ഇന്തോനേഷ്യയിൽ പേമാരിയും പ്രളവും:15 മരണം; 10 പേരെ കാണാതായി

ജക്കാർത്ത: ഇന്തോനേഷ്യയുടെ വിനോദ സഞ്ചാര ദ്വീപായ ബാലിയിലും നുസ ടെങ്കാര പ്രവിശ്യയിലും പേമാരിയെ തുടർന്ന് കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. പ്രളയത്തിൽ മരിച്ച 15 പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. 10 ​​പേരെ കാണാതായതായി അധികൃതർ അറിയിച്ചു. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവിടെ മഴ ശക്തമായത്. സെപ്റ്റംബർ മുതൽ മാർച്ചു വരെയുള്ള കനത്ത മഴ ഇന്തോനേഷ്യയിലുടനീളം മണ്ണിടിച്ചിൽ അടക്കമുള്ള നാശ നഷ്‍ടങ്ങൾക്കിടയാക്കുന്നത് പതിവായിരിക്കുകയാണ്.

ബാലിയിൽ നിന്ന് രക്ഷാപ്രവർത്തകർ എട്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മൗപോംഗോ ഗ്രാമത്തിൽ ചെളിയിൽ കുടുങ്ങിയ ഒരു അമ്മയുടെയും കുട്ടിയുടെയും കിഴക്കൻ നുസ ടെങ്കാരയിലെ നാഗെകിയോ ജില്ലയിലെ അയൽ ഗ്രാമമായ ലോക ലാബയിൽ ഒരു പുരുഷന്റെയും മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തതായി അധികൃതർ പറഞ്ഞു.

മൗപോംഗോ ഗ്രാമത്തിൽ വീട് ഒലിച്ചുപോയതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. നാലു പേരെ കാണാതാവുകയും ചെയ്തു.  

കനത്ത പ്രളയത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലയിടങ്ങളിലും വൈദ്യുതിയും വെള്ളവും നിലച്ചു. ആശുപത്രികളും ഹോട്ടലുകളും മറ്റ് പൊതു സൗകര്യങ്ങളും ജനററേറ്ററിലാണ് പ്രവർത്തിക്കുന്നത്. നഗേക്കോ പ്രവിശ്യയിൽ ഗ്രാമങ്ങളും റോഡുകളും വാഹനങ്ങളും ഒഴുകി​പ്പോയതായി അധികൃതർ പറഞ്ഞു.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തന ശ്രമങ്ങളെ ബാധിക്കുന്നതായാണ് റിപ്പോർട്ട്. നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി പുറത്തുവിട്ട വിഡിയോകളിൽ കാറുകൾ ചെളിവെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കാണാം. വെള്ളപ്പൊക്കത്തിൽ വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകളിൽ കയറാൻ നിർബന്ധിതരായ കുട്ടികളെയും പ്രായമായവരെയും സൈനികരും രക്ഷാപ്രവർത്തകരും റബ്ബർ ബോട്ടുകളിൽ രക്ഷപ്പെടുത്തുന്നതും കാണാം. 

Tags:    
News Summary - 15 dead in flash floods in Indonesia; 10 missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.