്ള ഇര, ചെതുമ്പൽ കൊണ്ട് പൊതിഞ്ഞ പ്രാകൃത മത്സ്യങ്ങളാകാമെന്നും അദ്ദേഹം പറഞ്ഞു. ഭീമൻ ഉഭയജീവികളും പുരാതന മുതല വർഗങ്ങളും ഉൾപ്പെടെ വംശനാശം സംഭവിച്ച മൃഗങ്ങളുടെ കൂട്ടങ്ങൾ ഇന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുന്ന തവളകളും ആമകളും ഉൾപ്പെടെയുള്ളവക്കൊപ്പം ഒന്നിച്ച് വസിച്ചിരുന്ന ഒരു ആവാസ വ്യവസ്ഥയുടെ സൂചനകൾ ഈ ഫോസിലുകൾ നൽകുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.

Tags:    
News Summary - 200 million year-old jawbone revealed as new species

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.